തിരയുക

സമ്മേളനത്തിൽ നിന്നും സമ്മേളനത്തിൽ നിന്നും  

പരിസ്ഥിതി സംരക്ഷണത്തിനുള്ള പാപ്പായുടെ ആഹ്വാനം പ്രായോഗികമാക്കണം

വത്തിക്കാനിലേക്കുള്ള ബൊളീവിയ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളുടെ എംബസികൾ സംഘടിപ്പിച്ച, ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളുടെ വെളിച്ചത്തിൽ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച സെമിനാറിൽ, ലോകത്തിന്റെ ഉത്തരമേഖലകളിലേക്കു കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം പ്രത്യേകമായി ചർച്ച ചെയ്യപ്പെട്ടു

എദോവാർദോ, ജിരിബാൾദി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രകൃതിയുടെ മേൽ മനുഷ്യന്റെ ആധിപത്യമല്ല, മറിച്ച് സകല സൃഷ്ടികളോടും ബന്ധം സ്ഥാപിക്കുവാനുള്ള അഭ്യർത്ഥനയെ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്, വത്തിക്കാനിലേക്കുള്ള ബൊളീവിയ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളുടെ എംബസികൾ, ഫ്രാൻസിസ് പാപ്പായുടെ  ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളുടെ വെളിച്ചത്തിൽ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച സെമിനാർ സംഘടിപ്പിച്ചു. റോമിലെ സാൻ കലിസ്‌തോ ശാലയിൽ വച്ച് നടന്ന സമ്മേളനത്തിൽ, ലാറ്റിനമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്, പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൻ്റെ ചാൻസലർ കർദിനാൾ പീറ്റർ ടർക്സൺ,  പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് പ്രസിഡൻ്റ്  മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ, ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ഡോ. പൗളോ റുഫിനി എന്നിവർ കാലാവസ്ഥാപ്രതിസന്ധികളുടെ വിവിധ വശങ്ങളെ അധികരിച്ചു സംസാരിച്ചു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക സന്ദേശവും വായിക്കപ്പെട്ടു.

കാലാവസ്ഥ വ്യതിയാനത്തിന്റെ അടയാളങ്ങളെ മറയ്ക്കുവാനോ, അവയെ മറ്റു തരത്തിൽ അവതരിപ്പിക്കുവാനോ ശ്രമിക്കുന്നത് ശരിയായ ഒരു പ്രവണതയല്ലെന്നും, ഇവ ദരിദ്രരാജ്യങ്ങളെ രൂക്ഷമായി ബാധിക്കുമെന്നും പാപ്പായുടെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. അതിനാൽ ജനങ്ങൾ തമ്മിലും, സകല സൃഷ്ടികളുമായും അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കണമെന്നും പാപ്പാ പറഞ്ഞു.  

രൂക്ഷമാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വാക്കുകളുടെ പ്രകടനത്തിൽ നിന്നും, പ്രവൃത്തികളിലേക്ക് മാറേണ്ടതിന്റെ അടിയന്തിര സാഹചര്യം കർദിനാൾ പ്രിവോസ്റ്റ് പ്രത്യേകം എടുത്തു പറഞ്ഞു. പ്രകൃതിയുടെ മേൽ മനുഷ്യൻ സ്വേച്ഛാധിപത്യം നടത്തരുതെന്നും, മറിച്ച് സൃഷ്ടികളുടെ മേൽ സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റണമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

മനുഷ്യപുരോഗതിയുടെ അർത്ഥത്തിലും സമ്പദ്‌വ്യവസ്ഥയുടെ നടത്തിപ്പിലും നമ്മുടെ ജീവിതരീതികളിലും ദിശാമാറ്റം അടിയന്തിരമായി ആവശ്യമാണെന്ന് കർദിനാൾ പീറ്റർ ടർക്സൺ പറഞ്ഞു. സൃഷ്ടിയുടെ പരിപാലനത്തിൽ നാം സഹസ്രഷ്ടാക്കളെന്ന ചിന്തകൾ നമുക്ക് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ തകർച്ച തടയുന്നതിന് പൊന്തിഫിക്കൽ അക്കാദമിയുടെ പ്രവർത്തനങ്ങൾ മോൺസിഞ്ഞോർ വിൻചെൻസൊ പാല്യയും എടുത്തു പറഞ്ഞു.

ലോകത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ തെറ്റായ വിവിവരണങ്ങൾ നൽകുന്നത് നിർത്തിക്കൊണ്ട്, ശരിയായ വിവരങ്ങൾ സമൂഹത്തിനു കൈമാറുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് ഡോ. പൗളോ റുഫിനി പറഞ്ഞു. ഞങ്ങൾക്ക് എല്ലാം അറിയാം, പക്ഷേ ഞങ്ങൾക്കൊന്നും അറിയില്ല" എന്ന് ഓസ്കാർ വൈൽഡിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്,  ശാസ്ത്രത്തിന് തുല്യമായ പത്രപ്രവർത്തന പരിചരണവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സെമിനാറിൽ, ലാറ്റിനമേരിക്കയിൽ നടക്കുന്ന കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങളെക്കുറിച്ചും, അവയെ ഒഴിവാക്കുവാൻ നടത്തുന്നതും, നടക്കേണ്ടതുമായ വിവിധ പ്രായോഗിക മാർഗങ്ങളെക്കുറിച്ചു സംസാരിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പാരിസ്ഥിതിക ഉന്നമനത്തിനു വേണ്ടി ഫ്രാൻസിസ് പാപ്പാ നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും അവർ നന്ദി പറഞ്ഞു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2024, 13:24