തിരയുക

കര്‍ദ്ദിനാള്‍ ലക്രോയ് (ഇടത്ത്) കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി (മദ്ധ്യത്തില്‍) എന്നിവര്‍  പാപ്പായ്ക്കൊപ്പം കര്‍ദ്ദിനാള്‍ ലക്രോയ് (ഇടത്ത്) കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി (മദ്ധ്യത്തില്‍) എന്നിവര്‍ പാപ്പായ്ക്കൊപ്പം 

പാവങ്ങളോടു പ്രതിബദ്ധതയുള്ള യുവതലമുറയെ വളര്‍ത്താം!

വത്തിക്കാനില്‍ അരങ്ങേറുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ ഒക്ടോബര്‍ 11-ന്‍റെ വാര്‍ത്താസമ്മേളനത്തില്‍നിന്നുമുള്ള പ്രസ്താവനകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട ജീവിതതിരഞ്ഞെടുപ്പുകള്‍
ജീവിതതിരഞ്ഞെടുപ്പും ദൈവവിളിയും ലാബില്‍ ഒരുക്കുന്നതല്ല, സമൂഹങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടതാണെന്ന് കാനഡിയിലെ ക്യൂബക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജരാള്‍ഡ് ലക്രോയി പ്രസ്താവിച്ചു. യുവജനങ്ങള്‍ക്കായുള്ള സിനഡുസമ്മേളനത്തിന്‍റെ 8-Ɔമത് പൊതുസമ്മേളനത്തില്‍ (General Congregaion) ഉയര്‍ന്ന ചര്‍ച്ചകളെ ആധാരമാക്കി ഒക്ടോബര്‍ 11-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്മാരുടെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ലക്രോയ് ഇങ്ങനെ പ്രസ്താവിച്ചത്.

വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, പ്രഫസര്‍ പാവുളോ റുഫീനി വാര്‍ത്താസമ്മേളനത്തിന് നേതൃത്വംനല്കി. സിനഡിന്‍റെ അടിസ്ഥാനരേഖയുടെ പഠനത്തിന്‍റെ മദ്ധ്യഘട്ടത്തില്‍, വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും എന്ന ചര്‍ച്ചയിലാണ് ജീവിതതിരഞ്ഞെടുപ്പുകളെക്കുറിച്ചും ദൈവവിളിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സിനഡില്‍ നടന്നത്, കര്‍ദ്ദിനാള്‍ ലക്രോയ് ആമുഖമായി വിവരിച്ചു.

പരസ്പരബന്ധങ്ങള്‍ സമ്പന്നമാക്കുന്ന തിരഞ്ഞെടുപ്പുകള്‍
ജീവിതതിരഞ്ഞെടുപ്പകളെ സംബന്ധിച്ച് നവമായ കാഴ്ചപ്പാടു വേണം എന്ന അഭിപ്രായം സിനഡിലെ ചര്‍ച്ചകളില്‍ പൊതുവെ പൊന്തിവന്നു. മുതിര്‍ന്നവരും യുവജനങ്ങളും തമ്മിലുള്ള തുറവുള്ള സംവാദം വളരെ പ്രധാനപ്പെട്ടതാണ്. ദൈവവിളിയും വ്യക്തിഗത ജീവിതതിരഞ്ഞെടുപ്പുകളും സമൂഹത്തിന്‍റെ തുറസ്സായ ജീവിതപരിസരങ്ങളുടെയും സാഹചര്യങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളില്‍ വളരേണ്ടതാണ്. അവ കുടുംബത്തിലെയും സമൂഹത്തിലെയും പരസ്പര ബന്ധങ്ങളാല്‍ സമ്പന്നമാക്കപ്പെടേണ്ടതാണ് യുവജനങ്ങളുടെ ജീവിതം. അങ്ങനെ സഹജീവിപരമായി അല്ലെങ്കില്‍ ഒരു symbiotic ശൈലിയില്‍ അനുദിന ജീവിതത്തിലൂടെ വളരേണ്ടതാണ്. യുവജനങ്ങള്‍ സമൂഹങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്തുന്നതിലൂടെയായിരിക്കും അവരുടെ ജീവിതതിരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നത്. കര്‍ദ്ദിനാള്‍ ലക്രോയ് വിശദീകരിച്ചു.

പാവങ്ങളോടു പ്രതിബദ്ധതയുള്ള യുവത്വം
നവയുഗത്തിലെ തലമുറയ്ക്ക് രക്ഷയുടെ ചരിത്രം മനസ്സാലിക്കിക്കൊടുക്കാന്‍ ആകര്‍ഷകമായ ശൈലിയും അതിന് ഉതകുന്ന ബോധ്യങ്ങളും കൈക്കൊള്ളേണ്ടിയിരിക്കുന്നു. അതുപോലെ ഏറെ പ്രധാപ്പെട്ടൊരു ബോധ്യം ക്രൈസ്തവ യുവജനങ്ങള്‍ക്കു നല്കേണ്ടത് പാവങ്ങളോടുള്ള പ്രതിബദ്ധതയാണ്. പാവങ്ങളോടു സ്നേഹമില്ലെങ്കില്‍ ക്രൈസ്തവ ദൈവവിളിക്ക് അര്‍ത്ഥമില്ല. ക്രിസ്തീയ ജീവിതത്തിന്‍റെ സവിശേഷത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം, പ്രത്യേകിച്ച് പാവങ്ങളും പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ ഉള്‍ക്കൊള്ളുന്ന കര്‍ദ്ദിനാള്‍ ലക്രോസ് വ്യക്തമാക്കി. അതിനാല്‍ സഭാ സമൂഹം പാവങ്ങളായ യുവജനങ്ങളുമായി  ബന്ധപ്പെടുകയും കൂട്ടായ്മയിലൂടെ ക്രിസ്തുവിനെ അനുഗമിക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടതുമാണ്. അതിനാല്‍ വ്യക്തിതാല്പര്യങ്ങള്‍ക്കുമപ്പുറം സാമൂഹ്യനീതിയും മനുഷ്യാവകാശവും കേന്ദ്രീകരിച്ചുള്ളൊരു വിശ്വാസസംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കണം. ആരെയും അകറ്റിനിര്‍ത്താതെ എല്ലാവരെയും ആശ്ലേഷിക്കുന്ന പ്രത്യേകിച്ച സമൂഹത്തിലെ പാവങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്ക്കാരം ക്രിസ്തീയതയുടെ ഭാഗമായിരിക്കണമെന്ന ചിന്ത സിനഡില്‍ ശക്തമായി പൊന്തിവന്നു. കര്‍ദ്ദിനാള്‍ ലാക്രോയ് വിശദമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2018, 09:18