പാപ്പാ: ദൈവം ഒരു വ്യക്തിയെ വിളിക്കുന്നത് എല്ലാവരുടേയും നന്മയ്ക്കായാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വ്യാഴാഴ്ച രാവിലെയാണ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ സന്ദേശം നൽകിയത്. എപ്പോഴും എല്ലാവരുടേയും നന്മയ്ക്കായാണ് ദൈവം ഒരു വ്യക്തിയെ വിളിക്കുന്നത് എന്ന് അടിവരയിട്ട പാപ്പാ തന്റെ പ്രഭാഷണത്തിൽ സഭയുടെ ചരിത്രത്തിൽ നിന്നുള്ള വിശുദ്ധരുടെ ഉദാഹരണങ്ങൾ നിരത്തി.
രക്തസാക്ഷിത്വം വിശുദ്ധിയുടെ ശക്തമായ മാതൃകയാണെന്നും സഭാചരിത്രത്തിൽ രക്തസാക്ഷികളില്ലാത്ത ഒരു കാലഘട്ടവും ഇല്ലായിരുന്നെന്നും പാപ്പാ പറഞ്ഞു. നമ്മുടെ കാലഘട്ടത്തിലും ക്രൈസ്തവ ജീവിതം തുടർ രക്ത സാക്ഷ്യമായി ജീവിക്കുന്നവർ ഉണ്ടെന്ന് അസിയാ ബീബിയുടെ ജീവിതം ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പാ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ ദൈവദൂഷണകുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് ഒമ്പത് വർഷങ്ങളോളം തടവിൽ കിടന്ന ശേഷം സ്വതന്ത്രയാക്കപ്പെട്ട് കാനഡയ്ക്ക് പോവുകയാണ് അസിയാ ബീബി. അവൾ നൽകിയ ഒമ്പത് വർഷത്തെ ക്രൈസ്തവ സാക്ഷ്യത്തെ എടുത്തു പറഞ്ഞു കൊണ്ട് അവളെ പോലെ വിശ്വാസത്തിനും ഉപവിക്കും സാക്ഷ്യം നൽകുന്ന അനേകരുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഒന്നിപ്പിക്കുവാനുള്ള വിശുദ്ധിയുടെ കഴിവിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് വിശുദ്ധി ഏറ്റവും ആദ്യം നിറവേറ്റുന്നത് സ്നേഹത്തിലാണ് എന്നും അങ്ങനെ നമ്മെ മറ്റുള്ളവരുമായി ഒരുമിപ്പിക്കുന്നതിനാൽ വിശുദ്ധി ഒരു വ്യക്തിപരമായ സംഭവമല്ല സാമൂഹികമായ ഒന്നാണെന്ന് പാപ്പാ വിശദീകരിച്ചു. എല്ലാവരുടേയും നന്മ മുന്നിൽ കണ്ടു കൊണ്ടാണ് ദൈവം ഒരു വ്യക്തിയെ വിളിക്കുക. അബ്രാഹവും, മോശയും, പത്രോസും പൗലോസും ഉദാഹരണങ്ങളാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യേശുവിന്റെ സ്നേഹത്തോടുള്ള ന്യായമായ ഏക പ്രതികരണം അത് ഉടൻ മറ്റുള്ളവരുമായി നടത്തുന്ന പങ്കിടലിലാണ്, പാപ്പാ പറഞ്ഞു.
കുടുംബത്തിൽ നടക്കുന്ന വിശുദ്ധീകരണത്തെ കുറിച്ചും പാപ്പാ സംസാരിച്ചു. നസ്രത്തിലെ തിരുക്കുടുംബത്തിൽ തെളിവായിക്കണ്ട ഈ വിശുദ്ധിയുടെ പല ഉദാഹരണങ്ങളും സഭയിൽ ഉണ്ടെന്നും പാപ്പാ പറഞ്ഞു. വിവാഹിതരായ ദമ്പതികളുടെ വിശുദ്ധി അവരോരുത്തരുടേയും വിശുദ്ധിയുടെ ഇരട്ടിപ്പിക്കലാണെന്ന് അടിവരയിട്ട പാപ്പാ ഉദാഹരണമായി പോളണ്ടിൽ നാസികളിൽ നിന്ന് യഹൂദരെ രക്ഷിക്കാനായി ശ്രമിച്ച് രക്തസാക്ഷികളായ യോസഫ് - വിക്ടോറിയ ഉൽമായുടെയും അവരുടെ മക്കളുടെ കഥയും എടുത്തു പറഞ്ഞു. വിശുദ്ധി എന്നത് ഒരു സമൂഹയാത്രയാണ് അത് ഒറ്റയ്ക്ക് ചെയ്യേണ്ട ഒന്നല്ല എന്നും പാപ്പാ കൂട്ടിചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: