സ്വപ്നങ്ങൾ ദൈവേഷ്ടത്തിനനുസൃതം കാണണം:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം 13,14 തീയതികളിൽ ഇറ്റലിയിലെ മിലാനിലുള്ള സാൻ കാർലോ കോളേജിൽ വച്ചു നടക്കുന്ന നേതൃത്വ ഉച്ചകോടിയിൽ സംബന്ധിക്കുന്ന യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി.സാമൂഹ്യപരമായും, കാലാവസ്ഥാപരമായും ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിൽ എപ്രകാരം വ്യക്തിപരമായ സംഭാവനകൾ മറ്റുള്ളവരുടെ നന്മയ്ക്കായി നൽകാമെന്നു യുവജനങ്ങൾ ചിന്തിക്കുന്നതിലുള്ള തന്റെ സന്തോഷം പ്രകടമാക്കിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.
സ്വപ്നങ്ങൾ കാണുവാനും, ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ സഹായിക്കുന്ന മുതിർന്നവരെ ജീവിതത്തിൽ കണ്ടുമുട്ടുവാനും, കണ്ടെത്തുവാനും യുവജനങ്ങൾക്ക് സാധിക്കണമെന്നു പാപ്പാ എടുത്തു പറഞ്ഞു. എന്നാൽ സ്വപ്‌നങ്ങൾ എപ്പോഴും ദൈവത്തോട് ചേർന്നുനിന്നു കാണണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മാറ്റത്തിന്റെ നായകന്മാരാകുവാൻ മാതൃകയാക്കേണ്ടത് എല്ലാറ്റിനെയും പുതുതാക്കുന്ന ക്രിസ്തുവിന്റെ വ്യക്തിത്വത്തെയാണ്. പല കാലഘട്ടങ്ങളിൽ ശക്തന്മാർ പ്രകടിപ്പിച്ച ബലപ്രയോഗത്തിനു പകരം ക്രിസ്തു വെളിപ്പെടുത്തുന്ന അധികാരം, മറ്റുള്ളവരെ കീഴടക്കാതെ അവരെ ഉയർത്തുന്നതും,ആരെയും അടിച്ചമർത്താതെ സ്വതന്ത്രമാക്കുകയും, സാഹചര്യങ്ങളെ പരിവർത്തനം ചെയ്യുന്നതുമായ ഒന്നാണ്.അതിനാൽ നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തു മുഖാന്തിരം നിങ്ങളുടെ കഴിവുകളെ കൂടുതൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സംവേദനക്ഷമതയിൽ ജ്ഞാനത്തിന്റെ ആത്മീയ ഇന്ദ്രിയങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ, വീണു പോയ സഹോദരങ്ങളെ കൂടി താങ്ങി എഴുനേൽപ്പിച്ചുകൊണ്ട്, അവരുടെ ഭാരങ്ങൾ കൂടി വഹിക്കുവാനുള്ള ഹൃദയ വിശാലത നമുക്ക് ലഭിക്കുകയും, അപ്രകാരം നാം നാം വലിയവരായി തീരുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
തുടർന്ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ, 'കത്തോലിക്കാ' എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും പാപ്പാ വിശദീകരിച്ചു. എല്ലാ തലങ്ങളിലും, മനുഷ്യ വ്യക്തിയെക്കുറിച്ചുള്ള തുറന്നതും സമഗ്രവുമായ ദർശനമാണ് യഥാർത്ഥ കാതോലികത, പാപ്പാ പറഞ്ഞു.അതിനാൽ ഒന്നിനെയും നിസ്സാരമായി കാണാതെ എല്ലാ അവസരങ്ങളെയും പ്രയോജനപ്പെടുത്തുവാനും, മറ്റുളവരുടെ അവകാശങ്ങൾക്കു വേണ്ടി അക്ഷീണം പരിശ്രമിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: