തിരയുക

Vatican News
കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത്  (Vatican Media)

കുടുംബം : സ്നേഹശുശ്രൂഷയുടെ സ്രോതസ്സ്!

മനുഷ്യാസ്തിത്വത്തിന്‍റെ തുടര്‍ച്ചയ്ക്കായി ദൈവം സൃഷ്ടിച്ച സ്ഥാപനമാണ് കുടുംബം-കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്നത്തെയും നാളത്തെയും തലമുറകളെ താങ്ങിനിറുത്തുന്നതിനും അവര്‍ക്ക് സ്നേഹശുശ്രൂഷ ഏകുന്നതിനുമുള്ള സ്രോതാസ്സാണ് കുടുംബമെന്ന് സമഗ്രമാനവികസനത്തിനായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ പീറ്റര്‍ ക്വദ്വൊ അപ്പിയ ടര്‍ക്സണ്‍.

അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ ഈ മാസം 21 ന് ചൊവ്വാഴ്ച ആരംഭിച്ചതും ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍ 26 ന് ഞായറാഴ്ച (21-26/08/18) സമാപിക്കുന്നതുമായ ആഗോള കുടുംബസംഗമത്തോടനുബന്ധിച്ചു ഡബ്ലിനില്‍  സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ചായോഗത്തില്‍  ബുധനാഴ്ച (22/08/18) അദ്ദേഹം “വ്യവസായസംരഭകരുടെ വിളി:കുടുംബസ്ഥാപനത്തിന്‍റെ വീക്ഷണം” എന്ന പ്രമേയത്തെ   അധികരിച്ചു സംസാരിക്കുകയായിരുന്നു.

വ്യവസായം വ്യക്തികളുടെ കഴിവുകളെ കണക്കിലെടുക്കുന്നതും മാനവകുടുംബത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സേവനത്തിന്‍റെയും അരൂപിയില്‍ അധികൃതവും നീണ്ടുനില്ക്കുന്നതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് നരകുലത്തിന്‍റെ  ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.

മനുഷ്യവ്യക്തിയുടെ പരിചരണത്തിനും അവന്‍റെ അസതിത്വത്തിന്‍റെ തുടര്‍ച്ചയ്ക്കും വേണ്ടി ദൈവം സ്വഹിതാനുസാരം സൃഷ്ടിച്ച ഒരു സ്ഥാപനമാണ് കുടുംബമെന്നും ഉദ്ബോധിപ്പിച്ച അദ്ദേഹം തൊഴില്‍ എന്നത് ദൈവത്തിന്‍റെ പങ്കാളി ആകാനുള്ള ഒരു വിളിയാണെന്ന് ഓര്‍മ്മിപ്പിച്ചു.

ഭൂമിയില്‍ കൃഷിചെയ്യാനും ഭൂമിയെ പരിചരിക്കാനുമുള്ള കടമ ഒരു തൊഴില്‍ എന്ന നിലയില്‍ മനുഷ്യന്‍റെ ദൈവികഛായ പ്രദാനം ചെയ്യുന്ന ഔന്നത്യത്തിന്‍റെ   ആവിഷ്ക്കാരമാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഉദ്ബോധിപ്പിച്ചു.

“കുടുംബത്തിന്‍റെ സുവിശേഷം ലോകത്തിനാനന്ദം” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ ലോകകുടുംബസമാഗമത്തില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (25/08/18) ഡബ്ലിനില്‍ എത്തും.  

ഈ സംഗമത്തിന്‍റെ സമാപന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മകനാകുന്ന പാപ്പാ ഞായറാഴ്ച(26/08/18) വൈകുന്നേരം വത്തിക്കാനില്‍ തിരിച്ചെത്തും.

24 August 2018, 12:11