തിരയുക

Vatican News
വാര്‍ത്താസമ്മേളനം - കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താസമ്മേളനം - കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് 

ജീവിത തിരഞ്ഞെടുപ്പിന്‍റെ നവീനത പുനരാവിഷ്ക്കരിക്കണം

സിന‍ഡിന്‍റെ 6-Ɔο ദിനം സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍ക്കുശേഷം വത്തിക്കാന്‍റെ പ്രസ്സ് ഓഫീസില്‍ ഒക്ടോബര്‍ 9 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുംബൈ അതിരൂപതാദ്ധ്യക്ഷനും ഭാരതത്തിലെ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നല്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങള്‍ക്കു നല്കേണ്ട ആത്മീയ പിന്‍തുണ

യുവജനങ്ങള്‍ക്ക് അവരുടെ ക്രൈസ്തവ തിരഞ്ഞെടുപ്പിന്‍റെ പുതുമ അനുഭവിക്കാന്‍ എന്നും ആഗ്രഹിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ജീവിത തിരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളെ നിരന്തരമായി തുണയ്ക്കാന്‍ സഭയിലെ അജപാലകര്‍ക്ക് സാധിക്കണം. അങ്ങനെ ലഭിച്ച സഹായങ്ങളും ആത്മീയപിന്‍തുണയും വഴി ജീവിതവിജയം നേടിയ യുവജനങ്ങള്‍ അവരുടെ സാക്ഷ്യം സമ്മേളനത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. വിവിധ ചര്‍ച്ചകളി‍ല്‍ ഉയര്‍ന്നുവന്ന ആത്മീയപിന്‍തുണയുടെ സ്പഷ്ടമായ രൂപങ്ങളില്‍ പ്രധാനമായത് അനുരജ്ഞനത്തിന്‍റെ കൂദാശയാണ്. അനുതാപത്തിന്‍റെ വേദിയില്‍ യുവജനങ്ങളെ ക്ഷമയോടെ ശ്രവിക്കാന്‍ വൈദികര്‍ സന്നദ്ധരാവണമെന്ന അഭിപ്രായം കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. അവരുടെ ജീവിതത്തിന്‍റെ സുഖകരമായ സുരക്ഷിതത്ത്വത്തില്‍നിന്ന് പുറത്തുവരാനും, ജീവിതതിരഞ്ഞെടുപ്പുകളെ വിശ്വസ്തയോടെ മുന്നോട്ടു കൊണ്ടുപോകാനും ഈ ആത്മീയപിന്‍തുണ സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.

ആത്മീയസ്രോതസ്സുകളില്‍നിന്നും കരുത്താര്‍ജ്ജിക്കാം
ഇന്നു യുവലോകത്തു ധാരാളമായി കാണുന്ന അസ്വസ്ഥതയ്ക്ക് പൂര്‍ണ്ണമായും പ്രതിവിധി കണ്ടെത്തുക മാനുഷികമായ കഴിവുകള്‍ക്ക് അതീതമാണ്. അവ മാനുഷിക മാദ്ധ്യസ്ഥതയില്‍ തീര്‍ക്കാവുന്നതല്ല. മറിച്ച് ആത്മീയവും ദൈവികവുമായ കരുത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അനുരഞ്ജനത്തിന്‍റെ കൂദാശ (കുമ്പസാരം) പരിശുദ്ധകുര്‍ബ്ബാന - എന്നീ ആത്മീയ സ്രോതസ്സുക്കളിലൂടെ യുവജനങ്ങളുടെ ആലസ്യങ്ങളെ ശമിപ്പിക്കുവാന്‍ സാധിക്കുമെന്ന്, സിനഡു സമ്മേളനത്തിന്‍റെ ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായപ്രകടനങ്ങളുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി. സിനഡിന്‍റെ ആധാരരേഖ (Instrumentum Laboris) ചൂണ്ടിക്കാണിക്കുന്നതുപോലെ പ്രാര്‍ത്ഥനയിലും, ദിവ്യകാരുണ്യ ആരാധനയിലും യുവജനങ്ങള്‍ നിര്‍ബന്ധമായും കണ്ടുമുട്ടേണ്ട അവരുടെ സ്നേഹിതനാണ് ഉത്ഥിതനായ ക്രിസ്തു!

വിവാഹത്തിനുശേഷവും തുടരേണ്ട ആത്മീയ പിന്‍തുണ
വിവാഹത്തിന് ഒരുങ്ങുന്ന അവസരങ്ങളിലെന്നപോലെ, വിവാഹശേഷവും ഈ ബോധ്യങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാനും നിലനിര്‍ത്താനും അജപാലകര്‍ യുവജനങ്ങളെ സഹായിക്കേണ്ടതാണെന്ന് സിനഡിന്‍റെ ആധാരരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂട്ടത്തില്‍ അംഗവൈകല്യങ്ങളുള്ള യുവജനങ്ങളെയും പ്രത്യേകമായി ആത്മീയതയുടെ ഈ തലങ്ങളില്‍ സഹായിക്കണമെന്നുള്ള  ആശയം ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതിനെക്കുറിച്ചു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പരാമര്‍ശിച്ചു.

സഭയില്‍നിന്നും അകലുന്നവര്‍
യുവജങ്ങള്‍ക്ക് സഭാപക്ഷത്തുനിന്നും ചിലപ്പോഴെങ്കിലും നേരിടേണ്ടിവരുന്ന തെറ്റായ നിര്‍ദ്ദേശങ്ങളും ഉതപ്പുകളും അവരെ സഭയില്‍നിന്ന് അകറ്റുകതന്നെ ചെയ്യും. അവര്‍ അകന്നുപോകുന്നതുപോലെ സഭയും മെല്ലെ അവരില്‍നിന്നും അകലുന്ന അനുഭവമുണ്ടാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും അജപാലകര്‍ ശ്രദ്ധയോടെ ഇല്ലാതാക്കേണ്ടതാണ്. കാരണം സഭ വിട്ട് വികലമായ രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ വ്യാപരിക്കുന്ന യുവജനങ്ങള്‍ ഇന്ന് നിരവധിയാണ്.

ക്രൈസ്തവര്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ യുവജനങ്ങള്‍ ബോധ്യത്തോടെ ജീവിച്ച് പ്രതിസന്ധികള്‍ക്കിടയിലും പ്രകാശപൂര്‍ണ്ണമായ സാക്ഷ്യവും പതറാത്ത വിശ്വാസവും ജീവിക്കുന്നതും, പ്രകടമാക്കിയിട്ടുള്ളതും സിനഡിന്‍റെ പങ്കുവയ്ക്കലില്‍ വെളിപ്പെട്ടുകിട്ടയത്
ഏറെ പ്രചോദനാത്മകവും പ്രോത്സാഹജനകവുമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സാക്ഷ്യപ്പെടുത്തി.

ഏഷ്യന്‍സഭയുടെ  പ്രതിനിധി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
സിന‍ഡിന്‍റെ ഫലപ്രാപ്തിയാകേണ്ട പ്രമാണരേഖയ്ക്കുള്ള കമ്മിഷന്‍ അംഗങ്ങളെ 6-Ɔമത്തെ പൊതുസമ്മേളനം തിരഞ്ഞെടുത്തു. വിവിധ ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളെയാണ് പൊതുവേദിയില്‍ വേട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്. അഫ്രിക്കയുടെ പ്രതിനിധി, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണാണ്. അമേരിക്കയ്ക്കുവേണ്ടി മെക്സിക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ കാര്‍ളോ അഗ്വാര്‍ റേത്തെസും, ഏഷ്യയ്ക്കുവേണ്ടി മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിനുവേണ്ടി ഇറ്റലിയിലെ കിയേത്തി-വാസ്തോ അതിരൂപതയുടെ മെത്രാപ്പോലീത്ത ബ്രൂണോ ഫോര്‍ത്തെയും ആസ്ത്രേലിയ-ഓഷാനിയ പ്രവിശ്യയ്ക്കുവേണ്ടി മെല്‍ബോണ്‍ അതിരൂപതാദ്ധ്യക്ഷന്‍, പീറ്റര്‍ ആന്‍‍ഡ്രൂ കൊമെന്‍സോളും തിരഞ്ഞെടുക്കപ്പെട്ടു.
ഈ അറിയിപ്പോടെയാണ് സിനഡിന്‍റെ ‘പ്രസ്സ് മീറ്റ്’ സമാപിച്ചത്.   മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ക്രമീകരിച്ചത്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ്.

10 October 2018, 20:25