സമർപ്പിതർ ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും വളർന്ന് ലോകത്തിന് പ്രകാശമാകണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്ന ദിനത്തിൽ ആചരിക്കപ്പെടുന്ന സമർപ്പിതരുടെ ആഗോളദിനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടന്ന സായാഹ്നപ്രാർത്ഥനാവേളയിൽ, സമർപ്പിതജീവിതത്തിലുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും, ക്രിസ്തുവും സഹോദരങ്ങളുമായുണ്ടായിരിക്കേണ്ട അടുപ്പത്തെക്കുറിച്ചും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ എട്ട് മുതൽ പന്ത്രണ്ട് വരെ തീയതികളിൽ സമർപ്പിതരുടെ ജൂബിലി ആഘോഷം നടക്കുന്നതിനെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. സമർപ്പിതരുടെ ഇരുപത്തിയൊൻപതാമത് ആഗോളദിനമാണ് ജനുവരി രണ്ടാം തീയതി ഞായറാഴ്ച ലോകമെമെമ്പാടും ആചരിക്കപ്പെട്ടത്.
ദാരിദ്ര്യം
ലോകമോഹങ്ങളിൽനിന്ന് മോചിതരായി, ശാന്തതയും ഉദാരതയും പ്രകടമാക്കുന്നവിധത്തിലുള്ള ദാരിദ്ര്യം ജീവിക്കാനാണ് സമർപ്പിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ലൗകികമായവയിൽനിന്ന് അകന്ന്, ലോകത്തിന് അനുഗ്രഹമായി മാറാൻ സമർപ്പിതരെ ക്ഷണിച്ചു. “ഇരട്ടജീവിതം” നയിക്കാൻ കാരണമാകുന്ന വിധത്തിൽ, "തങ്ങൾക്ക് ഇഷ്ടമുള്ളവ സ്വന്തമാക്കുക" എന്നതിൽനിന്നകന്ന്, രക്ഷയുടെ ഉറവയായിത്തീരുന്ന കാര്യങ്ങൾക്കായി വേണം നാം ആഗ്രഹിക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്വാർത്ഥതയുടെ നിഴലുകൾ ജീവിതത്തിലുണ്ടാകരുതെന്നും, മിതത്വമുള്ളതും, പങ്കുവയ്പ്പിന്റെതും, ഐക്യദാർഢ്യത്തിന്റെതുമായ ശൈലി ജീവിക്കണമെന്നും പാപ്പാ സമർപ്പിതരോട് ആഹ്വാനം ചെയ്തു.
ബ്രഹ്മചര്യം
ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ സ്നേഹം ജീവിക്കാൻ സമർപ്പിതരെ ക്ഷണിച്ച പാപ്പാ, പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തിൽനിന്നാണ് ഇത് നാം അഭ്യസിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾക്കും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ സ്നേഹിക്കുക എന്ന ലോകത്തിന്റെ ശൈലിയിൽനിന്ന് അകന്നു ജീവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു..ബന്ധങ്ങൾ സുതാര്യവും നിർമ്മലവുമായിരിക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച പാപ്പാ, ഒറ്റപ്പെടലെന്ന തിന്മയ്‌ക്കെതിരെയുള്ള മരുന്നാണ് ബ്രഹ്മചര്യമെന്ന് ഉദ്‌ബോധിപ്പിച്ചു. പക്വവും ആനന്ദകരവുമായ ബന്ധങ്ങളുടെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു. അനാരോഗ്യകരമായ സ്നേഹപ്രകടനങ്ങളിൽനിന്നകന്ന് സ്വയം ദാനമായി നൽകുന്ന ശൈലി ബ്രഹ്മചര്യത്തിലൂടെ സ്വീകരിക്കാൻ പഠിക്കാനും പാപ്പാ ആവശ്യപ്പെട്ടു.
അനുസരണം
പിതാവും യേശുവുമായുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ടാണ് അനുസരണമെന്ന ഗുണത്തെക്കുറിച്ച് പാപ്പാ സംസാരിച്ചത്. ദാസരെന്നതുപോലെയല്ല, പുത്രരുടെതായ ആശ്രിതത്വബോധത്തോടെ വേണം അനുസരണം ജീവിക്കേണ്ടതെന്ന് പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. ഉത്തരവാദിത്വപരവും പരസ്പരബഹുമാനത്തിൽനിന്ന് ഉളവാകുന്നതുമായ അനുസരണമാണ് വളർത്തിയെടുക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രതയിൽ ജീവിക്കുന്നതിനേക്കാൾ, നിശ്ശബ്ദതയിലുള്ള ആരാധനയിൽ മുഴുകാനുള്ള നമ്മുടെ കഴിവ് വളർത്തിയെടുക്കേണ്ടതുണ്ടെന്നും, തങ്ങളുടെ സമർപ്പിതജീവിതത്തിന്റെ ഉറവിടങ്ങളിലേക്ക് തിരികെ പോകേണ്ടതുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധകുർബാനയുടെ ആരാധനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ക്രിസ്തുവുമായുള്ള ബന്ധം വളർത്തേണ്ടതിന്റെയും, അതുവഴി സഹോദരങ്ങളുമായുള്ള നല്ല ബന്ധം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും പ്രതിപാദിച്ചു. സുവിശേഷപുണ്യങ്ങളുടെ പ്രകാശം ലോകത്തിന് പകരാൻ സമർപ്പിതർക്ക് കഴിയണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: