തിരയുക

Vatican News
യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ 

പരിസ്ഥിതി സംരക്ഷണത്തിന് ആഗോള ഉടമ്പടി വേണമെന്ന് വത്തിക്കാന്‍

ന്യൂയോര്‍ക്ക്, സെപ്തംബര്‍ 8 ശനി : പരിസ്ഥിതി സംരക്ഷണത്തിനായി ഒരു ആഗോള ഉടമ്പടി ഉണ്ടാക്കണമെന്ന് വത്തിക്കാന്‍റെ യുഎന്നിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ അഭിപ്രായ പ്രകടനം നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 5-മുതല്‍ 8-വരെ തിയതികളില്‍ ഐക്യാരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടന്ന പരിസ്ഥിതി സംബന്ധിച്ച ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ അഭിപ്രായവും നിലപാടും വ്യക്തമാക്കിയത്.

പരിസ്ഥിതി സംരക്ഷണം അടിയന്തിരമാണ്. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ഇന്നത്തെ ആഗോളസമൂഹത്തിന്‍റെ വെല്ലുവിളിയാണ്. പരിസ്ഥിതി സംബന്ധിയായ പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം Laudato Si’!  അങ്ങേയ്ക്കു സ്തുതി!-യെ ഉദ്ധരിച്ചുകൊണ്ടു ആര്‍ച്ചുബിഷപ്പ് ഔസാ പറഞ്ഞു.  ഭൂമിയുടെ സമഗ്രമായ സംരക്ഷണവും, സുസ്ഥിതി വികസനവും യാഥാര്‍ത്ഥ്യമാക്കാന്‍ മാനവകുടുംബം മുഴുവനും കൈകോര്‍ക്കണം. അതിന് ഏകപോംവഴി ഒരു ആഗോള ഉടമ്പടിയുടെ നിര്‍മ്മിതിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇന്ന് ആഗോളതലത്തില്‍ നടപ്പിലാക്കിയിട്ടുള്ള രാജ്യാന്തര പാരിസ്ഥിതിക നിയമങ്ങളുടെയും അതുമായ ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ദേശിയ പ്രാദേശിയ സംഘടകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു പാരിസ്ഥിതിക ആഗോള ഉടമ്പടി പ്രായോഗികമാണെന്നും, പ്രവര്‍ത്തന സജ്ജമാക്കാവുന്നതുമാണെന്ന് ആര്‍ച്ചചുബിഷപ്പ് ഓസാ സമ്മേളനത്തെ ധരിപ്പിച്ചു.

ആഗോളവത്കൃത ലോകത്ത് പരസ്പരാശ്രിതത്ത്വം വര്‍ദ്ധിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ ജീവിതരീതിയും നിര്‍മൃതിയും, ഉപഭോക്തൃരീതികളും അതിനനുസൃതമായി ക്രമീകരിക്കപ്പെടുകയാണ്. എങ്കില്‍ മാനവികതുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനുവേണ്ട ഒരു ആഗോള പദ്ധതി രൂപീകരിക്കാന്‍ വൈകിയിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി.

09 September 2018, 13:00