തിരയുക

ഫ്രാൻസീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഊട്ടുമേശയിൽ, 13/11/23 ലെ ഒരു ചിത്രം ഫ്രാൻസീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത് ഊട്ടുമേശയിൽ, 13/11/23 ലെ ഒരു ചിത്രം  (VATICAN MEDIA Divisione Foto)

പാവപ്പെട്ടവർക്കായുള്ള ദിനാചരണവും പാപ്പായുടെ ദിവ്യപൂജാർപ്പണവും വത്തിക്കാനിൽ!

തിരുസഭാതലത്തിൽ ദരിദ്രർക്കായുള്ള ഏഴാം ലോകദിനാചരണം ഈ ഞായറാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദരിദ്രർക്കായുള്ള ഏഴാം ലോകദിനാചരണത്തോടനുബന്ധിച്ച് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും.

രാവിലെ പ്രാദേശിക സമയം പത്തു മണിക്കായിരിക്കും ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി ആരംഭിക്കുക. വിവിധ രാജ്യക്കാരായ പാവപ്പെട്ടവർ ഈ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കും.

ദിവ്യബലിക്കു ശേഷം പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോൾ ആറാമൻ ശാലയിൽ വച്ച് പാവപ്പെട്ടവരുമൊത്ത് ഉച്ചഭക്ഷണം കഴിക്കും. ഹിൽട്ടൺ ഹോട്ടലിൻറെ  ഇറ്റലിയിലുള്ള ശൃംഖലയാണ് ഈ ഭക്ഷണം സംഭാവന ചെയ്യുന്നത്.

2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പൊസ്തോലിക ലേഖനമായ “മസെരിക്കോർദിയ ഏത് മീസെര” (Misericordia et misera)-യിലൂടെ ഫ്രാൻസീസ് പാപ്പായാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

അനുവർഷം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവർക്കായുള്ള ദിനം ആഗോള സഭാതലത്തിൽ ആചരിക്കപ്പെടുക. ഇക്കൊല്ലം ഇത് ഈ ഞായറാഴ്ചയാണ് (19/11/23).

ഇത്തവണത്തെ, അതായത്, പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഏഴാമത്തെതായ, ഈ ദിനാചരണത്തിൻറെ വിചിന്തനം പ്രമേയം തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായത്തിൽ നിന്നെടുത്ത ഏഴാമത്തെതായ ഈ വാക്യമാണ്: “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്”

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2023, 17:55