തിരയുക

ഊഞ്ഞാലാടുന്ന കുട്ടികള്‍ ഊഞ്ഞാലാടുന്ന കുട്ടികള്‍ 

കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെ‌ടണം

ഓരോ തലമുറയ്ക്കും സമ്മാനിക്കപ്പെടുന്ന അനര്‍ഘനിധിയാണ് കുഞ്ഞുങ്ങള്‍- ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സകല കുട്ടികള്‍ക്കും അവരുടെ മൗലികാവകശങ്ങള്‍ നൈയമികമായി ഉറപ്പാക്കപ്പെടണമെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക് പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് പരിശുദ്ധസിംഹാനസത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം കുഞ്ഞുങ്ങളുടെ അവകാശങ്ങളുടെ പരിപോഷണത്തെയും സംരക്ഷണത്തെയും അധികരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസസമ്മേളനത്തിന്‍റെ ഈ മാസം 9-11 (09-11/10/18)  വരെ ചേര്‍ന്ന  എഴുപത്തിമൂന്നാം യോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

ഒരോ തലമുറയ്ക്കും നല്കപ്പെടുന്ന അനര്‍ഘനിധിയായ കുഞ്ഞുങ്ങളുടെ ആവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയ ശ്ലാഘനീയമായ ഒരുപാധിയായിട്ടാണ് പരിശുദ്ധ സിംഹാസനം കുട്ടികളുടെ അവകാശ പത്രികയെ കണക്കാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബമാണ് സമൂഹത്തിന്‍റെ പ്രഥമവും മൗലികവുമായ കോശം  എന്ന ആശയം ആവര്‍ത്തിച്ച ആര്‍ച്ച്ബിഷപ്പ് ഔത്സ സമൂഹം കെട്ടിപ്പടുക്കുന്നതിലും അതിന്‍റെ  വളര്‍ച്ചയിലും കുടുംബത്തിനുള്ള  അദ്വിതീയ ദൗത്യം എടുത്തുകാട്ടി.

കുടുംബത്തില്‍ നവജീവന്‍ ജന്മംകൊള്ളുക മാത്രമല്ല സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നും അതിന്‍റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം പ്രഥമവും പ്രധാനവുമായ മാതാപിതാക്കളില്‍ നിക്ഷിപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2018, 13:25