സാഹോദര്യവും സഹവർത്തിത്വവും ജീവിക്കുക: മതാന്തരസമ്മേളനത്തിൽ പാപ്പായുടെ പ്രഭാഷണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഏഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചും, തനിക്ക് വലിയ ഇമാം നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. മാനവികതയ്ക്കായുള്ള വലിയൊരു ഭവനമാണ് ഈ പ്രാർത്ഥനയുടെ ഇടമെന്ന് വിശേഷിപ്പിച്ച പാപ്പാ, ഇവിടെ ഓരോരുത്തർക്കും തങ്ങളുടെ ഉള്ളിലുള്ള നിത്യതയുമായുള്ള ബന്ധത്തിന് പ്രാധാന്യം കൊടുക്കാനും, ദിവ്യതയുമായുള്ള കണ്ടുമുട്ടലിനായി പരിശ്രമിക്കാനും, മറ്റുള്ളവരുമായുള്ള സൗഹൃദത്തിന്റെ സന്തോഷം ജീവിക്കാനുമാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സാഹോദര്യവും സഹവർത്തിത്വവും ഐക്യവും
ഇന്തോനേഷ്യയിലെ ആളുകൾ, സംവാദങ്ങൾക്കും, പരസ്പരബഹുമാനത്തിനും, വിവിധ മതങ്ങളും, ആധ്യാത്മികചിന്തകളും ജീവിക്കുന്ന ആളുകൾക്കിടയിലുള്ള സഹവർത്തിത്വത്തിനും കൊടുക്കുന്ന പ്രാധാന്യത്തെ പാപ്പാ അഭിനന്ദിച്ചു. ഇസ്തിക്ലാൽ മോസ്കിന്റെ ശില്പിയായി പ്രവർത്തിച്ചത് ഫ്രഡറിച് സിലാബാൻ എന്ന ക്രൈസ്തവനായിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, മതാനുഭവങ്ങൾ, സാഹോദര്യവും സമാധാനവും നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചു.
അപരനുമായുള്ള കണ്ടുമുട്ടൽ
ഇസ്തിക്ലാൽ മോസ്‌കും, സ്വർഗ്ഗാരോപിതമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലുമായി ബന്ധിക്കുന്ന "സൗഹൃദത്തിന്റെ ടണൽ" എന്ന പേരിലുള്ള ഭൂഗർഭനടപ്പാതയെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഇത് ഒരു വിശിഷ്ടമായ അടയാളമാണെന്നും, ഇരു ആരാധനയിടങ്ങളും പരസ്പരം മുഖാഭിമുഖം നിൽക്കുന്നു എന്ന് മാത്രമല്ല, അവ തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നതെന്നും, അതുവഴി, പരസ്പരമുള്ള കണ്ടുമുട്ടലും, സംവാദങ്ങളും, സത്യസന്ധമായ സാഹോദര്യത്തിന്റെ അനുഭവവും ജീവിക്കാനുള്ള വഴിയാണ് നമുക്ക് മുന്നിൽ തുറന്നുകിടക്കുന്നതെന്നും ഓർമ്മിപ്പിച്ചു. നാമെല്ലാവരും, തുറന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായി, ദൈവത്തെ തേടിയുള്ള നമ്മുടെ ആധ്യാത്മികയാത്രകൾ നമ്മെ സഹായിക്കട്ടെയെന്ന് പരിശുദ്ധപിതാവ് ആശംസിച്ചു. അത്തരമൊരു സമൂഹം, പരസ്പരബഹുമാനത്തിലും, സ്നേഹത്തിലും അടിസ്ഥാനമിട്ടതായിരിക്കണമെന്നും, അവിടെ ഒരിക്കലും ന്യായീകരിക്കാനാകാത്തതും, അപകടകരവുമായ കഠിനമനഃസ്ഥിതിക്കും, മതമൗലികവാദത്തിനും, തീവ്രവാദചിന്തകൾക്കും ഇടമില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ആഴമേറിയ ബോധ്യങ്ങളിൽ വളരുക
നമ്മുടെ ജീവിതങ്ങളെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങളിൽ വളരാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. നിത്യതയ്ക്കായുള്ള നമ്മുടെ ആഗ്രഹത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളിലേക്ക് ശരിയായ രീതിയിൽ നോക്കുന്നതുവഴി, നമ്മെ വേർതിരിക്കുകയും അകറ്റുകയും ചെയ്യുന്നവയെക്കാൾ, നാം എല്ലാവരും എങ്ങനെ സഹോദരീസഹോദരന്മാരും, തീർത്ഥാടകരും ആണെന്ന് നമുക്ക് തിരിച്ചറിയാനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സർവ്വശക്തനായ ദൈവമാണ് ഇത്തരമൊരു ആഗ്രഹം നമ്മുടെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സുഹൃദ്ബന്ധങ്ങൾ വളർത്തുക
നമുക്കിടയിലെ വൈവിധ്യങ്ങളുടെ സമൃദ്ധിയുടെ ഇടയിലും, നമ്മെ ഒരുമിച്ചുനിറുത്തുന്ന കാര്യങ്ങൾ കണക്കിലെടുത്ത്, നമ്മുടെ സുഹൃദ്ബന്ധങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സത്യത്തെ തേടിയുള്ള നമ്മുടെ യാത്രയിൽ, നമുക്ക് മറ്റുള്ളവരുടെ മതപരമ്പര്യങ്ങളിൽനിന്ന് പഠിക്കാനാകുമെന്നും, നമ്മുടെ മാനുഷിക, ആധ്യാത്മിക ആവശ്യങ്ങൾ നേടുന്നതിനായി ഒരുമിച്ച് നിൽക്കാനാകുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിലും, പാവങ്ങളെ സഹായിക്കുന്നതിലും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും, നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിലുമൊക്കെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു.
മതൈക്യം പ്രോത്സാഹിപ്പിക്കുക
മാനവികതയുടെ നല്ല ഭാവിയെക്കരുതി മതങ്ങൾ തമ്മിലുള്ള ഐക്യം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് ഓർമ്മിപ്പിച്ചു. ഈ മോസ്കിൽ വച്ച് ഒപ്പിട്ട "ഇസ്തിക്ലാൽ പൊതുപ്രഖ്യാപനത്തിന്റെ" തലക്കെട്ടും പ്രധാന ആശയവും ഇതുതന്നെയാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. മതങ്ങൾ തമ്മിലുള്ള ഐക്യം വളർത്തുന്നതുവഴി, നമുക്ക് വളരെയേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും, യുദ്ധങ്ങളെയും, സംഘർഷങ്ങളെയും തരണം ചെയ്യാനാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ചിലപ്പോഴെങ്കിലും ഇത്തരം പ്രശ്നങ്ങൾ മതങ്ങളെ വളച്ചൊടിക്കുന്നതുവഴിയാണ് ഉണ്ടാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ മതപരമ്പര്യങ്ങളിലെ പൊതുവായ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുവഴി നമുക്ക് അക്രമത്തിന്റെയും, നിസ്സംഗതയുടെയും സംസ്കാരത്തെ തോൽപ്പിക്കാനാകുമെന്നും, അനുരഞ്ജനവും സമാധാനവും പ്രോത്സാഹിപ്പിക്കാനാകുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. വൈവിധ്യങ്ങളിലും ഒരുമിച്ച് നിൽക്കാനുള്ള ആഹ്വാനം നൽകിക്കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: