സഭ കുടുംബവും,നമ്മൾ സഹോദരങ്ങളുമാണ്: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
'ആൺകുട്ടികളിൽ നിന്നും,പെൺകുട്ടികളിൽനിന്നും നമുക്ക് പഠിക്കാം' എന്ന ശീർഷകത്തിൽ നവംബർ മാസം ആറാം തീയതി തിങ്കളാഴ്ച്ച ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഏകദേശം 7500 ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച നടത്തി അവർക്ക് സന്ദേശം നൽകുകയും ചെയ്തു. വിദ്യാഭ്യാസത്തിനും, സംസ്കാരത്തിനുമായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.
പ്രഭാഷണ ശൈലിയിൽ നിന്നും വ്യത്യസ്തമായി സംഭാഷണശൈലിയിലാണ് പാപ്പാ കുട്ടികളുമായി സംവദിച്ചത്. കുഞ്ഞുങ്ങളുമായി ഇപ്രകാരം ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എല്ലാവർക്കും പാപ്പാ ആമുഖമായി നന്ദി പറഞ്ഞു. 'നിങ്ങളിൽ നിന്നും ഞങ്ങൾ എന്തു പാഠം ഉൾക്കൊള്ളണം എന്ന ചോദ്യവുമായി ആരംഭിച്ച ഫ്രാൻസിസ് പാപ്പാ, തുടർന്ന് കുട്ടികളിൽ നിന്നും ഇന്നത്തെ ലോകം നിരവധി പാഠങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
ഒരുമിച്ചായിരുന്നുകൊണ്ട് നിഷ്കളങ്കവും, ലളിതവുമായ ജീവിതശൈലിയുടെ നല്ല മാതൃക നൽകുന്ന കുട്ടികളെ സന്ദർശിക്കുന്നതിലും, അവരോട് സംസാരിക്കുന്നതിലും തനിക്കുള്ള സന്തോഷം പാപ്പാ എടുത്തു പറഞ്ഞു.
'ജീവിതം മഹത്തായ ഒരു ദാനമാണ്', തന്നോടൊപ്പം ഈ വാചകം സ്വരമുയർത്തി പറയുവാൻ പാപ്പാ എല്ലാ കുട്ടികളെയും ക്ഷണിച്ചു. 'നമ്മൾ ശത്രുക്കളാണോ?' എന്ന പാപ്പായുടെ ചോദ്യത്തിന് എല്ലാവരും ചേർന്ന് 'അല്ല' എന്ന് മറുപടി പറഞ്ഞപ്പോൾ എന്നാൽ 'നമ്മൾ സഹോദരങ്ങളാണോ?' എന്ന് ചോദിച്ചപ്പോൾ 'അതേ' എന്നും കുട്ടികൾ മറുപടി പറഞ്ഞു.
ഇപ്രകാരം സാഹോദര്യത്തിന്റെ മധുരം പകരുന്ന സഭ നമ്മുടെ കുടുംബവും, നമ്മൾ എല്ലാവരും സഹോദരങ്ങളുമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. കുട്ടികൾ ഓരോരുത്തരെയും, വ്യക്തിപരമായി ആശ്ലേഷിക്കുവാൻ പാപ്പാ ആഗ്രഹിച്ചുവെങ്കിലും, എണ്ണം കൂടുതലായിരുന്നതിനാൽ അതിനു സാധിക്കാത്തതിൽ തനിക്കുള്ള വിഷമവും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ വൈശിഷ്ട്യതയും, പ്രായത്തിന്റെ മനോഹാരിതയും അടിവരയിട്ടു പറഞ്ഞ പാപ്പാ, ഈ മനോഹാരിത അഭംഗുരം തുടരണമെന്നും എല്ലാവരെയും ഓർമ്മിപ്പിച്ചു.
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ തുടരുന്ന യുദ്ധത്തിന്റെ ഭീകരതയും പാപ്പാ കുട്ടികളോട് പങ്കുവച്ചു. എല്ലാവരെയും സഹായിച്ചുകൊണ്ട്, നന്മ ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യത്തിന്, അതേ എന്നും എല്ലാവരും മറുപടി നൽകി."
മുതിർന്നവരായ ഞങ്ങൾക്ക് നിങ്ങളെ കേൾക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, നിങ്ങളുടെ നൈസർഗികത ഞങ്ങൾക്ക് വലിയ മാതൃകയാണെന്നും" പാപ്പാ പറഞ്ഞു. തുടർന്ന് കുട്ടികളെ ചോദ്യങ്ങൾ ചോദിക്കുവാൻ പാപ്പാ ക്ഷണിക്കുകയും ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: