വിനോദസഞ്ചാരികള്‍-ഫ്രാന്‍സില്‍ നിന്നുള്ള ദൃശ്യം വിനോദസഞ്ചാരികള്‍-ഫ്രാന്‍സില്‍ നിന്നുള്ള ദൃശ്യം 

ഭൗമിക-അഭൗമിക മാനങ്ങളിലേക്കു തുറക്കുന്ന വിനോദസഞ്ചാരം

വിനോദസഞ്ചാരത്തിന്‍റെ എല്ലാരൂപങ്ങളിലും വന്‍ പരിവര്‍ത്തനങ്ങള്‍ ഉളവാക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യവ്യക്തിയുടെ ഭൗമിക-അഭൗമിക മാനങ്ങളിലുള്ള വളര്‍ച്ചയ്ക്ക് അവസരങ്ങളും സമയവും നല്കുമ്പോള്‍ വിനോദസഞ്ചാരം മൂല്യങ്ങളുടെയും ആശയങ്ങളുടെയും   കാര്യക്ഷമമായ ഉപാധിയായി പരിണമിക്കുന്നുവെന്ന് സമഗ്രമാനവവികസനത്തിനായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ (Peter Kodwo Appiah Turkson).

“വിനോദസഞ്ചാരവും ഡിജിറ്റല്‍ രൂപാന്തരീകരണവും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന, ഇക്കൊല്ലം സെപ്റ്റംബര്‍ 27 ന് ആചരിക്കപ്പെടുന്ന, ലോക വിനോദസഞ്ചാരദിനത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ  പ്രസ്താവന ഉള്ളത്.

ജൂലൈ 26 ന് തയ്യാറാക്കിയ ഈ സന്ദേശം ശനിയാഴ്ച (04/08/18)യാണ് പരസ്യപ്പെടുത്തപ്പെട്ടത്.

മനുഷ്യവ്യക്തിയുടെ രണ്ടുമാനങ്ങളില്‍ അഭൗമികമാനം ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള തുറവും ഭൗമിക മാനം സഹജീവികളുമായുള്ള കൂടിക്കാഴ്ചയും പ്രകൃതിയുമായുള്ള ബന്ധവുമാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശദീകരിക്കുന്നു.

വിശ്രമിക്കുകയും അവധിക്കാലം ചിലവിടുകയും സഞ്ചരിക്കുകയും ചെയ്യുന്ന രീതികളിലും വിനോദസഞ്ചാരത്തിന്‍റെ എല്ലാരൂപങ്ങളിലും വന്‍ പരിവര്‍ത്തനങ്ങള്‍ ഉളവാക്കിക്കൊണ്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യ നമ്മുടെ കാലഘട്ടത്തെ രൂപാന്തരപ്പെടുത്തിയിരിക്കയാണെന്ന് അദ്ദഹം പറയുന്നു.

എവിടെയും സമ്പര്‍ക്ക സാധ്യതകള്‍ ഉപരിവസ്തൃതമാക്കിക്കൊണ്ടും, അങ്ങനെ, ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും ലോകവീക്ഷണങ്ങളുടെയും വിവിധങ്ങളും ബഹുമുഖങ്ങളുമായ സമ്പന്നതകള്‍ പ്രകടമാക്കാനും തുലനംചെയ്യാനും അനുവദിച്ചുകൊണ്ടും വിവരവിനിമയം സാധ്യമാക്കിക്കൊണ്ടും നവ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യക്തികളുടെ സാമൂഹ്യ ജീവിതത്തിലും വ്യക്തിബന്ധങ്ങളും തൊഴിലും ആരോഗ്യവും സംവേദനരീതിയും മനസ്സിലാക്കുന്നതിലും വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അനുസ്മരിക്കുന്നു.

നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ലക്ഷ്യം സാകല്യസംസ്കൃതി പരിപോഷിപ്പിക്കുകയും വിഭവങ്ങള്‍ ബുദ്ധിപൂര്‍വ്വകവും സന്തുലിതവുമായി കൈകാര്യം ചെയ്യുന്നതില്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും ഭാഗഭാഗിത്വം വര്‍ദ്ധമാനമാക്കുകയുമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2018, 13:10