തിരയുക

സുവിശേഷത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവർ ഇന്നും നിരവധി, പാപ്പാ!

ഫ്രാൻസീസ് പാപ്പാ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ (26/12/24) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഢിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും ചിലപ്പോൾ അവർ വധിക്കപ്പെടുകപോലും ചെയ്യുന്നുണ്ടെന്നും പാപ്പാ.

പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ (26/12/24) വത്തിക്കാനിൽ നിയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ദുഃഖകരമായ അവസ്ഥയെക്കുറിച്ചു പറഞ്ഞത്.

മരണസമയത്ത് വിശുദ്ധ സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണെന്നും വാസ്തവത്തിൽ, ഒറ്റനോട്ടത്തിൽ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു യഥാർത്ഥ സ്വതന്ത്ര മനുഷ്യൻ എന്ന നിലയിൽ, അവൻ, യേശു കുരിശിൽ ചെയ്തതു പോലെ, തൻറെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തൻറെ ജീവൻ നൽകുകയും ചെയ്യുന്നുവെന്നും അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പാ പറഞ്ഞു.

ഇപ്രകാരം സ്റ്റീഫൻ നമ്മുടെ മുന്നിൽ "എല്ലാവരും രക്ഷപ്പെടണം" (1 തിമോ 2.4), ആരും നശിച്ചുപോകരുത് (യോഹന്നാൻ 6.39; 17.1-26 കാണുക) എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിൻറെ സാക്ഷിയായി പ്രത്യക്ഷപ്പെടുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. തൻറെ മക്കൾക്ക്, ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന ആ പിതാവിൻറെ സാക്ഷിയാണ് വിശുദ്ധ സ്റ്റീഫൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസത്തെപ്രതി മരണം വരെ പീഢിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല  തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽ നിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണെന്നും അവർ ഇതു ചെയ്യുന്നത് പ്രഥമതഃ തങ്ങളുടെ കൊലയാളികളുടെ നന്മയ്ക്കുവേണ്ടിയാണെന്നും പാപ്പാ വിശദീകരിച്ചു. ഇതാണ് ദൈവസ്നേഹമെന്നും ലോകത്തെ രക്ഷിക്കുന്ന ഈ സ്നേഹം നമുക്ക് എത്രമാത്രം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഡിസംബർ 2024, 12:47

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >