വാർത്താമാധ്യമങ്ങളിലൂടെയും സുവിശേഷവത്കരണം നടത്തുന്ന ക്രിസ്തുശിഷ്യരെ ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിവിധ വാർത്താമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണരംഗത്ത് സഹായമേകുന്ന ആളുകളെ സഭയ്ക്ക് ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകിയ സുവിശേഷപ്രഘോഷണനിയോഗം തുടരുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് ക്രൈസ്തവസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ സ്പാനിഷ് ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഇ.എസ്.എൻ.ഇ, (ESNE) ടെലിവിഷൻ ചാനൽ പ്രതിനിധിസംഘത്തിന് നവംബർ 28 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സാമൂഹ്യമാധ്യമങ്ങൾക്ക് സുവിശേഷവത്കരണരംഗത്തുള്ള പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്. "വിതക്കാരൻ - നവ സുവിശേഷവത്കരണം" (El Sembrador – Nueva Evangelización) എന്ന പേരിൽ, നോയേൽ ദിയാസ് (Noeles Díaz) എന്ന വ്യക്തിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഇ.എസ്.എൻ.ഇ. ചാനൽ.
വാർത്താവിനിമയരംഗത്ത് പ്രധാന മാദ്ധ്യസ്ഥനായി നമുക്ക് പരിശുദ്ധ ത്രിത്വത്തെ കണമെന്നുപറഞ്ഞ പാപ്പാ, ഇത്, ത്രിത്വത്തിലെ മൂവരും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തി മുന്നോട്ടുപോകുന്നു എന്നതിനാലാണെന്ന് വിശദീകരിച്ചു. പുതിയ സുവിശേഷവത്കരണത്തിനുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ക്ഷണത്തിന് ഇ.എസ്.എൻ.ഇ. സ്ഥാപനത്തിലൂടെ നൽകിയ പ്രത്യുത്തരത്തിന് ചാനൽ സ്ഥാപകനും സഹപ്രവർത്തകർക്കും ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു.
വിശുദ്ധ കുർബാനയും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട മറ്റു പരിശീലനങ്ങളും സഭാവാർത്തകളും നേരിട്ട് ലഭിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടനുഭവയ്ക്കുന്ന മനുഷ്യർക്ക്, അത് മാധ്യമങ്ങളിലൂടെ സാധ്യമാക്കുന്നതിനായി സഹായിക്കുന്നതിന് പാപ്പാ നന്ദി പറഞ്ഞു. വടക്കേ അമേരിക്കയിൽ ഉൾപ്പെടെയുള്ള സ്പാനിഷ്‌ഭാഷക്കാരായ കുടിയേറ്റക്കാരിലേക്ക് പാപ്പയുടേതുൾപ്പെടെയുള്ള സന്ദേശങ്ങൾ എത്തിക്കുന്നതിനും, അവർക്ക് സഹായമായി നിൽക്കുന്നതിനും ഇ.എസ്.എൻ.ഇ,യുടെ പ്രവർത്തകർ ചെയ്യുന്ന ഉപകാരങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.
വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുമായുള്ള സഹകരണത്തിന് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞ പാപ്പാ, സ്വർഗ്ഗത്തിലേക്കും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സഹോദരങ്ങളിലേക്കും നോക്കി മുന്നോട്ട് പോകാനും, ഉദാരതയോടെയും, സർഗ്ഗാത്മകതയോടെയും പത്രോസാകുന്ന പാറമേൽ നങ്കൂരമിട്ടും, സഭാനിർദ്ദേശങ്ങളോട് അനുസരണത്തോടെയും വാർത്താവിനിമയരംഗത്തെ സേവനം തുടരാൻ ഇ.എസ്.എൻ.ഇ, സ്ഥാപകൻ നോയേൽ ദിയാസിനോടും സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു.
2016 ഫെബ്രുവരിയിൽ, ക്യൂബയിലേക്കും മെക്സിക്കോയിലേക്കുമുള്ള യാത്രാവേളയിൽ, നോയേൽ ദിയാസ്, അദ്ദേഹത്തിന്റെ അമ്മയ്ക്ക് നൽകിയ വാഗ്ദാനമനുസരിച്ച്, തന്റെ ഷൂ വൃത്തിയാക്കിയത് പാപ്പാ അനുസ്മരിച്ചു. ജീവനോടെയുണ്ടെങ്കിലും സ്വർഗ്ഗത്തിലാണെങ്കിലും, അമ്മമാർ നമുക്ക് നൽകിയ എല്ലാ നന്മകൾക്കും നാം നന്ദിയുള്ളവരായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: