"വത്തിക്കാൻ മ്യുസിയത്തിലെ കലയുടെ പരിപാലകർ" എന്ന സംഘടനയിലെ ആളുകളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ "വത്തിക്കാൻ മ്യുസിയത്തിലെ കലയുടെ പരിപാലകർ" എന്ന സംഘടനയിലെ ആളുകളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

കലയ്ക്ക് കാരുണ്യത്തിന്റെ സന്ദേശം പകരാനാകും: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ മ്യുസിയത്തിന്റെ പ്രവർത്തനങ്ങൾക്ക് വിവിധ രീതികളിൽ സഹായമേകുന്ന "വത്തിക്കാൻ മ്യുസിയത്തിലെ കലയുടെ പരിപാലകർ" എന്ന സംഘടനയിലെ ആളുകളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, അവരുടെ പ്രവർത്തങ്ങൾക്ക് നന്ദി പറയുകയും, ജീവിതങ്ങളിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിവിധ കലകളിലൂടെ വളർത്തുവാൻ കഴിയുന്ന മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭൂതകാലം വർത്തമാനകാലത്തിനും ഭാവിക്കുമായി നൽകുന്ന കലയെന്ന പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കലയ്ക്ക്, പ്രത്യേകിച്ച് മതപരമായ കലയ്ക്ക് കാരുണ്യത്തിന്റെയും, അനുകമ്പയുടെയും, സ്ഥൈര്യത്തിന്റെയും സന്ദേശം പകരാൻ സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ. വിശ്വാസികൾക്ക് മാത്രമല്ല, വിശ്വാസപരമായ സംശയത്തിൽ ജീവിക്കുന്നവർക്കും മാർഗ്ഗഭ്രംശം സംഭവിച്ചവർക്കും, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിൽ കഴിയുന്നവർക്കും, അതുപോലെ തന്നെ ജീവിതത്തിൽ ഒറ്റപ്പെട്ടവർക്കും മതപരമായ കലയ്ക്ക് ഇത്തരമൊരു സന്ദേശം പകരാൻ കഴിയുമെന്ന് പാപ്പാ വിശദീകരിച്ചു. വത്തിക്കാൻ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്ന "വത്തിക്കാൻ മ്യുസിയത്തിലെ കലയുടെ പരിപാലകർ" എന്ന പേരിലുള്ള സംഘടനയ്ക്ക് നവംബർ ഒൻപതിന് രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

ഈ സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾ, കലയ്ക്ക് അതിന്റെ വിവിധ രൂപങ്ങളിലൂടെ, മനുഷ്യമനസ്സുകളെയും ഹൃദയങ്ങളെയും, സൃഷ്ടിയുടെ ഭംഗിയിലേക്കും, നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകമായ മൂല്യത്തിലേക്കും, നമ്മുടെ മാനവികമായ വിളിയിലേക്കും തുറക്കാനുള്ള കഴിവിനെ അംഗീകരിക്കുകയും അമൂല്യമായ കാണുകയും ചെയ്യുന്നതിന്റെ മൂർത്തമായ അടയാളമെണെന്ന് പാപ്പാ പറഞ്ഞു. ഭൂതകാലത്തിന്റെ വിലയേറിയ പൈതൃകം കാത്തുപരിപാലിക്കുന്നതിനൊപ്പം, കല, ചരിത്രം, സംസ്കാരം, വിശ്വാസം എന്നിവ തമ്മിലുള്ള അന്തർലീനമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ യുവതലമുറയെ സഹായിക്കുന്നതിനും, ഇവിടുത്തെ കലാസൃഷ്ടികൾ കാത്തുസൂക്ഷിക്കുന്നതിനായുള്ള നിങ്ങളുടെ സംഭാവനകളും പ്രവൃത്തികളും സഹായിക്കുമെന്ന് സംഘടനാംഗങ്ങളോട് പാപ്പാ പറഞ്ഞു.

സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും, ലോകത്തെ സമ്പന്നമാക്കുന്ന സൃഷ്ടിപരമായ ആവിഷ്കാരങ്ങളെയും  പ്രതിനിധീകരിക്കുന്ന കലാപരമായ ഈ നിധികൾ കാത്തുസൂക്ഷിക്കുക എന്നത് മാത്രമല്ല, മറിച്ച്, മനുഷ്യഹൃദയത്തിന്റെ ആഴമേറിയ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുകയും ഉയർത്തുകയും വെളിപ്പെടുത്തുകയുമാണ് "വത്തിക്കാൻ മ്യുസിയത്തിലെ കലയുടെ പരിപാലകർ" എന്ന പേരിലുള്ള സംഘടനയുടെ ലക്ഷ്യമെന്ന് പാപ്പാ അനുസ്മരിച്ചു.

നമ്മുടെ പൊതുവായ മാനവികതയെ തിരിച്ചറിയാനും, സംസ്കാരങ്ങളും ജനതകളും തമ്മിൽ ബന്ധത്തിന്റെ പാലങ്ങൾ പണിയാനും, വിവിധ യുദ്ധങ്ങളാൽ മുറിവേൽപ്പിക്കപ്പെടുകയും, വിഭജിച്ചുനിൽക്കുകയും ചെയ്യുന്ന നമ്മുടെ ലോകത്തിൽ ഐക്യദാർഢ്യത്തിന്റെ ചിന്തകൾ വളർത്താനും കലയ്ക്ക് കഴിവുണ്ട്. വരണ്ട മരുഭൂമിയെ ജലം എപ്രകാരം പുനരുജ്ജീവിപ്പിക്കുന്നോ അതുപോലെയാണ് കല മനുഷ്യാത്മാവിനെ പുനഃരുജ്ജീവിപ്പിക്കുന്നത്.

കലയോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, ഓരോ തലമുറകൾക്കും, തങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന അമൂല്യമായ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള കടമായാൽക്കൂടിയാണ് ഈ സംഘടനാംഗങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുമായി മുൻപോട്ട് കൊണ്ടുപോകുന്നതെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി ഇത്തരം പ്രവർത്തങ്ങൾ  മുൻപോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് പ്രേരണയായത് ഈ ചിന്തയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2023, 18:44