തിരയുക

Vatican News
VATICAN-POPE-MASS VATICAN-POPE-MASS  (AFP or licensors)

പാപ്പാ ഫ്രാന്‍സിസ് ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ലിത്വാനിയ, ലാത്വിയ, എസ്തോണിയ - വടക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക്....

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 22-മുതല്‍ 25-വരെ തിയതികളിലാണ് ബാള്‍ടിക് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന യൂറോപ്പിന്‍റെ വടക്കു-കിഴക്കന്‍ അതിര്‍ത്തി രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ 1993-ലെ സന്ദര്‍ശനത്തിനുശേഷം ബാള്‍ടിക് രാജ്യങ്ങളില്‍ എത്തുന്ന രണ്ടാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്.

മൂന്നു രാജ്യങ്ങളും - ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവ കമ്യൂണിസ്റ്റ് റഷ്യയുടെ മേല്‍ക്കോയ്മയില്‍നിന്നും സ്വതന്ത്രമായതിന്‍റെ 100-Ɔο വാര്‍ഷകവും, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ 25-Ɔο വാര്‍ഷികവും ഈ അപ്പസ്തോലിക സന്ദര്‍ശനവുമായി സന്ധിക്കുന്നത് യാദൃശ്ചികവും ദൈവപരിപാലനയുമാണെന്നു വിശ്വാസിക്കുന്നതായി... ലിത്വാനിയയിലെ വിലിനിയൂസ് അതിരുപതയുടെ മെത്രാപ്പോലീത്തയും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ സംഘാടക സമിതി അംഗവുമായ ആര്‍ച്ചുബിഷപ്പ് ജിന്താരസ് ഗ്രൂസസ് ജൂലൈ 12-Ɔο തീയതി വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ക്രൈസ്തവ രക്തസാക്ഷിത്വത്തിന്‍റെ സഭൈക്യമാനം, കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ 50 വര്‍ഷത്തെ മുറിപ്പാടുകള്‍, കുടുംബങ്ങളും യുവജനങ്ങളും... എന്നീ മുന്‍ഗണനകളോടും, “ക്രിസ്തുവാണ് പ്രത്യാശ” എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ബാള്‍ട്ടിക് മണ്ണില്‍ കാലുകുത്താന്‍ പോകുന്നത്. ആര്‍ച്ചുബിഷപ്പ് ഗ്രൂസസ് വ്യക്തമാക്കി.

15 July 2018, 17:44