തിരയുക

ജൂബിലിയെന്നത് പുതിയൊരു തുടക്കം, പാപ്പാ!

പാപ്പാ ശനിയാഴ്ച ജൂബിലി കൂടിക്കാഴ്ച അനുവദിച്ചു. ഈ പ്രത്യേക കൂടിക്കാഴ്ച മാസത്തിലെ ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിൽ ആയിരിക്കും സാധാരണ ഗതിയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലി മനുഷ്യർക്കും ഭൂമിക്കും ഒരു പുതിയ തുടക്കമാണ് എന്ന് മാർപ്പാപ്പാ. 

2024 ഡിസമ്പർ 24-ന് തുടക്കം കുറിച്ച പ്രത്യാശയുടെ ജൂബിലി വത്സരത്തോടനുബന്ധിച്ച് മാസത്തിൽ ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിൽ അനുവദിക്കുന്ന പ്രത്യേക കൂടിക്കാഴ്ചയുടെ ഭാഗമായ ഈ ശനിയാഴ്ചത്തെ (01/02/25) കൂടിക്കാഴ്ചയിലെ പ്രഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ഈ മാസത്തെ അടുത്ത ജൂബിലി കൂടിക്കാഴ്ച പതിനഞ്ചാം തീയതി ശനിയാഴ്ച ആയിരിക്കും.

ദൈവത്തിൻറെ സ്വപ്നത്തിനുള്ളിൽ സകലവും പുനർവിചിന്തനം ചെയ്യപ്പെടണമെന്നും "പരിവർത്തനം" എന്ന വാക്ക് ദിശാമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞ പാപ്പാ എല്ലാം ഒടുവിൽ മറ്റൊരു വീക്ഷണകോണിൽ നിന്ന് നമുക്ക് കാണാൻ കഴിയുകയും നമ്മുടെ ചുവടുകൾ പുതിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുകവഴി പ്രതീക്ഷ ജന്മംകൊള്ളുന്നുവെന്ന് ഉദ്ബോധിപ്പിച്ചു.

ബൈബിൾ ഇത് പല വിധത്തിൽ പറയുന്നുണ്ടെന്നും നമ്മെ സംബന്ധിച്ചും വിശ്വാസാനുഭവം ഉത്തേജിപ്പിക്കപ്പെടുന്നത് ജീവിതത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞവരും ദൈവത്തിൻറെ സ്വപ്നങ്ങളിൽ പ്രവേശിച്ചവരുമായ ആളുകളുമായുള്ള കൂടിക്കാഴ്ചയിലൂടെയാണെന്ന് പാപ്പാ വിശദീകരിച്ചു. വാസ്തവത്തിൽ, ലോകത്ത് തിന്മകൾ നിരവധിയാണെങ്കിലും വ്യത്യസ്തനായവൻ  ആരാണെന്ന് വേർതിരിച്ചറിയാൻ നമുക്കുകഴിയുമെന്നും ചെറുമയുമായി പലപ്പോഴും ഒന്നുചേരുന്ന അവൻറെ മഹത്വം നമ്മെ കീഴടക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വേദപുസ്തകത്തിൽ വേറിട്ടു നില്ക്കുന്ന മഗ്ദലന മറിയത്തെ ഉദാഹരണമായി അവതരിപ്പിച്ച പാപ്പാ യേശുവിൻറെ കാരുണ്യം അവളെ സൗഖ്യമാക്കുകയും ആ കാരുണ്യം അവളെ ദൈവത്തിൻറെ സ്വപ്നങ്ങൾക്കുള്ളിൽ വീണ്ടും പ്രവേശിപ്പിക്കുകയും അവളുടെ യാത്രയ്ക്കു പുതിയ ലക്ഷ്യങ്ങളേകുകയും ചെയ്തുവെന്നു വിശദീകരിച്ചു.

കാര്യങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കാൻ നാം ശ്രമിക്കുന്നുണ്ടോയെന്നും പരിവർത്തനാഭിവാഞ്ഛ നമുക്കുണ്ടോയെന്നും നാം ആത്മശോധന ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു. 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഫെബ്രുവരി 2025, 13:10

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >