സകലമരിച്ചവരുടെയും ഓർമ്മ ദിനത്തിൽ കബറിടത്തിൽ പ്രാർത്ഥന നടത്തി ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ലോകമെമ്പാടും കത്തോലിക്കാ തിരുസഭയിൽ നവംബർ മാസം രണ്ടാം തീയതി സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ ദിവസമായി ആചരിക്കുന്നു. തദവസരത്തിൽ രണ്ടാം ലോകമഹായുദ്ധ വേളയിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന റോമിലുള്ള കോമൺവെൽത്ത് സെമിത്തേരിയിൽ ഫ്രാൻസിസ് പാപ്പാ സന്ദർശനം നടത്തി വിശുദ്ധ ബലിയർപ്പിച്ചു.
വിശുദ്ധ ബലിക്കു മുൻപായി സെമിത്തേരിയിലെ ഓരോ കല്ലറക്കുമുൻപിലും അല്പസമയം മൗനമായി പ്രാർത്ഥന നടത്തിയ പാപ്പാ മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ വിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പായ്ക്കൊപ്പം വിശുദ്ധ ബലിയിലും, പ്രാർത്ഥനകളിലും സംബന്ധിച്ചു.
ഓരോ വർഷവും നവംബർ മാസം രണ്ടാം തീയതിയിലെ വിശുദ്ധ ബലിയ്ക്കായും, പ്രാർത്ഥനകൾക്കായും ഫ്രാൻസിസ് പാപ്പാ വിവിധ സെമിത്തേരികളിൽ സന്ദർശനം നടത്തുന്നത് പതിവാണ്.
ഇത്തവണ ബലിയർപ്പിച്ച റോമിലുള്ള കോമൺവെൽത്ത് സെമിത്തേരി, രണ്ടാം ലോകമഹായുദ്ധസമയത്ത് റോമിൽ കൊല്ലപ്പെട്ട കോമൺവെൽത്തിൽ പെട്ട സൈനികരുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു യുദ്ധ സ്മാരകമാണ്. 426 കബറിടങ്ങളാണ് ഈ സെമിത്തേരിയിൽ ഉള്ളത്. ഓരോ കബറിടത്തിനു മുൻപിലും, അടക്കം ചെയ്യപ്പെട്ട ആളുടെ പേരും,ജനന-മരണ തീയതികളും, സ്ഥലങ്ങളും, അവർ ഉൾപ്പെടുന്ന സൈനിക സ്ഥാപനത്തിന്റെ ചിഹ്നം, മുദ്രാവാക്യം, ചിന്തകൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: