ജൂബിലി വർഷത്തിലെ തീർത്ഥാടനം നമ്മെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളർത്തണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂബിലി വർഷത്തിലെ തീർത്ഥാടനം നമ്മുടെ ഹൃദയത്തിൽ വിശ്വാസവും പ്രത്യാശയും സ്നേഹവും ശക്തിപ്പെടുത്തണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിൽ സഹോദരങ്ങൾ എന്ന നിലയിൽ ഒന്നിച്ചാണ് നാം യാത്ര ചെയ്യേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സ്കാന്ഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ, നോർവേ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്ലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള സഭാനേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ, ഫെബ്രുവരി മൂന്ന് തിങ്കളാഴ്‌ച വത്തിക്കാനിലെത്തിയ തീർത്ഥാടകർക്ക് കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, തീർത്ഥാടനം നമ്മിൽ ഉളവാക്കേണ്ട ഗുണങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.
“പ്രത്യാശയുടെ തീർത്ഥാടകർ” എന്ന, ജൂബിലിയുടെ ആപ്തവാക്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തീർത്ഥാടനത്തിന്റെ ഈ ദിവസങ്ങൾ നമ്മിലെ പ്രത്യാശ വളർത്തുന്ന ദിനങ്ങളാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ചെറിയ പ്രാദേശികസഭകളിലെ വളർച്ചയെ ഓർത്ത് ദൈവത്തിന് നന്ദി പറയാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. അവിടെ മുൻതലമുറകളിലെ അജപാലകർ വിതച്ച വിത്തുകളുടെ ഫലങ്ങളാണ് നാം ഇപ്പോൾ കാണുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പത്രോസ്, പൗലോസ് അപ്പസ്തോലന്മാരുടെ കല്ലറകളിലേക്കുള്ള നിങ്ങളുടെ തീർത്ഥയാത്ര, ക്രിസ്തുവിലുള്ള വിശ്വാസത്തിലും, സഭയുടെ ഐക്യത്തിലും വളരാൻ നിങ്ങളെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. അങ്ങനെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൈവവിശ്വാസമെന്ന അനുഗ്രഹം മറ്റുളളവരുമായി പങ്കിടാനായി ഉത്സാഹത്തോടെ നിങ്ങളുടെ നാടുകളിലേക്ക് തിരികെപ്പോകാൻ നിങ്ങൾക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സുവിശേഷത്തിലൂടെ പങ്കുവയ്ക്കപ്പെടുന്ന രക്ഷയുടെ സന്ദേശം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് പകരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. പ്രായഭേദമന്യേ പിതാവിന്റെ കരുണനിറഞ്ഞ സ്നേഹം സാക്ഷ്യപ്പെടുത്താൻ നിങ്ങൾക്ക് കടമയുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
യുദ്ധങ്ങൾ തുടരുന്ന യൂറോപ്പിലും ലോകത്തിന്റെ മറ്റെല്ലായിടങ്ങളിലും, ദൈവത്തിൽനിന്ന് മാത്രം വരുന്ന അനുരഞ്ജനത്തിന്റെയും, സൗഖ്യത്തിന്റെയും സമാധാനത്തിന്റേതുമായ സന്ദേശത്തിന് സാക്ഷ്യം നൽകാൻ നിങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മറ്റു മതവിശ്വാസികളുമായിപ്പോലും സഹകരിച്ചും, സംവദിച്ചും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.
ഏപ്രിൽ 27-ന് കാർലോ അക്കൂത്തിസിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, ഇന്നത്തെ ലോകത്തും യുവജനങ്ങൾക്ക് യേശുവിനെ പിന്തുടരാനും മറ്റുള്ളവരുമായി അവന്റെ ഉദ്ബോധനങ്ങൾ പങ്കിടാനും സാധിക്കുമെന്നാണ് വാഴ്ത്തപ്പെട്ട കാർലോ കാണിച്ചുതരുന്നതെന്ന് തീർത്ഥാടകരിലെ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത്തരമൊരു ജീവിതം വഴി ആനന്ദത്തിലും, സ്വാതന്ത്ര്യത്തിലും വിശുദ്ധിയിലും ജീവിതത്തിന്റെ പൂർണ്ണത കണ്ടെത്താനാകുമെന്ന് കാർലോ നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. തന്റെ സന്ദേശം തങ്ങളുടെ നാട്ടിലെ യുവസുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും പാപ്പാ ആഹ്വാനം ചെയ്തു. സഭയ്ക്ക് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: