യുദ്ധത്തിലും കൊടും തണുപ്പിലും വലയുന്ന ഉക്രൈൻ ജനതയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയെ നമുക്ക് മറക്കാതിരിക്കാമെന്ന് ആവർത്തിച്ച് ഫ്രാൻസിസ് പാപ്പാ. മുൻപ് പലതവണ അവർത്തിച്ചതുപോലെ കഴിഞ്ഞ ഞായറാഴ്ചയും വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലും ഉക്രൈനുവേണ്ടിയും, യുദ്ധങ്ങളിലൂടെ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തിരുന്നു.
ഉക്രൈൻ ജനത വളരെയേറെ ബുദ്ധിമുട്ടുകളനുഭവിക്കുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന കുട്ടികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട്, ഉക്രൈനിലെ കുട്ടികളെയും യുവജനങ്ങളെയും കുറിച്ച് ചിന്തിക്കാൻ ആഹ്വാനം ചെയ്തു. ഉക്രൈനിലെ കടുംശൈത്യത്തിൽ അവിടെയുള്ള കുട്ടികൾ ദുരിതമനുഭവിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ആ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാമെന്ന് ആവർത്തിച്ച് പറഞ്ഞു.
വിശുദ്ധ നാടുകളിൽ സമാധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ച പാപ്പാ, ഈയൊരു നിയോഗത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന് പറഞ്ഞു. നസ്രത്ത്, പാലസ്തീന, ഇസ്രായേൽ എന്നീ ഇടങ്ങളെ പ്രത്യേകം പരാമർശിച്ച പാപ്പാ നമുക്കേവർക്കും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് പലവുരു ആവർത്തിച്ചു.
പൊതുകൂടിക്കാഴ്ചയിലെ പ്രബോധനം ചൈനീസ് ഭാഷയിലും
ആഗമനകാലത്തിന്റെ ആരംഭത്തോടെ അടുത്ത ആഴ്ച മുതൽ ബുധനാഴ്ചകളിൽ താൻ നടത്തുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലെ മാതോദ്ബോധനത്തിന്റെ സംഗ്രഹം ചൈനീസ് ഭാഷയിലും തർജ്ജിമ ചെയ്യപ്പെടുമെന്ന് പാപ്പാ അറിയിച്ചു. നിലവിൽ ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തുന്ന പ്രഭാഷണത്തിന്റെ സംഗ്രഹം പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, പോർച്ചുഗീസ്, അറബ് ഭാഷകളിലാണ് പരിഭാഷപ്പെടുത്തുന്നത്. ഇറ്റാലിയൻ ഭാഷ കൂടാതെ സ്പാനിഷ് ഭാഷയിലും പാപ്പാ പ്രഭാഷണം നടത്താറുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: