പാപ്പാ: വ്യക്തികളെ കേന്ദ്രമായി നിലനിർത്തുന്ന വികസന മാതൃക തേടുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തലമുറകളുടെ അദ്ധ്വാനം ചുരുക്കം നിമിഷങ്ങൾ കൊണ്ട് തകർത്തെറിയുന്ന ഭൂകമ്പം ശാരീരികവും ധാർമ്മികവുമായ ഒരു വൻ തകർച്ചയുടെ അനുഭവമാണെന്ന് 2016-17 കാലഘട്ടത്തിൽ ഭൂകമ്പം തകർത്ത മദ്ധ്യ ഇറ്റലിയിലെ ജനപ്രതിനിധികളോടു നവംബർ ഇരുപത്തിനാലാം തിയതി നടന്ന കൂടികാഴ്ചയിൽ പാപ്പാ പങ്കുവച്ചു. വേദനയോടെ ആ ദുരന്തത്തെയും അതിന്റെ ഇരകളെയും ഓർമ്മിക്കുന്നതോടൊപ്പം അവരുടെ സ്ഥിരോത്സാഹവും സഹകരണവും "നമ്മൾ '' എന്ന മനോഭാവവും തകർച്ചകളിൽ നിന്ന് നല്ലതു വാർത്തെടുത്തു കൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും പാപ്പാ അവരോടു സംസാരിച്ചു. പ്രത്യേകിച്ച് അവരുടെ സാമൂഹ്യ-സാമ്പത്തിക പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധിക്കേണ്ട സുസ്ഥിരതയോടും, പ്രകൃതിയോടും, കാലാവസ്ഥാ വ്യതിയാനങ്ങളോടുമുള്ള ശ്രദ്ധയാണ് പാപ്പാ എടുത്തു പറഞ്ഞത്.
സുസ്ഥിരത
സുസ്ഥിരതയെക്കുറിച്ച് സംസാരിക്കവെ സമഗ്രവും സുസ്ഥിരവുമായ ഒരു വികസന മാതൃക ഏറ്റെടുക്കേണ്ടത് നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കാൻ ഏറ്റവും അടിയന്തിരമായ വെല്ലുവിളിയാണെന്ന് പാപ്പാ പറഞ്ഞു. അത് നമുക്ക് ചുറ്റുമുള്ളവരോടും നമുക്ക് ശേഷം വരാനിരിക്കുന്നവരുടെ നേർക്കുമുള്ള നീതിയുടേയും സ്നേഹത്തിന്റെയും പ്രവൃത്തിയാണ്. പാഴ് ചിലവുകൾ ഒഴിവാക്കിയും, മാലിന്യ നിർമ്മാർജനം, മൂല്യനിർണ്ണയം, ന്യായമായ വിതരണം, ദുർബലരുടെ സംരക്ഷണം തുടങ്ങി പുനരുദ്ധാരണ പ്രക്രിയയിൽ ഇക്കാര്യം അറിഞ്ഞു അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നതിൽ പാപ്പാ അവരെ അഭിനന്ദിച്ചു. സാമ്പത്തിക, സാങ്കേതിക വളർച്ചയും വ്യക്തിപരവും സമൂഹപരവുമായ നല്ല ജീവിത നിലവാരവും നേടാൻ പരിശ്രമിക്കുന്ന പട്ടണങ്ങളിൽ വ്യക്തികൾ കേന്ദ്രസ്ഥാനത്ത് വരുക എന്ന രീതിയാണ് അവലംബിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പ്രകൃതിയോടു കാണിക്കേണ്ട ശ്രദ്ധ
പ്രകൃതിരമണീയതയ്ക്ക് അന്തർദേശിക ശ്രദ്ധ പിടിച്ചുപറ്റിയ പ്രവിശ്യകളിൽ നിന്നു വരുന്ന അവരോടു പരിസരങ്ങൾ കെട്ടിപ്പടുക്കേണ്ടത് ദൈവത്തിന്റെയും മനുഷ്യന്റെയും പ്രവർത്തിയുടെ സ്വരചേർച്ചയിലൂടെയാണെന്നും പ്രകൃതിസൗന്ദര്യവും ആരോഗ്യവും നിലനിർത്തിക്കൊണ്ടും ജീവന്റെ പൊതുവായ സംസ്കാരവും നമുക്കു ചുറ്റുമുള്ളവയോടുള്ള ബഹുമാനവും നിലനിർത്തിക്കൊണ്ടാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ കർമ്മത്തിന്റെ കാവൽക്കാരായി ജീവിക്കാനുള്ള വിളിയെ പിന്തുണയ്ക്കണമെന്നും അതാണ് നമ്മുടെ ദൗത്യമെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ പുനർനിർമ്മാണ പ്രക്രിയ കഴിഞ്ഞ കാലത്തു വന്നു പോയ തെറ്റുകൾ തിരുത്താനുള്ള അവസരമാക്കാനും ജനനനിരക്ക് കൂട്ടാനും, ജീവന് വളരെ പ്രധാന്യമുള്ള ജലസുരക്ഷ ഉറപ്പാക്കാനും പാപ്പാ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം പല വ്യക്തികളുടേയും കുടുംബങ്ങളുടെയും ജീവിതം തകർക്കുമെന്നത് സംശയമില്ലാത്ത കാര്യമാണെന്ന് പറഞ്ഞ പാപ്പാ അത് ആരോഗ്യം, തൊഴിൽ, വിഭവങ്ങൾ, താമസ സൗകര്യം, നിർബന്ധിത കുടിയേറ്റം എന്നിവയിൽ പ്രതിഫലിക്കും എന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. കാടുകളും, നദികളും ശുദ്ധീകരിക്കാനും സിമന്റ് നിർമ്മാണം കുറക്കാനും നിരുത്സാഹപ്പെടുത്താനും പാപ്പാ ആഹ്വാനം ചെയ്തു. അവരുടെ അക്ഷീണ പരിശ്രമങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പാ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടവരുടെയും ജീവിത മാർഗ്ഗം ഇല്ലാതായതിന്റെയും വേദന സഹിക്കുന്നവരോടൊപ്പം താനുണ്ടെന്നും അവരോടു അറിയിച്ചു. അവർ അത് നേരിടുന്ന വിധത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള യാത്രയിൽ ഭാവുകങ്ങൾ നേരുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ അനുഗ്രഹം അവരെ പിൻതുടരട്ടെ എന്ന് പ്രാർത്ഥിച്ച പാപ്പാ അവരോടു തനിക്കായി പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: