തിരയുക

പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഗ്രെഗ് ബര്‍ക്ക് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഗ്രെഗ് ബര്‍ക്ക് 

പാപ്പായുടെ കത്ത് ഓരോ വ്യക്തിക്കുമുള്ളത്

ലൈംഗികപീഢനത്തിനിരകളായവരുടെ ഔന്നത്യത്തിനേറ്റ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല ......

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (20/08/18) പുറപ്പെടുവിച്ച കത്ത് സഭയിലെ ഓരോ അംഗത്തിനുമുള്ളതാണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബര്‍ക്ക്.

പൗരോഹിത്യം സ്വീകരിച്ചവരും സമര്‍പ്പിതരുമായ ചിലര്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചത് പാപം മാത്രമല്ല കുറ്റകൃത്യവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടും മാപ്പപേക്ഷിച്ചു കൊണ്ടും പാപ്പാ ദൈവജനത്തിന് എഴുതിയ കത്തിനെ അധികരിച്ച് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

ഈ കത്ത് അയര്‍ലണ്ടിനെ സംബന്ധിച്ചതാണ്, അമേരിക്കന്‍ ഐക്യനാടുകളെ സംബന്ധിച്ചതാണ്, ചിലിയെ സംബന്ധിച്ചതാണ്, എന്നാല്‍ അതു മാത്രമല്ല, ഈ കത്തു ദൈവജനത്തിനുള്ളതാണ്, അതിനര്‍ത്ഥം അത് സഭയിലെ ഓരോ അംഗത്തിനുമുള്ളതാണ്, ഗ്രെഗ് ബര്‍ക്ക് പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

പൗരോഹിത്യം സ്വീകരിച്ചവരും സമര്‍പ്പിതരുമായ ചിലരുടെ ലൈംഗികപീഢനത്തിനിരകളായവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും ഉണ്ടായിട്ടുള്ള ഹാനി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും മതിയാകില്ലയെന്ന് പാപ്പാ തിരിച്ചറിയുന്നുണ്ടെന്നും ലൈംഗികപീഢനത്തിനിരകളായവരുമായി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ പാപ്പാ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇവയുടെ വെളിച്ചത്തിലാണ് ഇത്തരമൊരു കത്ത് പാപ്പാ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു.

ലൈംഗികപീഢനം ഏല്പിച്ച മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല എന്നും ലൈംഗിക ചൂഷണം നടത്തിയവരും അതു മറച്ചുവച്ചവരും കുറ്റക്കാരാണെന്നും അവരെല്ലാവരും കണക്കുകൊടുക്കേണ്ടവരാണെന്നും പാപ്പാ വ്യക്തമാക്കുന്നുണ്ടെന്നും ഗ്രെഗ് ബര്‍ക്കിന്‍റെ  പ്രസ്താവനയില്‍ കാണുന്നു.

പാരമ്പര്യ മാര്‍ഗ്ഗങ്ങളിലൂടെ, അതായത്, പ്രാര്‍ത്ഥനയും പ്രായശ്ചിത്ത പ്രവര്‍ത്തികളും വഴി ഈ തിന്മയ്ക്കെതിരെ പോരാടിക്കൊണ്ട് തങ്ങളുടെതായ പങ്കുവഹിക്കാന്‍ പാപ്പാ വിശ്വാസികളുടെ സമൂഹത്തെ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2018, 13:00