കർദ്ദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മതാന്തരസംവാദങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി അദ്ധ്യക്ഷനും, കൊമ്പോണിയൻ കോൺഗ്രിഗേഷൻ അംഗവുമായിരുന്ന കർദ്ദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ, സമൂഹാംഗങ്ങൾക്കും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നവർക്കും തന്റെ അനുശോചനങ്ങൾ അറിയിച്ച് ഫ്രാൻസിസ് പാപ്പാ ടെലെഗ്രാം സന്ദേശമയച്ചു. സുവിശേഷത്തിനും സഭയ്ക്കുമായി മാതൃകാപരമായി സേവനമനുഷ്‌ഠിച്ച വ്യക്തിയായിരുന്നു കർദ്ദിനാൾ ഗിസ്സോത്തെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.
ഈജിപ്തിലും, സുഡാനിലും മിഷനറി സേവനമനുഷ്ഠിച്ച കർദ്ദിനാൾ ഗിസ്സോത്ത്, റോമിൽ അറബ്, ഇസ്ലാം മതവിശ്വാസം എന്നിവയ്ക്കായുള്ള പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും, പിന്നീട് മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയിലും നിരവധി വർഷങ്ങൾ മാതൃകാപരമായ സേവനമനുഷ്‌ഠിച്ചുവെന്ന് കൊമ്പോണിയൻ സമൂഹത്തിന്റെ വികാരി ജനറാൾ ഫാ. ദാവീദ് കോസ്‌ത ദൊമിംഗെസിനയച്ച തന്റെ സന്ദേശത്തിൽ പാപ്പാ രേഖപ്പെടുത്തി.
ജനതകളും മതങ്ങളും തമ്മിലുള്ള സാഹോദര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ, സൗമ്യതയോടും ജ്ഞാനത്തോടും കൂടി ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചതെന്ന് പാപ്പാ എഴുതി.
വിശ്വസ്‌തനായിരുന്ന ഈ ദാസനെ സ്വർഗ്ഗീയ ജെറുസലമിലേക്ക് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യത്താൽ കാരുണ്യവാനായ ദൈവം സ്വീകരിക്കട്ടെയെന്ന് തന്റെ സന്ദേശത്തിന്റെ അവസാനത്തിൽ എഴുതിയ പാപ്പാ, കർദ്ദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നവർക്ക് തന്റെ ആശീർവാദം നൽകി.
ദീർഘനാളുകളായി തുടർന്ന രോഗത്തെത്തുടർന്ന് നവംബർ 25 തിങ്കളാഴ്ചയാണ് മതാന്തരസംവാദങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗെൽ ആംഹെൽ അയൂസോ ഗിസ്സോത്ത് റോമിലെ ജെമെല്ലി ആശുപത്രിയിൽ വച്ച് നിര്യാതനായത്. അദ്ദേഹത്തിന് എഴുപത്തിരണ്ട് വയസ്സായിരുന്നു. 2019-ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയിൽ നിയമിച്ചത്.
കർദ്ദിനാൾ ഗിസ്സോത്തിന്റെ മൃതസംസ്കാരച്ചടങ്ങുകൾ നവംബർ 27 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് നടന്നു. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവാന്നി ബത്തിസ്ത്ത റേ ആയിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൃതസംസ്കാരച്ചടങ്ങുകളുടെ അവസാനഭാഗം ഫ്രാൻസിസ് പാപ്പായാണ് നടത്തിയത്.
കർദ്ദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം, അഹമ്മദ് അത് തയ്യിബ് ഉൾപ്പെടെ നിരവധി പേർ കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പായ്ക്ക് അനുശോചനസന്ദേശം അയച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: