ക്രിസ്തുവിൻറെ പ്രത്യാശയും സന്തോഷവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഭയപ്പെടരുത്, പാപ്പാ യുവതയോട് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുവജനം സഭയുടെയും സദാ സഞ്ചാരസരണിയിലായിരിക്കുന്ന മാനവരാശിയുടെയും സന്തോഷകരമായ പ്രത്യാശയാണെന്ന് മാർപ്പാപ്പാ.
ഈ മാസം 26-ന് (26/11/23) ക്രിസ്തുരാജൻറെ തിരുന്നാൾദിനത്തിൽ, രൂപതാതലത്തിൽ ആചരിക്കപ്പെടുന്ന മുപ്പത്തിയെട്ടാം യുവജനദിനത്തോടനുബന്ധിച്ച് ചെവ്വാഴ്ച (14/11/23) പുറപ്പെടുവിച്ച തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിലെ പന്ത്രണ്ടാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത, “പ്രത്യാശയിൽ സന്തോഷിക്കുവിൻ” എന്ന ആഹ്വാനം ഈ യുവജനദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രമേയത്തിൽ കേന്ദ്രീകൃതമാണ് പാപ്പായുടെ ഈ സന്ദേശം.
2025- ജൂബിലിവർഷത്തിലെ യുവജന ജൂബിലിയിൽ റോമിൽ വച്ചും 2027-ൽ ആഗോളസഭാതലത്തിലുള്ള യുവജനസംഗമത്തോടനുബന്ധിച്ച് ദക്ഷിണ കൊറിയയിൽ സോളിൽ വച്ചും യുവതയുമായി താൻ കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ പ്രത്യാശയുടെ പാതയിൽ യുവതയുടെ കൈകോർത്ത് അവരോടൊപ്പം സഞ്ചരിക്കാനുള്ള തൻറെ അഭിലാഷം സന്ദേശത്തിൽ വെളിപ്പെടുത്തുന്നു. പ്രത്യാശയിലുള്ള ആനന്ദം ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിൽ നിന്ന് ലഭിക്കുന്നതാണെന്നും ക്രിസ്‌തീയ സന്തോഷത്തിൻറെ ഉറവിടം ദൈവംതന്നെയാണെന്നും അവിടന്നിനാൽ നാം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ നിന്നാണ് ഈ ആനന്ദം നിർഗ്ഗമിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന മനോഹരമായ യാഥാർത്ഥ്യങ്ങളാൽ ജ്വലിക്കുന്ന യുവത്വം പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ സമയമാണെന്ന് പറയുന്ന പാപ്പാ ദൗർഭാഗ്യവശാൽ, നിരവധി യുവതീയുവാക്കൾ യുദ്ധം, അക്രമം തുടങ്ങിയ വിവിധങ്ങളായ അവസ്ഥകളിൽ നിരാശയിലും ഭീതിയിലും വിഷാദത്തിലും കഴിയേണ്ടിവരുന്നുണ്ടെന്ന വസ്തുത അനുസ്മരിക്കുന്നു.
പല രാജ്യങ്ങളിലെയും യുവാക്കൾക്കിടയിലെ ഉയർന്ന ആത്മഹത്യാനിരക്ക് യുവജനത്തിൻറെ വിഷാദാത്മകാവസ്ഥയ്ക്ക് ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തീയ പ്രത്യാശയെന്നത് ലളിതമായ ഒരു ശുഭാപ്തിവിശ്വാസമല്ലെന്നും അത് ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കില്ല, അവിടന്ന് വാഗ്ദാനം പാലിക്കും എന്ന സ്നേഹത്തിലും വിശ്വാസത്തിലും വേരൂന്നിയ ഉറപ്പാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിൻറെ പ്രത്യാശയും സന്തോഷവും എല്ലാവരുമായി പങ്കിടാൻ ഭയപ്പെടരുതെന്ന് പാപ്പാ യുവതയ്ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: