തിരയുക

Vatican News
കുടുംബങ്ങളുടെ ആഗോള സംഗമം - ഒരു ചര്‍ച്ചാ വേദി കുടുംബങ്ങളുടെ ആഗോള സംഗമം - ഒരു ചര്‍ച്ചാ വേദി 

ആഗോള കുടുംബസംഗമത്തിന്‍റെ ചരിത്രത്തിലേയ്ക്കൊരു തിരനോട്ടം

അയര്‍ലണ്ടിലെ ഡ്ബ്ലിന്‍ നഗരത്തില്‍ ആരംഭിച്ചിരിക്കുന്ന 9-Ɔമത് ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കാനാണ് പാപ്പാ ഫ്രാന്‍സിസ് രണ്ടു ദിവസത്തെ അപ്പോസ്തോലിക യാത്ര നടത്തുന്നത്. ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ 23-Ɔമത് രാജ്യന്തര പര്യടനവുമാണ്. ആഗസ്റ്റ് 25, 26 ശനി, ഞായര്‍ തിയതികളിലാണ് പാപ്പായുടെ സന്ദര്‍ശനവും പരിപാടികളും.
ശബ്ദരേഖ - ആഗോള കുടുംബസംഗമം ചരിത്രം 24-08-18

കുടുംബജീവിതത്തിന്‍റെ സുവിശേഷവുമായി ഡ്ബ്ലിന്‍ സംഗമം
കുടുംബങ്ങളുടെ സുവിശേഷം ലോകത്തിന് ആനന്ദദായകം,” The Gospel of the Famaily, joy to the world എന്ന വളരെ ശ്രദ്ധേയവും ആകര്‍ഷകവുമായ പ്രമേയവുമായിട്ടാണ് അയര്‍ലണ്ടിലെ ഡ്ബ്ലിന്‍ നഗരത്തില്‍ കുടുംബങ്ങള്‍ സംഗമിക്കുന്നത്. കുടുംബങ്ങളുടെ വളര്‍ച്ചയ്ക്ക് കാലികമായി പ്രചോദനാത്മകമാകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം Amoris Laetitia  “സ്നേഹത്തിന്‍റെ ആനന്ദം” ഏറെ പഠിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന വേദിയാകും ഡ്ബ്ലിന്‍ സംഗമം.   ആഗസ്റ്റ് 21-തിങ്കളാഴ്ച തുടക്കംകുറിച്ച സംഗമം ആഗസ്റ്റ് 26- ഞായറാഴ്ചവരെ നീളുമ്പോള്‍, അവസാനത്തെ രണ്ടു ദിവസങ്ങളിലാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള കുടുംബങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് അനുഗ്രഹ സാന്നിദ്ധ്യമാകുന്നത്.

രാഷ്ട്രത്തലവന്മാരുമായി ഔപചാരികമായ കൂടിക്കാഴ്ച ആദ്യദിവസത്തില്‍ നടത്തുന്ന പാപ്പാ, ഐറിഷ് ജനതയെ അഭിസംബോധനചെയ്യം. സഭാനേതാക്കളായ മെത്രാന്മാരുമായും അവസാനദിവസം നേര്‍ക്കാഴ്ച നടത്തും. ബാക്കി സമയമെല്ലാം കുടുംബങ്ങള്‍ക്കൊപ്പമായിരിക്കും. ശനി ഞായര്‍ ദിവസങ്ങളിലെ പിതൃസാന്നിദ്ധ്യത്തിനായി കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സ്നേഹത്തിന്‍റെ ആനന്ദം –  Amoris Laetitia
ലോകശ്രദ്ധയാകര്‍ഷിച്ച കുടുംബങ്ങള്‍ക്കുള്ള പ്രബോധനം, സ്നേഹത്തിന്‍റെ ആനന്ദം, Amoris Laetitia ക്രൈസ്തവസമൂഹം ഉള്‍ക്കൊള്ളുമ്പോള്‍ സഭയുടെ ഉള്ളില്‍തന്നെ മൂരാച്ചികളും മാമൂല്‍പ്രിയരും നെറ്റിചുളിക്കുകയും വിമര്‍ശിക്കുന്നുണ്ട്. മുറിപ്പെട്ട കുടുംബങ്ങള്‍ക്കും ദമ്പതികള്‍ക്കും ക്രിസ്തു നല്കുന്ന കാരുണ്യം കാലികമായി പ്രബോധിപ്പിക്കേണ്ടതാണെന്ന പിതൃതുല്യവും വാത്സല്യപൂര്‍ണ്ണവുമായ നിലപാടാണ് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. സഭയില്‍ നിക്ഷിപ്തമായിരിക്കുന്ന വ്യാഖ്യാനാധികാരം കാലം നീങ്ങുമ്പോള്‍ അഖണ്ഡിതമായി പക്വമാര്‍ജ്ജിക്കേണ്ടതും വളരേണ്ടതുമാണ്, മറിച്ച് നിസംഗത ഭാവേനയോ, നിയമള്‍ ഉദ്ധരിച്ചു നോക്കിനില്ക്കേണ്ടതോ അല്ലെന്നും പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. ദൈവികപദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് സമൂഹത്തിലുള്ള പ്രാമുഖ്യവും വലുപ്പവും പാപ്പായുടെ പ്രബോധനത്തില്‍ സ്ഫുരിക്കുമ്പോള്‍... സഭയുടെ ആഗോള കുടുംബസംഗമത്തിനുതന്നെ ഏറെ പ്രസക്തിയാര്‍ജ്ജിക്കുകയാണ്.

ആഗോള കുടുംബസംഗമ ചരിത്രം -  റോമിലെ പ്രഥമസംഗമം
1. 1994-ലാണ് ആഗോള കുടുംബസംഗമം പിറവിയെടുത്തത്. സഭ ആചരിച്ച അന്താരാഷ്ട്ര കുടുംബവര്‍ഷമായിരുന്നു അത്. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹമായിരുന്നു – കുടുംബങ്ങള്‍ക്കുള്ള ഒരു ആഗോള പ്രാര്‍ത്ഥന – മതബോധന – സാമൂഹിത രാജ്യാന്തര സംഗമം ആ വര്‍ഷത്തില്‍ വേണമെന്നത്. വത്തിക്കാന്‍റെ കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അത് വിളിച്ചു കൂട്ടുകയുണ്ടായി. ആദ്യസംഗമത്തിന‍് വേദിയായത് റോമാനഗരമായിരുന്നു. കുടുംബം ഒരു സ്നേഹസംസ്ക്കരത്തിന്‍റെ ഹൃദയം,” എന്ന ആപ്തവാക്യവുമായി ആയിരക്കണക്കിന് കത്തോലിക്കാ കുടുംബങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമായി 1994 ഓക്ടോബര്‍ 8-മുതല്‍ 9-വരെ തിയതികളില്‍ നിത്യനഗരത്തില്‍ സംഗമിച്ചു. തുടര്‍ന്ന് അത് എല്ലാം മൂന്നുവര്‍ഷം കൂടുമ്പോഴും ആചരിക്കപ്പെടുന്ന കുടുംബങ്ങളുടെ കൂട്ടായ്മയും ഉത്സവവുമായി പരിണിച്ചു.

ആഗോള കുടുംബസംഗമം ബ്രസീലില്‍
2. രണ്ടാമത്തെ സംഗമം ബ്രസീലിലെ റിയോ ദി ജനായിയോ നഗരത്തിലായിരുന്നു. 1997 ഒക്ടോടബര്‍ 4, 5 തിയതികളിലായിരുന്നു. സമ്മാനവും സമര്‍പ്പണവുമാകുന്ന കുടുംബങ്ങള്‍ മാനവരാശിയുടെ പ്രത്യാശയാണ്, എന്നതായിരുന്ന ആപ്തവാക്യവും പഠനവിഷയവും. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ലാറ്റിനമേരിക്കന്‍-അമേക്കന്‍ കുടുംബങ്ങള്‍ മറ്റു സംസ്ക്കാരങ്ങള്‍ക്കൊപ്പം സജീവമായി പങ്കെടുത്തൊരു മഹാസംഗമമായിരുന്നു അത്.

മഹാജൂബിലി വര്‍ഷത്തില്‍ വീണ്ടും റോമില്‍
3 2000-Ɔമാണ്ട് ക്രിസ്തുജയന്തി മഹാജൂബിലിവര്‍ഷത്തില്‍ ആഗോളകുടുംബസംഗമത്തിന് വീണ്ടും റോമാനഗരം വേദിയായി. 2000-Ɔമാണ്ടിലെ ഒക്ടോബര്‍ 11-മുതല്‍ 15-വരെയായിരുന്നു അത്. “കുട്ടികള്‍ കുടുംബങ്ങളുടെയും സഭയുടെയും വസന്ത”മെന്ന ധ്യാനവുമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ വത്തിക്കാനില്‍ പാപ്പാ വോയിത്തീവയ്ക്കു ചുറ്റും സംഗമിച്ചു. ഭാഷാതലത്തില്‍ കൂട്ടുചേര്‍ന്ന് നടത്തപ്പെടുന്ന ചര്‍ച്ചകളും, പഠനങ്ങളും, പ്രദര്‍ശനങ്ങളും, പങ്കുവയ്ക്കലും, പ്രാര്‍ത്ഥനയും സമൂഹബലിയര്‍പ്പണവും പാപ്പായുടെ പ്രഭാഷണങ്ങളും സാംസ്ക്കാരിക കൂടിക്കാഴ്ചകളുമെല്ലാം കുടുംബസംഗമങ്ങളുടെ  പ്രത്യേക ഇനങ്ങളാണ്.

ഫിലിപ്പീന്‍സിലെ മനിലയില്‍
4. 2003, ജനുവരിമാസത്തില്‍ 13-മുതല്‍ 18-വരെ തിയതികളില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബസംഗമം, പങ്കാളിത്തംകൊണ്ട് ഒരു ഏഷ്യന്‍ മഹോത്സവമായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സാന്നിദ്ധ്യം ഒരു വീഡിയോ സന്ദേശത്തില്‍ ഒതുങ്ങിയത് വെട്ടിത്തിളങ്ങിയ കൂട്ടായ്മയ്ക്കു ചെറിയൊരു മങ്ങലായി. ക്രൈസ്തവ കുടുംബങ്ങള്‍ മൂന്നാം സഹസ്രാബ്ദത്തിന്‍റെ സുവിശേഷം,” എന്നായിരുന്നു ഫിലിപ്പീന്‍സില്‍ സംഗമിച്ച കൂട്ടായ്മയുടെ പഠനവിഷയം.

പാപ്പാ ബെനഡിക്ടിനൊപ്പം സ്പെയിനില്‍
5. അഞ്ചാമത് ആഗോള കുടുംബക്കൂട്ടായ്മയ്ക്ക് വേദിയായത് സെപെയിനിലെ വലേന്‍സ്യ നഗരമാണ്. 2006 ജൂലൈ 1-മുതല്‍ 9-വരെ തിയതികളിലായിരുന്നു അത്. “കുടുംബം വിശ്വാസം കൈമാറുന്ന വേദി,” എന്ന ശീര്‍ഷകത്തില്‍ സംഗമിച്ചു. ദൈവശാസ്ത്രപണ്ഡിതനും വാഗ്മിയുമായ പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ പൂജ്യസാന്നിദ്ധ്യംകൊണ്ട് അനുഗൃഹീതവും ശ്രദ്ധേയവുമായ ചരിത്രസംഭവമായി വലേന്‍സ്യായിലെ ആഗോള കുടുംബസംഗമം.

മെക്സിക്കോയിലെ മഹാസംഗമം
6. മെക്സിക്കൊയെ ഇളക്കിമറിച്ച് സംഭവമായി 2009 ജനുവരി 13-മുതല്‍ 18-വരെ തലസ്ഥാനമായ മെക്സിക്കോ നഗരത്തില്‍ അരങ്ങേറിയ കുടുംബങ്ങളുടെ ഒത്തുചേരല്‍. മാനുഷിക ക്രൈസ്തവ മൂല്യങ്ങളുടെ അദ്ധ്യപികയാണ് കുടുംബം, എന്ന പ്രതിപാദ്യവിഷയുവുമായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും കുടുംബങ്ങള്‍ സംഗമിച്ചു. മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ സാന്നിദ്ധ്യം കുടുംബങ്ങള്‍ക്ക് സംതൃപ്തിയും ആത്മീയ അനുഭൂതിയും പകര്‍ന്നു.

ട്യൂറിനിലെ തിരുക്കച്ചയും കുടുംബസംഗമവും
7. ഇറ്റിലിയിലെ മിലാന്‍ നാഗരം വേദിയായ കുടുംബ സംഗമമാണ് 2012-ല്‍ നടത്ത്. ഇത് 7-Ɔമത്തെ കുടുംബസംഗമമാണ്. ട്യൂറിനിലെ തിരുക്കച്ച, എന്നു വിഖ്യാതമായ - ക്രിസ്തുവിന്‍റെ മുറിപ്പെട്ട ദേഹം സംസ്ക്കരിക്കാന്‍ പൊതിഞ്ഞതെന്നും, അവിടുത്ത തിരുമേനിയുടെ ഛായ പതിഞ്ഞതുമായ ശീലയുടെ പ്രദര്‍ശനവുമായി സന്ധിചേര്‍ന്ന കുടുംബസംഗമം പൂര്‍വ്വോപരി പങ്കാളിത്തമുള്ള ആത്മീയകൂട്ടായ്മയായി. പാപ്പാ ബെനഡിക്ട് തന്‍റെ സാന്നിദ്ധ്യംകൊണ്ട് കുടുംബങ്ങളെ അനുഗ്രഹിക്കുകയും അവര്‍ക്കൊപ്പം തിരുക്കച്ച വണങ്ങി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കുടുംബങ്ങള്‍ - അദ്ധ്വാനത്തിന്‍റെ ആഘോഷമെന്നായിരുന്നു മിലാന്‍ സംഗമത്തിന്‍റെ ആപ്തവാക്യം. 

അമേരിക്കയിലെ ഫിലാഡെല്‍ഫിയ പകിട്ടാര്‍ന്ന വേദി
8. അമേരിക്കയിലെ ഫിലാഡെല്‍ഫിയ നഗരം വേദിയായ കുംബസംഗമം വന്‍വിജയമായത് പാപ്പാ ഫ്രാന്‍സിസിന്‍റെ മഹല്‍സന്നിദ്ധ്യമായിരുന്നു. 8-Ɔമത്തെ ആഗോള സംഗമമായിരുന്നു ഇത്. “സ്നേഹത്തിന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ സജീവമാകുന്ന കുടുംബങ്ങള്‍!” എന്ന പഠനവിഷയം ഏറെ ശ്രദ്ധേയമായി. 2015 സെപ്തംബര്‍ 22-മുതല്‍ 27-വരെയായിരുന്നു പങ്കാളിത്തംകൊണ്ടും നടത്തിപ്പിന്‍റെ ശൈലികൊണ്ടും പകിട്ടാര്‍ന്ന അമേരിക്കയിലെ കുടുംബസംഗമം.

അയര്‍ലണ്ടിലെ സഭ
അയര്‍ലണ്ട് ഒരു കത്തോലിക്ക രാജ്യമാണ്. അരക്കോടിയോളം 50 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 79 ശതമാനം കത്തോലിക്കരാണ്. അയലണ്ടിലെ ദേശീയ മെത്രാന്‍ സമതി 4 അതിരൂപതകളും 27 രൂപതകളുമായി പ്രവര്‍ത്തിക്കുന്നു. 1087 ഇടവകകളിലും സ്ഥാപനങ്ങളിലുമായി 3000-ല്‍ അധികം വൈദികരുണ്ട്... കൂടാടെ വിവിധ സഭാസമൂഹങ്ങളിലായി 800-ല്‍ അധികം സന്ന്യസ്തരുമുണ്ട്.  അര്‍മാഗ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഈമോണ്‍ മാര്‍ട്ടിനാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ ദേശീയ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍.  അയലണ്ടില്‍ വത്തിക്കാന്‍റെ സ്ഥാനപതിയുമുണ്ട്. നൈജീരിയന്‍ സ്വദേശി, ആര്‍ച്ചുബിഷപ്പ് ജൂഡ് തദേവൂസ് ഒക്കാലൊയാണ് ഇപ്പോഴത്തെ അപ്പസ്തോലിക സ്ഥാപനപതി. ആദ്യമായിട്ടാണ് ഒരു ആഫ്രിക്കന്‍ സ്വദേശി വത്തിക്കാന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി അവരോധിക്കപ്പെട്ടത്.

1921-ല്‍ ബ്രിട്ടീഷ് അധീനത്തില്‍നിന്നും സ്വതന്ത്രമായ ഐറിഷ് റിപ്പബ്ലിക്കിന്‍റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ലിയോ വരാഡ്ക്കരും. പ്രസിഡന്‍റ് മൈക്കിള്‍ ഹിഗിന്‍സും ജനങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസിനെ വരവേല്‍ക്കും.

ക്രോക്ക് സ്റ്റേഡിയവും ഫീനിക്സ് പാര്‍ക്കും
വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ  1979-ല്‍ നടത്തിയ അയര്‍ലണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുള്ള നാലുപതിറ്റാണ്ടോളം നീണ്ട കാലദൈര്‍ഘ്യത്തിനും ഇടവേളയ്ക്കുംശേഷമാണ് പാപ്പാ ഫ്രാന്‍സിസ് ആഗോള കുടുംബസംഗമത്തിനായി അയര്‍ലണ്ട് ദ്വീപില്‍ കാലുകുത്തുന്നത്.
ഡബ്ലിന്‍നഗര പ്രാന്തത്തിലെ ഒരു ലക്ഷംപേരെ ഉള്‍ക്കൊള്ളാവുന്ന ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയമാണ് ആഗസ്റ്റ് 25-ന് വൈകുന്നേരം പാപ്പാ ഫ്രാ‍ന്‍സിസിനെ സ്വീകരിക്കുന്ന ആഗോളകുടുംബ സംഗമത്തിന്‍റെ പകിട്ടാര്‍ന്ന വേദിയാകുന്നത്. അതുപോലെ ഞായറാഴ്ച, ആഗസ്റ്റ് 26-Ɔο തിയതി വൈകുന്നേരം കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കുന്ന വേദി 10 ലക്ഷത്തില്‍ അധികംപേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള വിഖ്യാതവും ചരിത്രമുറങ്ങുന്നതുമായ ഡബ്ലിന്‍ നഗരത്തിലെ ഫീനിക്സ് പാര്‍ക്കാണ്.

പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്ര!
ശനിയാഴ്ച രാവിലെ  റോമില്‍നിന്നും  രാവിലെ  അയര്‍ലണ്ടിലേയ്ക്ക് പുറപ്പെടുന്ന  പാപ്പായ്ക്ക് ശുഭയാത്ര നേരുന്നു! ഒന്‍പതാമത് ആഗോള കുടുംബ സംഗമത്തിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം ആയര്‍ലണ്ടിലെയും ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് അനുഗ്രഹപൂര്‍ണ്ണമാകട്ടെ, കുടുംബങ്ങള്‍ ഇന്ന് നേരിടുന്ന വൈവിധ്യമാര്‍ന്ന പ്രതിസന്ധികളെ മറികടന്ന് സ്നേഹത്തിലും ഐക്യത്തിലും കുടുബങ്ങള്‍ നിലനിന്ന് അത് വിശ്വശാന്തിക്കു നിദാനമാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം!

24 August 2018, 19:28