തിരയുക

റബ്ബിമാരുടെ സംഘത്തെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു റബ്ബിമാരുടെ സംഘത്തെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു   (ANSA)

അനുകമ്പയും, നീതിയും, സംഭാഷണവുമാണ് സമാധാനത്തിനുള്ള മാർഗം: ഫ്രാൻസിസ് പാപ്പാ

നവംബർ മാസം ആറാം തീയതി യൂറോപ്പിലെ റബ്ബിമാരുടെ പ്രതിനിധിസംഘത്തെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുകയും, കൂടിക്കാഴ്ചനടത്തുകയും ചെയ്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

നവംബർ മാസം ആറാം തീയതി യൂറോപ്പിലെ റബ്ബിമാരുടെ പ്രതിനിധിസംഘത്തെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുകയും, കൂടിക്കാഴ്ചനടത്തുകയും ചെയ്തു. സന്ദർശനത്തിനും , സമീപ വർഷങ്ങളിൽ ബന്ധങ്ങൾ കൂടുതൽ ഉഷ്മളമാക്കുവാനുമുള്ള അവരുടെ ഹൃദയവിശാലതയ്ക്കും  പാപ്പാ നന്ദി പറഞ്ഞു. ആശങ്കാജനകമായ യുദ്ധത്തിന്റെ മാരകമായ അവസ്ഥകളെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

വിനാശത്തിന്റെ ഈ  കാലത്ത് വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്, എല്ലാവർക്കുമായി, എല്ലാറ്റിനുമുപരിയായി, സാഹോദര്യം കെട്ടിപ്പടുക്കാനും, അനുരഞ്ജനത്തിന്റെ വഴികൾ തുറക്കാനുമാണെന്ന് പാപ്പാ അടിവരയിട്ടു. ആയുധങ്ങളല്ല, ഭീകരവാദമല്ല, യുദ്ധമല്ല, മറിച്ച് അനുകമ്പയും നീതിയും സംവാദവുമാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഉചിതമായ മാർഗമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സാമൂഹിക സ്വഭാവമുള്ള, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യൻ സംഭാഷണത്തിന്റെ സർഗാത്മകത ജീവിതത്തിൽ കൂടുതൽ ഊട്ടിയുറപ്പിക്കണമെന്നു പാപ്പാ എടുത്തുപറഞ്ഞു.പ്രതികാരത്തിന്റെ തിരക്കിട്ട പ്രവർത്തനങ്ങളിലേക്കും, യുദ്ധവിദ്വേഷത്തിന്റെ ഭ്രാന്തിലേക്കും തിരിയുന്നതിനു പകരം വിശ്വാസികളെന്ന നിലയിൽ സംഭാഷണത്തിന്റെ സാക്ഷികളാകേണ്ടത് ഏറെ പ്രധാനമാണെന്നും പാപ്പാ സൂചിപ്പിച്ചു.

യഹൂദ മതവുമായി ക്രിസ്ത്യാനികൾക്കുള്ള ബന്ധവും പാപ്പാ അടിവരയിട്ടു പറഞ്ഞു.യഹൂദസഹോദരങ്ങളെ 'ജ്യേഷ്ഠ സഹോദരന്മാർ', എന്ന് അഭിസംബോധന ചെയ്ത ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും, ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. ഒരു മതാന്തരസംവാദത്തിനുമപ്പുറം ഒരു കുടുംബ സംഭാഷണമാണ് യഹൂദസഹോദരങ്ങളുമായി ക്രിസ്ത്യാനികൾക്കുള്ളതെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 നവംബർ 2023, 17:10