മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ മഹാനന്ദങ്ങളിലൊന്ന്, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വതന്ത്രമായി മക്കളെ വളർത്താനും അവർക്ക് ശിക്ഷണമേകാനും മാതാപിതാക്കൾക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാർപ്പാപ്പാ.
യൂറോപ്പിലെ മാതാപിതാക്കളുടെ സമിതിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരുടെ നൂറോളംപേരടങ്ങുന്ന സംഘത്തെ ശനിയാഴ്‌ച (11/11/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണെന്നും ഇത് ദമ്പതികളിൽ പുതിയ ഊർജ്ജവും ആവേഗവും ആവേശവും ഉണർത്തുന്നുവെന്നും എന്നാൽ ഉടനടി ശിക്ഷണദായകങ്ങളായ ദൗത്യങ്ങൾ അവരിൽ നിക്ഷിപ്തമാകുന്നുവെന്നും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുമ്പോൾത്തന്നെ അവർക്ക് പക്വതയോടെ വളരുന്നതിനും സ്വയംപര്യാപ്തരാകുന്നതിനും നല്ല ശീലങ്ങൾ ആർജ്ജിക്കുന്നതിനുമുള്ള ഉത്തേജനം പകരുകയെന്ന മാതാപിതാക്കളുടെ കടമ പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വൈകാരികത, ലൈംഗികത എന്നിവയെ സംബന്ധിച്ച ഭാവാത്മക രൂപികരണത്തിന് മക്കളെ സഹായിക്കുക, മദ്യം മയക്കുമരുന്ന്, അശ്ലീലസാഹിത്യം അക്രമാസക്തമയ വീഡിയൊക്കളികൾ, ചൂതാട്ടം എന്നിവയുടെ പിടിയിൽ വീഴാതെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുക തുടങ്ങിയവയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. മാതാപിതാക്കളുടെ വിദ്യപ്രദായക ദൗത്യത്തിന് ഇന്ന്, ചുരുങ്ങിയത്, യൂറോപ്പിലെങ്കിലും, പ്രതികൂലമായ സാംസ്കാരിക പശ്ചാത്തലമാണുള്ളതെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.
വാസ്തവത്തിൽ, അത് നൈതികമായ ആത്മനിഷ്ഠവാദവും പ്രായോഗിക ഭൗതികവാദവും കൊണ്ട് മുദ്രിതമാണെന്നും മനുഷ്യ വ്യക്തിയുടെ അന്തസ്സ് എല്ലായ്പ്പോഴും ഉറക്കെ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും, ചിലപ്പോൾ യഥാർത്ഥത്തിൽ, അത് ആദരിക്കപ്പെടുന്നില്ലെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, മാതാപിതാക്കളിൽ വിദ്യാഭ്യാസത്തോടുള്ള ഒരു "അഭിനിവേശം" ജ്വലിപ്പിക്കുന്നതിന് നാം പരസ്പരം താങ്ങാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിദ്യ പ്രദാനംചെയ്യുക എന്നതിൻറെ വിവക്ഷ മനുഷ്യത്വമുള്ളവനാക്കുകയും മനുഷ്യനെ പൂർണ്ണ മനുഷ്യനാക്കുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ദൈവത്തിന് നമ്മോടുള്ള മഹാ സ്നേഹം കണ്ടെത്തുകയെന്നത് ഇതിനെല്ലാം മുൻവ്യവസ്ഥയായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: