ചലനാത്മകവും വീര്യവത്തുമായ സ്വഭാവം യുവജനങ്ങൾ ആർജ്ജിക്കണം:പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ ദേശീയ യുവജന ദിനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വവീഡിയോ സന്ദേശം അയച്ചു. സന്ദേശത്തിൽ യുവജനദിനത്തിൽ പങ്കെടുക്കുവാനും, അപ്രകാരം വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.മുൻപോട്ടു പോവുക,ഒരു യുവാവ് ചലനാത്മകമായ ഒരു ജീവിതം നയിക്കുന്നില്ലെങ്കിൽ അവൻ തുരുമ്പെടുക്കുന്നുവെന്നും, തുരുമ്പെടുത്ത ഒരു യുവാവിനെ കാണുന്നത് ഹൃദയ വ്യഥയുണ്ടാകുന്നുവെന്നും പാപ്പാ ആമുഖമായി പറയുന്നു.
ഏകദേശം 15000 ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്."ആ ദിവസങ്ങളിൽ വീടുകളിൽ തങ്ങുന്നത് നിരോധിച്ചിരിക്കുന്നുവെന്ന" പാപ്പായുടെ വാക്കുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 'പ്രതീക്ഷയിൽ സന്തോഷവാന്മാരാകുന്ന നമ്മുടെ വഴികളിൽ മറിയം നമ്മെ അനുഗമിക്കുന്നു' എന്നതാണ് യുവജനദിനത്തിന്റെ ആപ്തവാക്യം.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ ഓസ്കാർ റൊമേറോ, വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് എന്നീ വിശുദ്ധരാണ് എൽ സാൽവദോറിന്റെ മധ്യസ്ഥയായ സമാധാന രാജ്ഞിയോടൊപ്പം യുവജന സമ്മേളന വേദിയിൽ വണങ്ങപ്പെടുന്നവർ.
സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും സഞ്ചരിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് 1985 മുതൽ ലോക യുവജനദിനങ്ങൾക്ക് തുടക്കം കുറിച്ചത്.ദരിദ്രരോടും, യുവജനങ്ങളോടും പ്രത്യേകമായ ഒരു സ്നേഹവും കരുതലും ഉണ്ടായിരുന്ന വിശുദ്ധനാണ് എൽ സാൽവദോറിലെ മെത്രാനായിരുന്ന രക്തസാക്ഷിയായ വിശുദ്ധ ഓസ്കാർ റൊമേറോ. മരിയൻ ഭക്തിയിലും, വിശുദ്ധ കുർബാന ഭക്തിയിലും യുവജനങ്ങൾക്ക് ഏറെ മാതൃക നൽകിയ പതിനഞ്ചു വയസു വരെ മാത്രം ജീവിച്ച വിശുദ്ധനാണ് വാഴ്ത്തപെട്ട കാർലോ അക്കൂത്തിസ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: