പാപ്പാ : സമാധാനത്തിനും സിനഡിനും വേണ്ടി പ്രാർത്ഥിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥന കഴിഞ്ഞു നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ഒക്ടോബർ മാസം പ്രേഷിത പ്രവർത്തനത്തിനും പരിശുദ്ധ ജപമാലയ്ക്കും സമർപ്പിച്ച മാസമാണെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചത്. മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ യുദ്ധവും സംഘർഷവും കൊണ്ട് അടയാളപ്പെടുത്തിയ ലോകത്തിലെ പല രാജ്യങ്ങളിലും സമാധാനവരത്തിനായി പ്രാർത്ഥിക്കുന്നതിൽ തളർന്നു പോകരുതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. യുദ്ധം മൂലം അനുദിനം വളരെയേറെ സഹിക്കുന്ന യുക്രെയ്നെ പ്രത്യേകം അനുസ്മരിക്കാനും പാപ്പാ മറന്നില്ല.
സിനഡിനായി പ്രാർത്ഥിച്ചു കൊണ്ട് അതിനെ പിൻതുടരുന്ന എല്ലാവർക്കും നന്ദി പറയാൻ ഈ അവസരം വിനിയോഗിച്ച പാപ്പാ, ഇപ്പോൾ നടക്കുന്ന സിനഡ് സഭയുടെ ശ്രവണത്തിന്റെയും പങ്കുവയ്ക്കലിന്റെയും, ആത്മാവിലുള്ള സാഹോദര്യ ഐക്യത്തിന്റെയും ഒരു സവിശേഷ സംഭവമാണ് എന്നാണ് വിശേഷിപ്പിച്ചത്. സിനഡിന്റെ പ്രവർത്തനത്തെ പരിശുദ്ധാത്മാവിന് സമർപ്പിക്കാനും പരിശുദ്ധ പിതാവ് എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: