കോംഗോയിലെ സായുധസംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ സാധാരണജീവിതം തകരാറിലാക്കിക്കൊണ്ട്, രാജ്യത്തെ ഗോമ, തലസ്ഥാനമായ കിൻഷാസ എന്നിവിടങ്ങളിൽ അരങ്ങേറുന്ന ആക്രമണങ്ങളും പ്രതിഷേധപ്രകടനങ്ങളും അവസാനിപ്പിക്കാനായുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ. കോംഗോയിലെ സുരക്ഷാസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സായുധസംഘർഷങ്ങളും അവസാനിപ്പിക്കാൻ, സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും പാപ്പാ അഭ്യർത്ഥിച്ചു. മിലിട്ടറി ഇടപെടലുകൾ നടന്നുവരുന്ന ഗോമയിലും മറ്റെല്ലായിടങ്ങളിലും സാധാരണജനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
കോംഗോ തലസ്ഥാനമായ കിൻഷാസയിൽ നടന്നുവരുന്ന അക്രമപരമായ പ്രതിഷേധപ്രകടനങ്ങളെ താൻ ഭയപ്പാടോടെയാണ് കാണുന്നതെന്ന് പറഞ്ഞ പാപ്പാ, വ്യക്തികൾക്കും അവരുടെ സ്വത്തിനും നേരെയുള്ള എല്ലാത്തരം ആക്രമണങ്ങളും അവസാനിക്കട്ടെയെന്ന് ആശംസിച്ചു. ജനുവരി 29 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ്, ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്.
കോംഗോയിൽ സമാധാനവും സുരക്ഷിതത്വവും ഉടനടി പുനഃസ്ഥാപിക്കപ്പെടാനായി തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പാപ്പാ, സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ നിലവിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ, പ്രാദേശിക അധികാരികളെയും അന്താരാഷ്ട്രസമൂഹത്തെയും ക്ഷണിച്ചു.
റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ ഗോമ നഗരം വിമതർ കീഴടക്കിയതിനെത്തുടർന്നാണ് രാജ്യത്ത് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ചൊവ്വാഴ്ച രാജ്യതലസ്ഥാനമായ കിൻഷാസയിലുണ്ടായ പ്രതിഷേധത്തിൽ വിവിധ എംബസികൾ ആക്രമിക്കപ്പെട്ടിരുന്നു. ഏതാണ്ട് ഇരുപത് ലക്ഷത്തോളം വിമതരാണ് തലസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. വിവിധ സഭാസ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നേരെയും ആക്രമണമുണ്ടായി.
പതിവുപോലെ, പാലസ്തീനാ, ഇസ്രായേൽ, മ്യാന്മാർ തുടങ്ങി, യുദ്ധങ്ങൾ തുടരുന്ന എല്ലാ രാജ്യങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടാൻവേണ്ടി പ്രാർത്ഥിക്കാനും ഇറ്റാലിയൻ പാപ്പാ ആഹ്വാനം ചെയ്‌തു. യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണെന്നും, സമാധാനത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ ആവർത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: