തിരയുക

ഫ്രാൻസീസ് പാപ്പാ ജി 7 സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത്, ഇറ്റലിയിലെ പൂല്യയിൽ , ബോർഗൊ എഞ്ഞാത്സിയൊയിലെ സമ്മേളന വേദിയിൽ, 14/06/24 ഫ്രാൻസീസ് പാപ്പാ ജി 7 സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത്, ഇറ്റലിയിലെ പൂല്യയിൽ , ബോർഗൊ എഞ്ഞാത്സിയൊയിലെ സമ്മേളന വേദിയിൽ, 14/06/24  (ANSA)

നിർമ്മിതബുദ്ധി ആകർഷണീയവും ആശങ്കാജനകവുമായ ഒരു ഉപകരണം, പാപ്പാ!

ഒരു പാപ്പാ ജി 7 സംഘത്തിൻറെ യോഗത്തെ ആദ്യമായി സംബോധന ചെയ്തു. ഇറ്റലിയുടെ തെക്കുകിഴക്കെ ഭാഗത്തുള്ള പൂല്യ പ്രദേശത്തെ ബോർഗൊ എഞ്ഞാത്സിയ (Borgo Egnazia) റിസോർട്ടിൽ ഈ മാസം 13-15 വരെ ചേർന്ന യോഗത്തിൽ വെള്ളിയാഴ്ച (14/06/24) ഉച്ചതിരിഞ്ഞാണ് ഫ്രാൻസീസ്പാപ്പാ പ്രസംഗിച്ചത്. നിർമ്മിത ബുദ്ധിയുടെ ഗുണദോഷ വശങ്ങൾ എടുത്തുകാട്ടുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിർമ്മിതബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി, ദൈവദത്തമായ രചനാത്മക ശക്തി മനുഷ്യൻ ഉപയോഗിക്കുന്നതിൻറെ ഫലമാണെന്നും എന്നാൽ അതിന് ഗുണകരമായ വശങ്ങൾക്കൊപ്പം ദോഷകരമായ മാനങ്ങളുമുണ്ടെന്നും മാർപ്പാപ്പാ.

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ  ഏഴു സമ്പന്ന രാജ്യങ്ങളും യൂറോപ്യൻ സമിതിയും അംഗങ്ങളായുള്ള ജി 7 (G7) എന്ന സംഘം ഇറ്റലിയുടെ തെക്കുകിഴക്കെ ഭാഗത്തുള്ള പൂല്യ പ്രദേശത്തെ ബോർഗൊ എഞ്ഞാത്സിയ (Borgo Egnazia) റിസോർട്ടിൽ ഈ മാസം 13-15 വരെ ചേർന്ന യോഗത്തെ വെള്ളിയാഴ്ച (14/06/24) ഉച്ചതിരിഞ്ഞു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ്പാപ്പാ.

ഒരു പാപ്പാ ജി 7 സംഘത്തിൻറെ യോഗത്തെ സംബോധന ചെയ്തത് നടാടെയാണ് എന്നത് ഇവിടെ പ്രസ്താവ്യമാണ്.

മനുഷ്യന് അവൻറെ പ്രവർത്തനത്തിൻറെ എല്ലാ മേഖലകളിലും സമാർത്ഥ്യവും ധിക്ഷണാശക്തിയും വിജ്ഞാനവും ഉണ്ടാകുന്നതിനായി ദൈവം തൻറെ ആത്മാവിനെ അവനു പ്രദാനം ചെയ്തുവെന്ന് വേദപുസ്തകാടിസ്ഥാനത്തിൽ വിശദീകരിച്ച പാപ്പാ ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യൻറെ സൃഷ്ടിപരമായ ഈ ശക്തിയുടെ അസാധാരണ ഉല്പന്നങ്ങളാണെന്ന് പ്രസ്താവിച്ചു.

വൈദ്യശാസ്ത്രം, സമ്പർക്കമാദ്ധ്യമങ്ങൾ, തൊഴിൽ, വിദ്യഭ്യാസം രാഷ്ട്രീയം തുടങ്ങിയ മനുഷ്യൻറെ എല്ലാ കർമ്മമണ്ഡലങ്ങളിലും തന്നെ അങ്ങേയറ്റം ശക്തമായ ഒരു ഉപകരണമാണ് നിർമ്മിത ബുദ്ധി എന്നു പറഞ്ഞ പാപ്പാ അതിൻറെ ഗുണദോഷങ്ങൾ അതിൻറെ വിനിയോഗത്തെ ആശ്രയിച്ചിരിക്കുമെന്ന് വ്യക്തമാക്കി.

അറിവ് എല്ലാവർക്കും സംലഭ്യമാക്കൽ, ശാസ്ത്രഗവേഷണരംഗത്തെ മുന്നേറ്റം, തൊഴിലിൻറെ കാഠിന്യം ലഘൂകരിക്കൽ തുടങ്ങിയ ഗുണകരമായ മാനങ്ങളും അതോടൊപ്പം, വികസിത അവികസിത നാടുകൾ തമ്മിലും ശക്തരും അടിച്ചമർത്തപ്പെട്ടവരും തമ്മിലുമുള്ള വിടവ് വർദ്ധിപ്പിക്കുന്നതു പോലുള്ള ദോഷവശങ്ങളും നിർമ്മിതബുദ്ധിക്കുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

സ്വയം നിയന്ത്രിത മാരകായുദ്ധങ്ങളുടെ വികസനം ഉപയോഗം തുടങ്ങിയവയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഒരു യന്ത്രവും മനുഷ്യജീവൻ ഇല്ലാതാക്കാണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ പാടില്ലയെന്നും എല്ലാവരും പങ്കുചേരുന്ന ഒരു ധാർമ്മിക നിർദ്ദേശത്തിൻറെ വീക്ഷണത്തിൽ മനുഷ്യ വ്യക്തിയുടെ അന്തസ്സ് കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കപ്പടണമെന്നും പറഞ്ഞ പാപ്പാ, അൽഗോരിതാധിഷ്ഠിത നൈതികതയാണ് നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് എന്ന് വിശദീകരിച്ചു.

നന്മയും മെച്ചപ്പെട്ടൊരു നാളെയും കെട്ടിപ്പടുക്കുന്നതാകണം നിർമ്മിതബുദ്ധിയുടെ പരിപാടികളെന്നും അവ ഒരോ മനുഷ്യവ്യക്തിയുടെയും നന്മ ലക്ഷ്യംവയ്ക്കുന്നതായിരിക്കണമെന്നും പാപ്പാ പറഞ്ഞു. നിർമ്മിതബുദ്ധിയിൽ മൂർത്തമാക്കപ്പെടുന്ന സാങ്കേതിക മാതൃക അപകടകരമായ ഒരു മാതൃക സൃഷ്ടിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി. ആകയാൽ ആരോഗ്യകരമായ രാഷ്ട്രീയ നടപടിയുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ ഭാവിയെ പ്രത്യാശയോടും ആത്മവിശ്വാസത്തോടും കൂടി നോക്കാൻ സാധിക്കുന്നതിന് "ആരോഗ്യകരമായ രാഷ്ട്രീയം" അനിവാര്യമാണെന്ന വസ്തുത പാപ്പാ ഊന്നിപ്പറഞ്ഞു.

നിർമ്മിത ബുദ്ധി നല്ല രീതിയിൽ വിനിയോഗിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും, അത്തരം നല്ല ഉപയോഗം സാധ്യമാകുന്നതിനും ഫലവത്താക്കുന്നതിനും സാഹചര്യമൊരുക്കേണ്ടത് രാഷ്ട്രീയമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2024, 13:11