അപ്പരസീദ മാതാവിന്റെ തിരുനാളിൽ ആശംസകളോടെ ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബ്രസീലിലെയും ലോകമെമ്പാടുമുള്ള ജനത്തിന് അപ്പരസീദ മാതാവ് എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നേർന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 12-ന് അപ്പരസീദ മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിലാണ് പാപ്പാ ഇതുസംബന്ധിച്ച് വീഡിയോ സന്ദേശം നൽകിയത്.
2013-ൽ ബ്രസീലിലേക്ക് താൻ നടത്തിയ യാത്രയുടെ കൂടി അനുസ്മരണയിൽ, താൻ ആ നഗരത്തെയും പരിശുദ്ധ അമ്മയെയും തന്റെ ഹൃദയത്തിൽ പേറുന്നുണ്ടനെന്ന് പാപ്പാ പറഞ്ഞു. "അമ്മ നമ്മെ അനുഗ്രഹിക്കുകയും, നമ്മെയും ലോകം മുഴുവനുമുള്ള ആളുകളെയും പരിപാലിക്കുകയും ചെയ്യട്ടെ" എന്ന് തന്റെ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ആശംസിച്ചു.
പത്ത് വർഷങ്ങൾക്ക് മുൻപ്, 2013 ജൂലൈ 24-ന് പാപ്പാ ബ്രസീലിലെ അപ്പരസീദയിലെത്തി, ബ്രസീലുകാർ തങ്ങളുടെ പ്രധാന പരിരക്ഷകയായി കണക്കാക്കുന്ന പരിശുദ്ധ അമ്മയുടെ അരികിലെത്തിയത് സിനഡിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നതിനിടയിലും പാപ്പാ അനുസ്മരിച്ചു.
റിയോ ദേ ജനൈറോയിൽ നടന്ന ലോകായുവജനദിനത്തിൽ സംബന്ധിക്കുന്നതിനായായിരുന്നു പാപ്പാ 2013-ൽ ബ്രസീലിലെത്തിയത്. തദവസരത്തിൽ പാപ്പാ പരിശുദ്ധ അമ്മയുടെ ഈ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്‌തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: