തിരയുക

Vatican News
ദീപാര്‍ച്ചന ദീപാര്‍ച്ചന   (AFP or licensors)

ദീപാവലിനാളില്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ സൗഹൃദസന്ദേശം

നവംബര്‍ 7, കാര്‍ത്തിക മാസം 15-Ɔο തിയതി, ദീപാവലി മഹോത്സവം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഭാരതത്തിലെ സഹോദരങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ദീപാവലിസന്ദേശം താഴെ ചേര്‍ക്കുന്നു. കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് മിഗുവേല്‍ എയ്ഞ്ചലാണ് സന്ദേശം പ്രസിദ്ധപ്പെടുത്തിയത്.

പാവങ്ങളെ തുണയ്ക്കാന്‍ മതഭിന്നതകള്‍ മറക്കാം!
സമൂഹത്തിലെ വ്രണിതാക്കളെയും വയോജനങ്ങളെയും പാവങ്ങളെയും കുടിയേറ്റക്കാരെയും പിന്‍തുണയ്ക്കുക എന്നത് ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ കൈകോര്‍ത്തു ചെയ്യാവുന്നതാണ്. മതപരവും, സാംസ്ക്കാരികവും, ഭാഷാപരവുമായ ഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നവരോട്, പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായി ജീവിക്കുന്ന സ്ത്രീകളെയും കുട്ടികളെയുംകൂടി ചേര്‍ത്താല്‍ ക്ലേശകരമായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ ഭാരതത്തില്‍ ആയിരങ്ങളാണ്. മാനവികതയുടെ ക്ലേശപൂര്‍ണ്ണമായ സാഹചര്യങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുന്നവരെ സഹായിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്ത്വം മതങ്ങള്‍ക്കുണ്ട്. അതിനാല്‍ മതത്തിന്‍റെ പേരില്‍ നിസംഗരായി മാറിനില്ക്കാതെ ഹൈന്ദവ സഹോദരങ്ങളും ക്രൈസ്തവരും ഒത്തുചേര്‍ന്നാല്‍ സമൂഹത്തിലെ വ്രണിതാക്കളുടെ ആത്മീയവും ശാരീരികവുമായ മുറിവുണക്കാന്‍ സാധിക്കും. മാനിവകതയുടെ പേരില്‍ വ്യത്യാസങ്ങള്‍ മറന്ന് ഒരുമയോടെ എവിടെയും എന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് ദീപങ്ങളുടെ ഉത്സവനാളില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

എല്ലാമതസ്ഥരും ദൈവമക്കളും തുല്യാന്തസ്സുള്ളവരും
ഏതു മതത്തില്‍പ്പെട്ടവരായാലും നാം ദൈവത്തിന്‍റെ സൃഷ്ടികളും അതിനാല്‍ ദൈവമക്കളും തുല്യാന്തസ്സുള്ളവരുമാണ്. നമ്മെപ്പോലെ ആവശ്യത്തില്‍ ആയിരിക്കുന്നവരാണ് സകലരും. ഈ ധാര്‍മ്മിക ബോധ്യമാണ് സമൂഹത്തിലെ പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി നിലകൊള്ളാനും, വ്രണിതാക്കളുടെ മുറിവുണക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള പ്രചോദനം മതസമൂഹങ്ങള്‍ക്ക് നല്കേണ്ടതും. മറ്റുള്ളവരെപ്പോലെ നാമും മുറിപ്പെട്ടവരും പ്രതിസന്ധികളെ നേരിടുന്നവരുമാണ് എന്ന ആരോഗ്യകരമായ ചിന്തയാല്‍ പ്രേരിതരായി തുല്യാന്തസ്സും അവകാശവുമുള്ള നമ്മുടെ സഹോദരങ്ങളെ സ്വതന്ത്രരാക്കാന്‍ അടിയന്തിരമായും, മതത്തിന്‍റെ വിഭാഗീയതകള്‍ക്ക് അതീതമായി ദൈവനാമത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ സന്നദ്ധരാവാം. എളിയവരെ തുണയ്ക്കുന്നതുവഴി നാം അവരുടെ അവകാശങ്ങള്‍ വീണ്ടെടുക്കുകയും, മനുഷ്യാന്തസ്സ് പുനര്‍സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

ഇനിയും മതിയാവാത്ത ഉപവിപ്രവര്‍ത്തനങ്ങള്‍
പീഡിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ദാരിദ്ര്യത്താല്‍ ക്ലേശിക്കുന്നവര്‍ക്കുമായി ഇന്ന് ലോകത്ത് എവിടെയും വ്യക്തികളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും ചെയ്യുന്ന നന്മകള്‍ സ്തുത്യര്‍ഹമാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന വ്രണിതാക്കളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇന്ന് ആഗോള വ്യാപകമായി നടക്കുന്ന ഉപവി പ്രവര്‍ത്തനങ്ങള്‍ സമുദ്രത്തിലെ ജലത്തുള്ളികള്‍പോലെ നിസ്സാരവുമാണ്. അതിനാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവത്തോടെ നമ്മുടെ ഹൃദയകവാടങ്ങള്‍ പാവങ്ങള്‍ക്കായ് തുറന്നുകൊണ്ട് അവരെ സുഹൃത്തുക്കളും സഹോദരങ്ങളും സമൂഹത്തിന്‍റെ ഭാഗവുമായി ഉള്‍ക്കൊള്ളേണ്ടതാണ് (നവംബര്‍ 18, 2018, പാവങ്ങള്‍ക്കായുള്ള ആഗോളദിനത്തില്‍ International Day of the Poor പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം).

പാവങ്ങളെ തുണയ്ക്കുന്ന സംസ്കൃതി വളര്‍ത്താം!
ഒരു ജനതയുടെ സാംസ്ക്കാരികത നാം അളക്കേണ്ടത് കൂട്ടത്തില്‍ എളിയവരോടു കാണിക്കുന്ന സാന്ത്വനത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും തോതനുസരിച്ചാണ്. പാവങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുക മാത്രമല്ല, സമൂഹത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ അവരെ എത്തിക്കാനും സ്വയംപര്യാപ്തത നേടിക്കൊടുക്കാനും നമുക്ക് കടപ്പാടുണ്ട്. മാത്രമല്ല, സമൂഹത്തില്‍ എളിയവരെ തുണയ്ക്കുകയും കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യുന്ന ഒരു സംസ്ക്കാരംതന്നെ വളര്‍ത്തിയെടുക്കേണ്ടതാണ്. പാവങ്ങളും എളിയവരുമായ സകലരോട് സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത്വപ്പെട്ടവര്‍ ആര്‍ദ്രതയും അനുകമ്പയുമുള്ള മുഖവും ഹൃദയവുമാണ് കാണിക്കേണ്ടത്. നമ്മുടെ ഔദാര്യം പ്രതീകാത്മകമായി ചുരുങ്ങിപ്പോകരുത്. മറിച്ച് ദൈവം നമ്മോടു കാണിക്കുന്ന അനന്തമായ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിഫലനമാക്കി അതിനെ മാറ്റേണ്ടതാണ്.

ദീപാവലി ആശംസകളോടെ....!
മഹത്തായ ആത്മീയ പാരമ്പര്യങ്ങളുള്ള ഭാരതീയരായ നമുക്ക് എളിയവരും വ്രണിതാക്കളുമായവരുടെ വേദനയാറ്റാന്‍ സന്മനസ്സോടും സന്തോഷത്തോടുംകൂടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം! ഏവര്‍ക്കും ആനന്ദദായകമായ ദീപാവലിമഹോത്സവം നേരുന്നു!
.......................
മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി,
ബിഷപ്പ് മിഗുവേല്‍ എയ്ഞ്ചല്‍31 October 2018, 17:24