തിരയുക

ജാക്ക്-ലൂയിസ്-ഡേവിഡിന്റെ  വരച്ച പിയൂസ് ഏഴാമൻ പാപ്പയുടെ ചിത്രം. ജാക്ക്-ലൂയിസ്-ഡേവിഡിന്റെ വരച്ച പിയൂസ് ഏഴാമൻ പാപ്പയുടെ ചിത്രം. 

പാപ്പാ: പിയൂസ് ഏഴാമൻ പാപ്പാ ദൈവസഹായത്തിൽ ആത്മവിശ്വാസം കണ്ടെത്തിയ അജപാലകൻ

ദൈവദാസൻ പീയൂസ് ഏഴാമന്റെ രണ്ടാം മരണശതാബ്ദി പ്രമാണിച്ച് ചെസെന- സർസീന മെത്രാൻ മോൺ. ഡഗ്ലസ് റെഗത്തിയെരിക്ക് പാപ്പാ സന്ദേശമയച്ചു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാപ്പാ പിയൂസ് ഏഴാമന്റെ പേരിൽ "ചിറമോണ്ടിയൻ വർഷം " എന്ന് നാമകരണം ചെയ്തു കൊണ്ട് പൊതുസമൂഹവും അവിടത്തെ ക്രൈസ്തവരും നടത്തുന്ന സംരംഭങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ആശംസകൾ നേർന്നു.

തന്റെ മുൻഗാമിയായ ഏഴാം പീയൂസ് പാപ്പായുടെ അഗാധമായ വിശ്വാസം, സൗമ്യത, മാനവികത, കാരുണ്യം എന്നിവ എടുത്തു പറഞ്ഞ പാപ്പാ സഭയുടെ സ്വാതന്ത്ര്യം തടഞ്ഞവർക്കു മുന്നിൽ കാണിച്ച അജപാലന ധൈര്യത്തെയും സഭാ സംരക്ഷണത്തെയും പ്രകീർത്തിക്കുകയും നന്ദിയും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ 23 വർഷത്തെ നീണ്ട പാപ്പാ പദത്തിൽ കഠിനമായ പരീക്ഷണങ്ങൾ നേരിട്ട അദ്ദേഹം ആ നൂറ്റാണ്ടിലെ രാഷ്ട്രീയ സാമൂഹിക പ്രക്ഷുബ്ധങ്ങൾക്കിടയിൽ അനുഭവിക്കേണ്ടി വന്ന പ്രവാസം ആത്മവിശ്വാസത്തോടെ ദൈവഹിതത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ബനഡിക്ടൈൻ ആശ്രമങ്ങളിലെ രൂപീകരണത്തിലൂടെ കിട്ടിയ ദൈവശാസ്ത്ര ഒരുക്കങ്ങളും അദ്ദേഹത്തിലുണ്ടായിരുന്ന സദ്ഗുണങ്ങളും അദ്ദേഹത്തെ രണ്ടു രൂപതകളിൽ മെത്രാനായി നിയമിക്കാൻ ഇടവരുത്തി. ഇടയനെന്ന നിലയിൽ അദ്ദേഹം പ്രകടമാക്കിയ വേറിട്ട  വ്യക്തിത്വവും ആത്മാവിന്റെ നന്മയും ജനങ്ങളുടെ പരിപാലനത്തിനുള്ള ശ്രദ്ധയെയും എടുത്തു പറഞ്ഞ ഫ്രാൻസിസ് പാപ്പാ ദുരിതമനുഭവിക്കുന്നവരുടെ സഹനങ്ങൾ ലഘൂകരിക്കാൻ അർപ്പണബോധത്തോടെ സമർപ്പിച്ചതും അനുസ്മരിച്ചു.

പീയൂസ് ഏഴാമൻ പാപ്പായുടെ കാലഘട്ടത്തിൽ ലൗകീകാധികാരം പ്രയോഗിച്ചവരുടെ മുന്നിൽ " സമാധാനത്തിന്റെ നയതന്ത്രജ്ഞനാകാൻ " അദ്ദേഹത്തിനു കഴിഞ്ഞു. വിവാദ പരമായ രാഷ്ട്രീയ സാഹചര്യത്തിൽ ആത്മാവിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്ന നടപടിയെ അഭിമുഖീകരിച്ച അദ്ദേഹം ദൈവസഹായത്തിന്റെ ഇടപെടലിൽ വിശ്വസിക്കുന്ന ഒരാളുടെ ശാന്തതയോടെ തന്റെ അജഗണങ്ങളുടെ രക്ഷാധികാരിയും വഴികാട്ടിയുമായി നിയന്ത്രണങ്ങൾക്കു നടുവിലും സുവിശേഷത്തിന്റെ ശക്തി പ്രഘോഷിക്കാൻ ഭയപ്പെട്ടില്ല എന്നും ഫ്രാ൯സിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ മഹദ് വ്യക്തിത്വത്തെയും, അദ്ദേഹത്തിന്റെ ജീവിതത്തെയും, അജപാലന പ്രവർത്തനങ്ങളെയും പരത്താൻ രൂപതയിലെ വിശ്വാസികളെ ഏൽപ്പിച്ച ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ അതേ ചൈതന്യത്തോടെ അയൽക്കാരെ സേവിക്കാനും, ഐക്യമാർന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനും സമാധാനവും, പ്രത്യാശയും, സംവാദവും ക്രിസ്തീയ അനുരഞ്ജനത്തിന്റെ പാതയുമായി ചൂണ്ടിക്കാണിക്കാനും ആവശ്യപ്പെട്ടു.

കന്യാമറിയത്തിന്റെ സംരക്ഷണത്തിന് അവരെ സമർപ്പിച്ച് ദൈവദാസനായ പിയൂസ് ഏഴാമന്റെ മധ്യസ്ഥം തേടിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശമവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2023, 13:46