പാപ്പാ : ആയുധങ്ങൾ കൊണ്ടല്ല, ശ്രവണവും, സംവാദവും, സഹകരണവും കൊണ്ട് കെട്ടിപ്പടുക്കുന്നതാണ് സമാധാനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
അന്തർദേശിയ സഹകരണവും സംവാദവും ലക്ഷ്യമിട്ടുകൊണ്ട് പാരീസിൽ നടക്കുന്ന സമ്മേളനത്തിൽ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച പാപ്പായുടെ സന്ദേശത്തിൽ കൂടുതൽ നീതിയുക്തവും, ഐക്യവും ശാന്തതയും നിറഞ്ഞ ഒരു ലോക സൃഷ്ടിക്ക് ഈ സമ്മേളനം സംഭാവന നൽകട്ടെ എന്നാശംസിച്ചു. വർദ്ധിച്ചു വരുന്ന സായുധസംഘർഷങ്ങളുടെ മുന്നിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്തവരായി കൈയും കെട്ടി നിൽക്കേണ്ടി വരുന്ന ഏറ്റവും വേദനാജനകമായ ലോക സാഹചര്യത്തിലാണെന്നത് ഓർത്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
സായുധസംഘർഷങ്ങൾ നമ്മുടെ പൊതു ഭവനത്തിനുണ്ടാക്കുന്ന സഹനങ്ങളും അനീതികളും നഷ്ടങ്ങളും പലപ്പോഴും തിരിച്ചെടുക്കാൻ പറ്റാത്തതാണെന്നും ഈ സമ്മേളനം പ്രത്യാശയുടെ അടയാളമാകട്ടെ എന്നും പാപ്പാ ആശംസിച്ചു. പലപ്പോഴും സ്വാർത്ഥ താൽപ്പര്യങ്ങളെ കുലീനമായ ഉദ്ദേശ്യങ്ങളുടെ കപട വേഷമണിയിച്ച് നടത്തുന്ന ഭീകരവാദത്തിന്റെയും യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും ഇരകളായി മാറുന്ന എല്ലാവരുടെയും നിലവിളി ശ്രവിക്കുന്നതിൽ അടിസ്ഥാനമാക്കിയ സത്യസന്ധമായ സംവാദത്തിനു സഹായമാകുന്നതാകട്ടെ സമ്മേളനത്തിന്റെ തീരുമാനങ്ങൾ എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനം കെട്ടിപ്പടുക്കുന്ന വേല ശ്രമകരവും നീണ്ടതുമാണ്. അതിന് ധൈര്യവും മൂർത്തമായ പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. ഭൂമിയിലുള്ള മനുഷ്യകുലത്തിന്റെ വർത്തമാനവും ഭാവിയും ഹൃദയത്തിൽ കരുതുന്ന സന്മനസ്സുള്ള സകലരുടേയും പ്രതിബദ്ധത ഇതിന് ആവശ്യമാണ്. പാപ്പാ ആഹ്വാനം ചെയ്തു. നീണ്ടു നിൽക്കുന്ന സമാധാനം കെട്ടിപ്പെടുക്കേണ്ടതിന് ഓരോ ദിവസവുമുള്ള പരിശ്രമം ആവശ്യമാണ്. അതിന് മനുഷ്യ വ്യക്തിയുടെ അന്തസ്സ് അംഗീകരിക്കുകയും ബഹുമാനിക്കുകയും പ്രോൽസാഹിപ്പിക്കുകയും വേണം. അതിൽ അവന്റെ അടിസ്ഥാന അവകാശമായി, മറ്റെല്ലാ മനുഷ്യാവകാശങ്ങളും ഉപയോഗിക്കാനുള്ള സാഹചര്യം തീർക്കുന്നതും പരിശുദ്ധ സിംഹാസനം അംഗീകരിക്കുന്ന പ്രത്യേക മനുഷ്യാവകാശവുമായ സമാധാനത്തിനുള്ള അവകാശവും ഉൾപ്പെടുന്നു എന്നത് പാപ്പാ എടുത്തു പറഞ്ഞു.
സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75ആം വർഷികം ആലോഷിക്കുന്ന ഈ വർഷത്തിൽ പോലും എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ലക്ഷകണക്കിനാളുകൾക്ക് 1948 ഡിസംബർ 10ന് എടുത്ത മഹാപ്രതിബദ്ധതയും യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് ഇനിയും നികത്താൻ കഴിഞ്ഞിട്ടില്ല എന്നും പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ സംഘങ്ങളുടെയും രാഷ്ട്രങ്ങളുടെയും വൈരാഗ്യം മൂലം ശാരീരിക മാനസിക സമഗ്രതയും ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം പോലും നിഷേധിക്കപ്പെടുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ കാര്യം മാത്രമല്ല, കുടിവെള്ളവും ആരോഗ്യപരമായ ഭക്ഷണവും, മതസ്വാതന്ത്ര്യം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, മാന്യമായ ജോലി എന്നിവ നിഷേധിക്കപ്പെടുന്നതും, കുട്ടികളെ യുദ്ധ പടയാളികളാക്കുന്ന ക്രൂരതയും അതിൽ നിന്നവർക്ക് ജീവിതാവസാനം വരെ ഏൽക്കേണ്ടി വരുന്ന ശാരീരിക, മാനസിക ആത്മീയ മുറിവുകളും പാപ്പാ വിഷയമാക്കി.
ഒരു യുദ്ധത്തിനും തന്റെ പുത്രൻ അംഗവിഹീനനാകയോ മരണമടയുകയോ ചെയ്യുന്നതു കാണുന്ന ഒരമ്മയുടെ കണ്ണീരിന്റെ വില നൽകാനാവില്ല എന്നും സൃഷ്ടാവിന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയുടെ ജീവനെയും വിശുദ്ധമായി കരുതേണ്ടതാണെന്നും ഫ്രാൻസിസ് പാപ്പാ ശക്തമായ ഭാഷയിൽ എഴുതി. യുദ്ധം മൂലം നമ്മുടെ പൊതു ഭവനം വിഷമയമാകുന്നതും, അതുമൂലം സ്വന്തം നാട് വിട്ടോടി, തലമുറകളോളം ബന്ധുക്കളും മറ്റും നഷ്ടപ്പെട്ട്, സാമൂഹ്യ സംസ്കാര അന്യവൽക്കരണം അനുഭവിക്കേണ്ടി വരുന്നവരുടെ ഗതിയും ഉയർത്തി കാണിച്ചു കൊണ്ട് സകല യുദ്ധങ്ങളെയും അക്രമങ്ങളെയും പാപ്പാ അപലപിച്ചു.
സമാധാനം ആയുധങ്ങൾ കൊണ്ടല്ല കെട്ടിപ്പടുക്കുന്നതെന്നും മറിച്ച് ക്ഷമാപൂർവ്വമുള്ള ശ്രവണവും, സംവാദവും, സഹകരണവും മാത്രമാണ് സംഘർഷങ്ങൾ പരിഹരിക്കാൻ മനുഷ്യനു ചേർന്ന ഒരേ ഒരു മാർഗ്ഗമെന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി. പരിശുദ്ധ സിംഹാസനം ആവർത്തിച്ചാവശ്യപ്പെടുന്ന ആയുധങ്ങളുടെ നിശബ്ദതയും, മരണത്തിന്റെ ഉപകരണങ്ങളായി മാറുന്ന ആയുധ നിർമ്മാണത്തിന്റെയും അതിന്റെ വ്യവസായത്തിന്റെയും പുനർവിചിന്തനവും മാത്രമല്ല സാവധാനത്തിൽ സമ്പൂർണ്ണമായ നിരായുധീകരണം നടപ്പിലാക്കണ്ട ആവശ്യകതയും പാപ്പാ സന്ദേശത്തിൽ ഊന്നി പറഞ്ഞു. അങ്ങനെ മാത്രമേ അത്യന്തികമായി സമാധാനത്തിന്റെ കാര്യം ഉച്ചത്തിലും വ്യക്തതയിലും കേൾക്കാൻ കഴിയു എന്നും പാപ്പാ വ്യക്തമാക്കി.
സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ പരസ്പരമുള്ള ആശയ കൈമാറ്റങ്ങളും ശ്രവണവും കൂടിക്കാഴ്ചയും ഓരോരുത്തരുടേയും വൈവിധ്യതയുടെ സമ്പന്നതയും സമാധാനത്തിന്റെ സംസ്കാരം വളർത്തുകയും സാഹോദര്യത്തിന്റെ മൂർത്തമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യട്ടെ എന്ന് പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: