ഇറാൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി ഫ്രാൻസിസ് പാപ്പാ
വത്തിക്കാൻ ന്യൂസ് , ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ രാഷ്ട്രത്തലവൻ ഇബ്രാഹിം റൈസിയുടെ അഭ്യർത്ഥനപ്രകാരം അദ്ദേഹവുമായി ഫോണിൽ ബന്ധപെട്ടു ഫ്രാൻസിസ് പാപ്പാ സംഭാഷണം നടത്തി.
ഇറ്റാലിയൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്കുശേഷമാണ് സംഭാഷണം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ ഡോ.മത്തേയോ ബ്രൂണി അറിയിച്ചു,
ഗാസയിൽ വെടിനിർത്തലിനുള്ള പാപ്പയുടെ ആഹ്വാനങ്ങളെ റെയ്‌സി അഭിനന്ദിച്ചതായി ഇറാനിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച മദ്ധ്യാഹ്നം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച ത്രികാലജപത്തിനു ശേഷവും, പലസ്തീനിലും - ഇസ്രയേലിലും തുടങ്ങുന്ന ഗുരുതരമായ അവസ്ഥകളെ പരാമർശിക്കുകയും, ദൈവത്തിന്റെ നാമത്തിൽ വെടിനിർത്തുവാനുള്ള അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. നിരവധി കുട്ടികൾ അടങ്ങിയ ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപൂർവേഷ്യയിലും, ഉക്രൈനിലും വേദന അനുഭവിക്കുന്നവർക്ക് തന്റെ സഹായവും, പ്രാർത്ഥനകളും പാപ്പാ ഒരിക്കൽക്കൂടി വാഗ്ദാനം ചെയ്തു.
ഈകഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലോകനേതാക്കളുമായും ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപെട്ടു സംഭാഷണം നടത്തിയതായും ഡോ.മത്തേയോ ബ്രൂണി അറിയിച്ചു. ഒക്ടോബർ 22 നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും, ഒക്ടോബർ 26 നു തുർക്കി പ്രസിഡന്റ് എർദോഗനുമായും, നവംബർ 2 നു പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഫ്രാൻസിസ് പാപ്പാ സമാധാനം അഭ്യർത്ഥിച്ചുകൊണ്ട് ഫോണിൽ ബന്ധപ്പെട്ടു സംഭാഷണം നടത്തി. സമാധാനത്തിലേക്കുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ജറുസലേമിന് പ്രത്യേക പദവി നൽകുന്ന ദ്വിരാഷ്ട്ര പരിഹാരമാർഗവും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: