മരുന്നിനേക്കാൾ പരിചരണമാണ് രോഗസൗഖ്യം നൽകുന്നത്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നേപ്പിൾസ് സർവ്വകലാശാലയിലെ ഫെദറിക്കോ രണ്ടാമൻ ദന്തചികിത്സാ വിഭാഗത്തിലെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. സർവ്വകലാശാല ആരംഭിച്ചിട്ട് എണ്ണൂറു വർഷങ്ങൾ പൂർത്തിയായ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിച്ചത്. വാർഷികങ്ങൾ, ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നു പറഞ്ഞ പാപ്പാ, നേപ്പിൾസിലെ ജനങ്ങൾ ഏറെ മിടുക്കരാണെന്നും കൂട്ടിച്ചേർത്തു.
തുടർന്ന്, വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രറ്റസിന്റെ മൂന്നു ആപ്തവാക്യങ്ങളും ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. വാർഷികാഘോഷങ്ങൾ, വൈദ്യശാസ്ത്ര പാരമ്പര്യത്തിലെ മൂന്നു മൂല്യങ്ങളെ ഒരിക്കൽ കൂടി ഓർമ്മയിൽ കൊണ്ടുവരുന്നത് തികച്ചും അനുയോജ്യമാണെന്നും പറഞ്ഞു. ആദ്യത്തേത് ആർക്കും ദോഷം ചെയ്യരുത് എന്നുള്ളതാണ്. ഏറെ വേദനകൾ അനുഭവിക്കുന്ന ഒരു രോഗിക്ക് ഇനി ഒരു വേദന നൽകാതിരിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഒരു ആരോഗ്യപ്രവർത്തകന്റെ കടമയാണെന്ന് പാപ്പാ പറഞ്ഞു.
രണ്ടാമത്തെ മൂല്യമായ ശ്രദ്ധിക്കുക, പരിചരിക്കുക എന്ന കാര്യം വിശദീകരിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിൽ രോഗാവസ്ഥയിൽ കഴിഞ്ഞ അനുഭവവും പങ്കുവച്ചു. അടുപ്പം, അനുകമ്പ, ആർദ്രത എന്നീ മൂന്നുദൈവീക ഗുണങ്ങൾ ഒത്തുചേരുന്നതാണ് പരിചരണത്തിന്റെ കാതൽ എന്ന് പറഞ്ഞ പാപ്പാ, ഇത് ഒരു സുവിശേഷാധിഷ്ഠിതമായ സേവനമാണെന്നും പങ്കുവച്ചു. ഈ പരിചരണം സമഗ്രമാണെന്നും പാപ്പാ പറഞ്ഞു. ഇരുപതാമത്തെ വയസ്സിൽ തന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത അവസരത്തിൽ, മരുന്നുകൾ തന്നതിനുശേഷം, തന്നെ ആർദ്രതയോടെ ശുശ്രൂഷിച്ച നേഴ്‌സുമാരുടെ സേവനം പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
അവസാനത്തെ മൂല്യം രോഗശാന്തി എന്നുള്ളതാണ്. ജനങ്ങളുടെ ഇടയിൽ എല്ലാത്തരം രോഗങ്ങളും ബലഹീനതകളും സുഖപ്പെടുത്തിയ യേശുവിനെപ്പോലെയാകാൻ എല്ലാ ആരോഗ്യപ്രവർത്തകർക്കും സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു. അവസാനമായി, വൈദ്യശാസ്ത്രം ഇന്ന് കടന്നുപോകുന്ന സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തെക്കുറിച്ചു എടുത്തു പറഞ്ഞ പാപ്പാ, കമ്പോളത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും താൽപ്പര്യങ്ങൾക്ക് വശംവദരാകാതെ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുവാനും, മനുഷ്യന്റെ വേദനയിൽ അവനെ അനുഗമിക്കുവാനും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: