Pope Francis - Pre-synodal meeting with young Pope Francis - Pre-synodal meeting with young 

പനാമയിലെ ലോക യുവജനോത്സവം പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും

2019 ജനുവരി 23-മുതല്‍ 27-വരെ തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ സംഗമിക്കുന്ന ലോക യുവജനോത്സവത്തില്‍ പാപ്പാ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ജൂലൈ 9-Ɔο തിയതി തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പനാമ റിപ്പബ്ലിക്കിന്‍റെയും അവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പനാമയിലെ ലോകയുവജനോത്സവത്തില്‍ പങ്കെടുക്കുന്നതെന്ന് ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി.

ഇതാ! കര്‍ത്താവിന്‍റെ ദാസി. അങ്ങേ ഹിതംപോലെ എന്നില്‍ നിറവേറട്ടെ! (ലൂക്ക 1, 38) എന്ന ആപ്തവാക്യവുമായിട്ടാണ് പനാമയില്‍ ലോകയുവത സംഗമിക്കാന്‍ പോകുന്നത്. 2016 നവംബര്‍ 22-ന് പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് ഈ ആപ്തവാക്യം ലോക യുവജനോത്സവത്തിന്‍റെ ആത്മീയ ചൈതന്യമായി നല്കിയത്.

റോം മുതല്‍ പനാമവരെ –
ആഗോള യുവജന സമ്മേളനത്തിന്‍റെ ചരിത്രത്തിലേയ്ക്ക് ഒരുതിരനോട്ടം

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1985-ല്‍ ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണ് ആരംഭം കുറിച്ചത്. മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്ന സന്ദേശം യുവജനദിനത്തിന്‍റെ മുഖ്യ ഇനമായിരുന്നു. പിന്നീടാണ് രണ്ടോ മൂന്നോ വര്‍ഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപംനല്കിയത്. വൈദികനായിരുന്ന കാലംമുതല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യുവജനങ്ങളോട് ഉണ്ടായിരുന്ന വത്സല്യത്തിന്‍റെ പ്രതീകമാണീ ആഘോഷം. ഫാദര്‍ വോയിത്തീവായുടെ പോളണ്ടിലെ പ്രത്യേക യുവജന കൂട്ടായ്മയായിരുന്നു, സ്രോതോവിസ്ക്കോ’ (Srodowisko). പോളിഷ് ഭാഷയില്‍ സ്രോതോവ്സിക്കോ എന്ന വാക്കിനര്‍ത്ഥം പരിസ്ഥിതി അല്ലെങ്കില്‍ അന്തരീക്ഷം എന്നാണ് – യുവാക്കളുടെ പ്രത്യേക ചുറ്റുപാട് അല്ലെങ്കില്‍ കൂട്ടായ്മ എന്നെല്ലാം ഈ വാക്കിന് അര്‍ത്ഥമുണ്ട്. അങ്ങനെ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അജപാലന തീക്ഷ്ണതയും വാത്സല്യവും ചിറകുവിരിച്ചതാണ് ആഗോള യുവജന സംഗമം.

സഭാ മാതാവിന്‍റെ ഹൃദയത്തില്‍ ഭാവിയുടെ പ്രതീക്ഷയായ യുവജനങ്ങള്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന വസ്തുത എടുത്തു പറയേണ്ടതില്ല. ക്രൈസ്തവ കൂട്ടായ്മയ്ക്ക് ഉപരിയായി പങ്കുവയ്ക്കല്‍, അനുരഞ്ജനം, മതബോധനം, നവീകരണം, ദൈവവിളി, ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹം, മാര്‍പാപ്പയോടുള്ള ആദരവ് എന്നിവ സമ്മേളനത്തില്‍ യുവജനങ്ങള്‍ക്കു ലഭിക്കുന്ന അപൂര്‍വ്വ മൂല്യങ്ങളാണ്. കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയാണ് ആഗോള യുവജനസമ്മേളനത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ. ഇത്തവണ സമ്മേളനത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിക്കപ്പെട്ടു.

ആതിഥേയ രാഷ്ട്രമായ പനാമയുടെ മെത്രാന്‍ സമിതിയും വത്തിക്കാന്‍റെ അല്‍മായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ചേര്‍ന്നാണ് ഈ സമ്മേളനങ്ങളത്തിന് ചുക്കാന്‍ പടിക്കുന്നത്. ഇരുന്നൂറിലധികം യുവജനങ്ങള്‍ അംഗങ്ങളായുള്ള അന്തര്‍ദേശിയ അല്‍മായ നിര്‍വ്വാഹക സമിതിയും സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധ സേവകര്‍ക്കൊപ്പം സംഘടനകളും ദേശിയ-പ്രാദേശിക പ്രസ്ഥാനങ്ങളും നല്കുന്ന പിന്‍തുണയും യുവജനസമ്മേളങ്ങളെ വിജിയിപ്പിക്കുന്നു. എല്ലാറ്റിനും ഉപരിയായി സമ്മേളനത്തിനെത്തുന്ന യുവതീ യുവാക്കളുടെ ആത്മീയ ഒരുക്കം, ത്യാഗം, യാത്രയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി സ്വയം വഹിക്കുന്ന പണച്ചിലവ് എന്നിവയും ഈ വലിയ സംഭവത്തെ ഫലപ്രാപ്തിയിലെത്തിക്കുന്നു. എല്ലാ സമ്മേളനങ്ങളുടെയും സമാപനത്തില്‍ പാപ്പായ്ക്കൊപ്പമുള്ള സമൂഹദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങളുടെ കണക്കാണ് പതിവായി സമ്മേളനത്തിലുള്ള യുവജനങ്ങളുടെ എണ്ണമായി സംഘാടകര്‍ പ്രസിദ്ധീകരിക്കുന്നത്. പോളണ്ടിലെ ക്രാക്കോനഗരം കണ്ടത് 12 ലക്ഷത്തോളം യുവജനങ്ങളാണ്.

1984 ഏപ്രില്‍ 15 റോം
ആഗോള സഭ ആഘോഷിച്ച രക്ഷാകര വര്‍ഷത്തിന്‍റെ (Holy Year of Redemption) ഭാഗമായി
1984-ലെ ഈസ്റ്റര്‍ ഞായറാഴ്ച യുവജനങ്ങള്‍ വത്തിക്കാനില്‍ സമ്മേളിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ശ്രവിക്കുവാനും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പയുടെ ദിവ്യബലിയില്‍ പങ്കുചേരുവാനുമായി മൂന്നു ലക്ഷത്തോളം യുവാക്കളാണ് അന്നത്തെ പ്രഥമ സമ്മേളനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി എത്തിച്ചേര്‍ന്നത്.

1985 മാര്‍ച്ച് 31 റോം
ഇത്തവണ റോമിലേയ്ക്ക് യുവജനങ്ങളെ കുറെക്കൂടെ സംഘടിതമായിട്ടും ആഗോളതലത്തിലും വിളിച്ചു കൂട്ടുകയുണ്ടായി. വിശുദ്ധ പ്രതോസിന്‍റെ ചത്വരത്തില്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലിയര്‍പ്പിക്കുന്നതിനും മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി മൂന്നു ലക്ഷത്തിലേറെ യുവജനങ്ങള്‍ എത്തിച്ചേര്‍ന്നു.

1987 ഏപ്രില്‍ 11-12 അര്‍ജെന്‍റീന
യുവജനസമ്മേളനം അര്‍ജന്‍റീനായിലെ ബ്യൂണസ് ഐയേഴ്സിലാണ് (Buenos Aires – Argentina) സമ്മേളിച്ചത്. “ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു” 1യോഹ. 4, 16 എന്നതായിരുന്നു സമ്മേളത്തിന്‍റെ ആപ്തവാക്യം. ഒരു ലക്ഷത്തിലേറെ യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആദ്യമായിട്ടാണ് സമ്മേളനം യൂറോപ്പിനു പുറത്ത് നടത്തപ്പെട്ടത്.

1989 ആഗസ്റ്റ് 15–20 സ്പെയിന്‍
സാന്തിയാഗോ കൊമ്പസ്തേല്ലാ, സ്പെയിനിലുള്ള വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടന്നത്. “ഞാനാകുന്നു വഴിയും സത്യവും ജീവനും” യോഹന്നാന്‍ 14, 6. എന്നതായിരുന്നു സമ്മേളനം സ്വീകരിച്ച ആപ്തവാക്യം.

1991 ഏപ്രില്‍ 25-30 പോളണ്ട്
പോളണ്ടിലാണ് യുവജനസമ്മേളനം നടന്നത്. രണ്ടു ലക്ഷത്തോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്. “പുത്ര സ്വീകാര്യതയുടെ ആത്മാവിനെയാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്”
റോമാ. 8, 15. എന്നത് പോളണ്ട് സമ്മേളനത്തിന്‍റെ ആത്മീയ ചിന്താ വിഷയമായിരുന്നു.

1993 ജനുവരി 10-15 ഫിലിപ്പീന്‍സ്
ഫിലിപ്പീന്‍സിലെ മാനിലയിലായിരുന്നു സമ്മേളനം.
“പിതാവ് നിങ്ങളെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. അവിടുത്തെ സ്നേഹം നിങ്ങള്‍ പ്രഘോഷിക്കുക” യോഹ. 20, 21 എന്നതായിരുന്നു ആത്മീയ സന്ദേശം. മനിലായിലെ ലുനേത്താ പാര്‍ക്കില്‍ മാര്‍പാപ്പയോടൊപ്പം നടന്ന യുവജനങ്ങളുടെ സമാപന സമ്മേളനം ഏഷ്യയിലെ പ്രഥമ ആഗോള യുവജന സമ്മേളനമായിരുന്നു. അഞ്ചു ലക്ഷത്തോളം യുവജനങ്ങള്‍ ഫീലിപ്പീന്‍സ് സമ്മേളനത്തിനെത്തിയത് ലോകത്തെ ആശ്ചര്യപ്പെടുത്തി.

1997 ആഗസ്റ്റ് 19-24 ഫ്രാന്‍സ്
ഫ്രാന്‍സിലെ പാരീസിലായിരുന്നു അടുത്ത സമ്മേളനം. “ഗുരോ, അങ്ങെവിടെയാണ് പാര്‍ക്കുന്നത്?” “വന്നു കാണുക,” യോഹ. 1, 38 എന്ന ആപ്തവാക്യവുമായി ഒത്തുചേര്‍ന്ന സമ്മേളനത്തില്‍ രണ്ടു ലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുത്തു.

2000 ആഗസ്റ്റ് 15-20 റോം
“വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു” യോഹ. 1, 14.
മഹാജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ സമ്മേളിച്ച യുവജനസംഗമം സവിശേഷമായിരുന്നു. തോര്‍ വെര്‍ഗാത്താ (Tor Vergeta) മൈതാനിയില്‍ രണ്ടു ലക്ഷത്തിലേറെ യുവജനങ്ങള്‍ സമാപനസമ്മേളനത്തിലും സമൂഹദിവ്യബലിയിലും പങ്കുചേര്‍ന്നു.

2002 ജൂലൈ 23-28 കാനഡ
കാനഡയിലെ ടൊറേന്‍റോയിലായിരുന്നു അടുത്ത സമ്മേളനം. “നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, പ്രകാശമാണ്” മത്തായി 5, 13-14. എണ്‍പതിനായിരം യുവജനങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമായി കാനഡയിലെത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവസാനമായി പങ്കെടുത്ത യുവജന സമ്മേളനമായിരുന്നത്. ഡവുണ്‍സ്-വ്യൂ പാര്‍ക്കിലായിരുന്നു (Downsview Park) സമ്മേളനവേദി.

2005 ആഗസ്റ്റ് 16-21 ജര്‍മ്മനി
ജര്‍മ്മനിയിലെ കൊളോണ്‍ അടുത്ത യുവജന സമ്മേളനത്തിന് വേദിയായി. “ഞങ്ങള്‍ അവിടുത്തെ ആരാധിക്കാന്‍ വന്നതാണ്” മത്തായി 2, 2. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പങ്കെടുത്ത പ്രഥമ ആഗോള യുവജനസമ്മേളനം സംഘടനാ വൈഭവംകൊണ്ട് ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഒരുലക്ഷത്തി ഇരുപതിനായിരം യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

2008 ജൂലൈ 15-20 ആസ്ട്രേലിയ
ആസ്ട്രേലിയായിലെ സിഡ്നിയില്‍ നടന്ന സമ്മേളനവും സംഘാടന ശൈലിയും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും കൊണ്ട് മികവുറ്റതായി. “പരിശുദ്ധാത്മാവു നിങ്ങളില്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും, നിങ്ങള്‍ ലോകത്തില്‍ എന്‍റെ സാക്ഷികളായിരിക്കും,”
അപ്പ. നടപടി 1, 8 എന്ന ആപ്ത വാക്യവുമായിട്ടാണ് മൂന്നര ലക്ഷത്തോളം യുവജനങ്ങള്‍ സിഡ്നിയില്‍ സമ്മേളിച്ചത്.

2011 ആഗസ്റ്റ് 16-21 സ്പെയിന്‍
ഇനി സ്പെയിലെ മാഡ്രിഡിലേയ്ക്കാണ് ലോക യുവജനം ഒഴുകുന്നത്. “ക്രിസ്തുവില്‍‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക,” കൊളോസിയര്‍, 2, 7 എന്നത് മാഡ്രിഡ് സമ്മേളനത്തിന്‍റെ ആപ്തവാക്യമാണിത്. ആഗോള യുവജനസംഗമത്തിന് രണ്ടു പ്രാവശ്യം ആതിഥ്യം നല്കിയ രാഷ്ട്രമെന്ന ബഹുമതി സ്പെയിനിനാണ് ലഭിക്കുന്നത്. സ്പെയിനിന്‍റെ സാംസ്കാരിക പൈതൃക ശൈലിയില്‍ ആഗോള സംഗമം കൂടുതല്‍ വര്‍ണ്ണാഭമാകുകയും പങ്കാളിത്തംകൊണ്ടും വിവിധ ഇനങ്ങള്‍കൊണ്ടും ഉയര്‍ന്ന നിലവാരത്തിലേയ്ക്കു നീങ്ങുകയുമാണ്.

2016 ജൂലൈ 26-31 പോളണ്ടില്‍
പോളണ്ടിലെ ക്രാക്കോ നഗരം കേന്ദ്രീകരിച്ചായിരുന്നു, ലോക യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ നഗരത്തില്‍ അത് അരങ്ങേറിയത്. ലോകയുവത ആവേശത്തോടെ പങ്കെടുത്ത മറ്റൊരു ചരിത്ര സംഭവം.
കരുണയുള്ളവര്‍ അനുഗ്രഹീതരാകുന്നു, അവര്‍ക്കു കരുണ ലഭിക്കും (മത്തായി 5, 7) എന്ന സുവിശേഷ സൂക്തമാണ് യുവജനങ്ങള്‍ ആപ്തവാക്യമായി ഈ മേളയില്‍ സ്വീകരിച്ചത്. അതിനുകാരണം ദൈവിക കാരുണ്യ ഭക്തിയുടെയും കരുണക്കൊന്തയുടെയും വിശുദ്ധ ഫൗസ്തീനാ കൊവാല്‍സ്കായുടെ നാടാണല്ലോ പോളണ്ട്! യുവജനോത്സവത്തില്‍ പൂര്‍ണ്ണമായും പങ്കെടുത്ത പാപ്പാ ഫ്രാന്‍സിസാണ് അത് 2019-ല്‍ തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ അരങ്ങേറുമെന്ന് പ്രഖ്യാപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 17:49