തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

വിശ്വാസം ദൈവീകരഹസ്യങ്ങളുടെ ധ്യാനമാണ്:ഫ്രാൻസിസ് പാപ്പാ

'ചിന്തകൾക്കൊരു പുനർവിചിന്തനം' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ എഴുതിയ അവതാരികയിലാണ് ദൈവീക രഹസ്യം ഗ്രഹിക്കുന്നതിലാണ് യഥാർത്ഥ ദൈവശാസ്ത്രമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞത്

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

'ചിന്തകൾക്കൊരു പുനർവിചിന്തനം' എന്ന ഗ്രന്ഥത്തിനു ഫ്രാൻസിസ് പാപ്പാ എഴുതിയ അവതാരികയിൽ, ഇന്നത്തെ ലോകത്തിൽ ദൈവശാസ്ത്രം സങ്കുചിതമാകാതിരിക്കാനും ലോകത്തിൽ നിന്ന് നമ്മെ വേർപെടുത്താതിരിക്കാനും,ദൈവീക രഹസ്യങ്ങൾ ഗ്രഹിക്കുവാൻ  നമ്മുടെ പരിശ്രമം ഏറെ ആവശ്യമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. ദൈവശാസ്ത്രഗവേഷണം യുക്തിയുടെ ഉപയോഗവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, അഗാധമായ ജീവിതത്തിന്റെ നിഗൂഢതയും അതിൽ ഉൾച്ചേർക്കണമെന്ന് പാപ്പാ അടിവരയിട്ടു. ബ്ലെയിസ് പാസ്കലിന്റെ, "യുക്തിയുടെ അവസാന ഘട്ടം അതിനെ മറികടക്കുന്ന അനന്തതയുണ്ടെന്ന തിരിച്ചറിവാണ്"  എന്ന ചിന്തയെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ദൈവത്തിന്റെ രഹസ്യത്തിന് മുന്നിൽ നമ്മെത്തന്നെ പ്രതിഷ്ഠിക്കുമ്പോൾ,യുക്തിയുടെ ഉപയോഗവും ചിന്തയുടെ ആഴവും നിറയുന്ന  അറിവിന്റെ പാത തുറക്കുന്നത് പ്രാർത്ഥനയിൽ നിന്നും അവന്റെ രഹസ്യത്തെക്കുറിച്ചുള്ള ധ്യാനത്തിൽ നിന്നുമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.അതിനാൽ ദൈവശാസ്ത്രത്തിന്റെ ആഴം  ആശയങ്ങളുടെയും, ചിന്തകളുടെയും ചിട്ടയായ ക്രമീകരണത്തിൽ മാത്രം പരിമിതപ്പെടുത്താനാവില്ല , മറിച്ച് അത് മൂർത്തമായ യാഥാർത്ഥ്യത്തിൽ നിന്ന്,  ജനങ്ങളുടെ ചരിത്രത്തിൽ നിന്ന്, ജീവിതത്തിന്റെ ചോദ്യങ്ങളിൽ നിന്നെല്ലാം ചിട്ടപ്പെടുത്തണം, പാപ്പാ പറഞ്ഞു.

ദൈവശാസ്ത്രപരമായ പ്രതിഫലനം വിശ്വാസത്തെ യുക്തിസഹമാക്കാനുള്ള പ്രലോഭനത്തിന് കീഴടങ്ങിയപ്പോൾ, അത് മാംസവും ഹൃദയവുമില്ലാത്ത വരണ്ട ശാസ്ത്രമായി മാറി. മറിച്ച് സൈദ്ധാന്തിക അറിവുകളിൽ നിന്നും ഹൃദയത്തിന്റെ നിലങ്ങളിലേക്ക് ദൈവശാസ്ത്രം നമ്മെ ക്ഷണിക്കണം, പാപ്പാ പറഞ്ഞു.

ലോകത്തിന്റെ പാദങ്ങൾ കഴുകാനും ചരിത്രത്തിൽ ദൈവരാജ്യത്തിന്റെ വിത്തുകൾ തിരിച്ചറിയാനും മനുഷ്യരാശിയുടെ അസ്വസ്ഥമായ ചോദ്യങ്ങൾക്കൊപ്പം സഞ്ചരിക്കാനും ഗുരുവിനെപ്പോലെ സ്വയം വിനീതനാക്കുന്ന  ഒരു ദൈവശാസ്ത്രമാണ് ഇന്ന് ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2023, 20:56