തിരയുക

സ്നേഹിക്കുന്നവൻ ജീവിക്കുന്നു, ദ്വേഷിക്കുന്നവൻ മരിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: നമ്മുടെ ജീവിതത്തെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം സ്നേഹമാണെന്നും നമ്മുടെ ഇടയിൽ നമ്മിലൊരാളായുള്ള വാസമാണ് യേശുവിൻറെ നവീനതയെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിൻറെ സമർപ്പണത്തിരുന്നാളും ലോകസമർപ്പിത ജീവിത ദിനവും ആചരിക്കപ്പെട്ട ഈ ഞായാറാഴ്ച (02/02/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് നിരവധി സമർപ്പിതരുൾപ്പടെയുള്ള വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (02/02/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ  സുവിശേഷം രണ്ടാം അദ്ധ്യായം, 22-40 വരെയുള്ള  വാക്യങ്ങൾ, അതായത്, മോശയുടെ നിയമമനുസരിച്ച് കർത്താവിന് സമർപ്പിക്കാൻ മാതാപിതാക്കൾ യേശുവിനെ ജറുസലേമിലേക്കു കൊണ്ടുപോകുന്നതും ദേവാലയത്തിലുണ്ടായിരുന്ന വൃദ്ധനായ ശിമയോൻ യേശുവിനെ കൈയിലെടുക്കുകയും അദ്ദേഹവും ഒപ്പമുണ്ടായിരുന്ന വൃദ്ധയായ അന്നാ പ്രവാചികയും പ്രവചിക്കുന്നതുമായ സംഭവവിവരണം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

കർത്താവിൻറെ സമർപ്പണം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ ആരാധനക്രമത്തിലെ സുവിശേഷം (ലൂക്കാ 2:22-40) നമ്മോടു പറയുന്നത് ജറുസലേംദേവാലയത്തിലേക്ക് ഉണ്ണിയേശുവിനെ കൊണ്ടുവരുന്ന മറിയത്തെയും ജോസഫിനെയും കുറിച്ചാണ്. ജീവൻ കർത്താവിൽ നിന്നാണ് വരുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ അവർ അവനെ നിയമനുസരിച്ച് ദൈവത്തിൻറെ  ആലയത്തിൽ സമർപ്പിക്കുന്നു. തലമുറതലമുറയായി ഇസ്രായേൽ ജനത എപ്പോഴും ചെയ്തിരുന്നത് തിരുക്കുടുംബം ചെയ്യുമ്പോൾ, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതായ ഒന്ന് സംഭവിക്കുന്നു.

ശിമയോനും അന്നയും

വൃദ്ധരായ രണ്ടുപേർ, ശിമയോനും അന്നയും യേശുവിനെക്കുറിച്ച് പ്രവചിക്കുന്നു: ഇരുവരും ദൈവത്തെ സ്തുതിക്കുകയും "ജറുസലേമിൻറെ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും" ശിശുവിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു (ലൂക്കാ,2,38). ഇസ്രായേലിൻറെ പ്രതീക്ഷകളുടെ പൂർത്തീകരണം പ്രഖ്യാപിച്ചുകൊണ്ട്, അവരുടെ വികാരഭരിത സ്വരം ആലയത്തിലെ പുരാതന ശിലകൾക്കിടയിൽ മുഴങ്ങുന്നു. ദൈവം തൻറെ ജനത്തിനിടയിൽ യഥാർത്ഥത്തിൽ സന്നിഹിതനാണ്: നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്നതുകൊണ്ടല്ല, മറിച്ച് അവിടന്ന് മനുഷ്യർക്കിടയിൽ ഒരു മനുഷ്യനായി ജീവിക്കുന്നതുകൊണ്ടാണ്. ഇതാണ് യേശുവിൻറെ നവീനത. ശിമയോൻറെയും അന്നയുടെയും വാർദ്ധക്യത്തിൽ, ലോകചരിത്രത്തെ മാറ്റിമറിക്കുന്ന പുതിയൊരു കാര്യം സംഭവിക്കുന്നു.

വിസ്മയത്തിലാഴുന്ന മറിയവും യൗസേപ്പും - യേശുവിൻറെ മൂന്നു വിശേഷണങ്ങൾ

മറിയവും ജോസഫുമാകട്ടെ കേട്ട കാര്യങ്ങളിൽ "അത്ഭുതപ്പെട്ടു" (ലൂക്കാ 2,33). വാസ്തവത്തിൽ, ശിശുവിനെ കൈയിലെടുത്തുകൊണ്ട്, ശിമയോൻ കുഞ്ഞിനെ മനനയോഗ്യമായ, മനോഹരമായ മൂന്ന് രീതികളിൽ വിളിക്കുന്നു. മൂന്നു രീതികൾ, മൂന്നു പേരുകൾ അവന് നല്കുന്നു. യേശു രക്ഷയാണ്; യേശു വെളിച്ചമാണ്; യേശു വൈരുദ്ധ്യത്തിൻറെ അടയാളമാണ്.

രക്ഷ

സർവ്വോപരി, യേശു രക്ഷയാണ്. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് ശിമയോൻ ഇങ്ങനെ പറയുന്നു: "സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എൻറെ കണ്ണുകൾ കണ്ടുകഴിഞ്ഞു" (ലൂക്കാ 2,30-31). ഇത് എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു: ഒരുവനിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന സാർവ്വത്രിക രക്ഷ! അതെ, കാരണം യേശുവിൽ ദൈവത്തിൻറെയും അവൻറെ സ്നേഹത്തിൻറെയും പൂർണ്ണത കുടികൊള്ളുന്നു (കൊളോസ്യർ 2:9 കാണുക).

വെളിച്ചം

രണ്ടാമത്തെ വശം: യേശു "വിജാതീയരെ പ്രകാശിപ്പിക്കുന്നതിനുള്ള വെളിച്ചമാണ്" (ലൂക്കാ 2,32). ലോകത്തിൽ ഉദിക്കുന്ന സൂര്യനെപ്പോലെ, ഈ പൈതൽ അതിനെ തിന്മയുടെയും വേദനയുടെയും മരണത്തിൻറെയും അന്ധകാരത്തിൽ നിന്ന് വീണ്ടെടുക്കും. ഇന്നും നമുക്ക് ഈ വെളിച്ചം എത്രമാത്രം ആവശ്യമാണ്!

വൈരുദ്ധ്യത്തിൻറെ അടയാളം

അവസാനമായി, ശിമയോൻ ആലിംഗനം ചെയ്ത ശിശു "അനേകരുടെ ഹൃദയങ്ങവിചാരങ്ങൾ വെളിപ്പെടുന്നതിന്"  വൈരുദ്ധ്യത്തിൻറെ അടയാളമാണ്, (2,35). മുഴുവൻ ചരിത്രത്തെയും അതിൻറെ നാടകീയതയെയും, അതുപോലെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെയും വിലയിരുത്തുന്നതിനുള്ള മാനദണ്ഡം യേശു വെളിപ്പെടുത്തുന്നു. എന്താണ് ഈ മാനദണ്ഡം? അത് സ്നേഹമാണ്: സ്നേഹിക്കുന്നവൻ ജീവിക്കുന്നു, ദ്വേഷിക്കുന്നവൻ മരിക്കുന്നു. യേശു രക്ഷയാണ്, യേശു വെളിച്ചമാണ്, വൈരുദ്ധ്യത്തിൻറെ അടയാളമാണ്.

ആത്മശോധന

യേശുവുമായുള്ള ഈ കൂടിക്കാഴ്ചയാൽ പ്രബുദ്ധരായി നമുക്ക് സ്വയം ചോദിക്കാം: ഞാൻ എൻറെ ജീവിതത്തിൽ എന്താണ് പ്രതീക്ഷിക്കുന്നത്? എൻറെ വലിയ പ്രതീക്ഷ എന്താണ്? കർത്താവിൻറെ മുഖം കാണാൻ എൻറെ ഹൃദയം ആഗ്രഹിക്കുന്നുണ്ടോ? മനുഷ്യവർഗ്ഗത്തിനായുള്ള അവൻറെ പരിത്രാണപദ്ധതിയുടെ ആവിഷ്ക്കാരം ഞാൻ കാത്തിരിക്കുന്നുണ്ടോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ചരിത്രത്തിൻറെ വെളിച്ചങ്ങളിലൂടെയും ഇരുളുകളിലൂടെയും നമ്മെ സദാ കർത്താവുമായുള്ള കൂടിക്കാഴ്ചയിലേക്കു നയിക്കുന്നതിനായി, ഏറ്റവും പരിശുദ്ധ അമ്മയായ മറിയയോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന കർത്തൃപ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  - ജീവൻറെ ദിനം

ആശീർവ്വാദാനന്തരം പാപ്പാ ഇറ്റലിയിൽ ജീവനുവേണ്ടിയുള്ള ദിനം “ലോകത്തിന് ജീവൻ, പ്രത്യാശ പകരുക” എന്ന ആപ്തവാക്യവുമായി ഈ ഞായാറാഴ്ച (02/02/25) ആചരിക്കപ്പെട്ടത് അനുസ്മരിച്ചു. ജീവൻറെ ദാനം സസന്തോഷം സ്വീകരിക്കുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിലും കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്നതിന് ഭയമില്ലാതിരിക്കാൻ യുവദമ്പതികൾക്ക് പ്രചോദനം പകരുന്നതിലും താൻ ഇറ്റലിയിലെ മെത്രാന്മാരോടൊപ്പം ചേരുന്നവെന്ന് പാപ്പാ പറഞ്ഞു. ജീവനുവേണ്ടിയുള്ള ഇറ്റാലിയൻ പ്രസ്ഥാനം അമ്പതു വർഷം പൂർത്തിയാക്കുന്നതും അനുസ്മരിച്ച പാപ്പാ സുവർണ്ണ ജൂബിലിയാശംസകൾ നേർന്നു.

കുഞ്ഞുങ്ങളുടെ അവകാശങ്ങളെ അധികരിച്ചുള്ള വത്തിക്കാൻ ഉച്ചകോടി

കുഞ്ഞുങ്ങളുടെ അവകാശങ്ങളെ അധികരിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ മൂന്നാം തീയതി തിങ്കളാഴ്ച നടക്കുന്നതും “നമുക്കവരെ സ്നേഹിക്കാം സംരക്ഷിക്കാം” എന്ന വിചിന്തന പ്രമേയം അതു സ്വീകരിച്ചിരിക്കുന്നതും പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദാനന്തരം അനുസ്മരിക്കുകയും അതിൽ താനും പങ്കെടുക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു അതുല്യ അവസരമാണിതെന്ന്  പറഞ്ഞ പാപ്പാ ഈ ഉച്ചകോടിയുടെ വിജയത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

യുദ്ധം അരുത്

മനുഷ്യജീവൻറെ പ്രാഥമിക മൂല്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ എല്ലാം നശിപ്പിക്കുന്ന, ജീവനെ നശിപ്പിക്കുന്ന, അതിനെ അവമതിക്കുന്നതിലേക്ക് നയിക്കുന്ന യുദ്ധം"അരുത്" എന്നും യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നാം മറക്കരുതെന്നും ആവർത്തിച്ചു. നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്തുന്നതിന് ഈ ജൂബിലി വർഷത്തിൽ ചർച്ചകളിലൂടെ സാധ്യമായതെല്ലാം ചെയ്യുന്നതിന്, പ്രത്യേകിച്ച്, ക്രൈസ്തവരായ ഭരണാധികാരികളോട്, തൻറെ അഭ്യർത്ഥന പാപ്പാ നവീകരിക്കുകയും പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

മദ്ധ്യാഹ്നപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഫെബ്രുവരി 2025, 11:05

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >