തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുഞ്ഞിനെ കൈയിൽ എടുക്കുന്നു  പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുഞ്ഞിനെ കൈയിൽ എടുക്കുന്നു   (REUTERS)

ക്ഷമ നമ്മുടെ വ്യക്തിത്വത്തിനു മാന്യത പ്രദാനം ചെയ്യുന്നു: പാപ്പാ

ഒക്ടോബർ മാസം പതിനൊന്നാം തീയതി ബുധനാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വേനലവധിക്കാലത്തെ ഒരു മാസം ഒഴിച്ചുനിർത്തിയാൽ വത്തിക്കാനിൽ പാപ്പായുടെ  സാന്നിധ്യം ഉള്ളപ്പോഴെല്ലാം ബുധനാഴ്ചകൾ രേഖപ്പെടുത്തിയിരുന്നത് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരക്കണക്കിന് ആളുകളോട് ചേർന്ന് പാപ്പാ നടത്തുന്ന പൊതുകൂടിക്കാഴ്ചയുടെ മഹനീയതയോടെയാണ്. പാപ്പായെ ഒരുനോക്കുകാണുവാനും, ക്രിസ്തുവിന്റെ വികാരിയിൽ നിന്നും ആശീർവാദം സ്വീകരിക്കുവാനും, പപ്പയുടെ വാക്കുകൾക്ക് കാതോർക്കുവാൻ പല ദേശക്കാരും, പല ഭാഷക്കാരും, പല സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവരും വത്തിക്കാൻ ചത്വരത്തിൽ ഒന്നിച്ചുകൂടുമ്പോൾ, ഇരു കൈകൾ വിരിച്ചുകൊണ്ട് എല്ലാവരെയും തന്നിലേക്ക് ചേർത്ത് നിർത്തുന്ന വത്തിക്കാന്റെ കവാടമാതൃകയ്ക്ക് ജീവൻ വച്ചതായി നമുക്ക് അനുഭവപ്പെടും. ഇതാണ് സഭയുടെ സ്വഭാവമായ കാതോലികതയുടെ യാഥാർഥ്യവും.

പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ വത്തിക്കാൻ ചത്വരത്തിനു വെളിയിൽ എത്തുന്ന ആളുകളുടെ മുഖത്തു അക്ഷമതയുടെയോ,ക്ഷീണത്തിന്റെയോ ഭാവങ്ങൾ തെല്ലും കാണാൻ സാധിക്കുകയില്ല, കാരണം ഏതാനും മണിക്കൂറുകൾക്കകം അവർക്ക് ലഭിക്കുന്ന വലിയ കൃപയെ കുറിച്ചുള്ള ഓർമ്മ അവരുടെ ഹൃദയത്തിൽ ഉണർത്തുന്ന സന്തോഷം അനിർവചനീയമാണ്.ഇതാണ് സൂര്യന്റെ അതികാഠിന്യമേറിയ രശ്മികളെ പോലും തരണം ചെയ്തു കൊണ്ട് കൈക്കുഞ്ഞുങ്ങളെയും, പ്രായമായവരെയും കൂട്ടി സുരക്ഷാ പരിശോധനകൾക്കു ശേഷം പാപ്പായുടെ വരവും കാത്തിരിക്കുന്ന ജനാവലിയുടെ രഹസ്യം.

ഒക്ടോബർ മാസം പതിനൊന്നാം തീയതി നടന്ന പൊതുകൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നത് വത്തിക്കാൻ ചത്വരത്തിൽ നടക്കുന്ന കർമ്മങ്ങൾക്ക് പുറമെ പോൾ ആറാമൻ ശാലയിൽ 351 അംഗങ്ങൾ ഒത്തുകൂടി പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി സഭയുടെ നന്മയ്ക്കു വേണ്ടി ചിന്തിക്കുന്ന പതിനാറാമത് സാധാരണ സിനഡ് സമ്മേളനം കൂടിയാണ്. വ്യക്തിമാഹാത്മ്യവാദത്തിന്റെയും, വേർതിരിവുകളുടെയും, ഒഴിവാക്കലുകളുടെയുമൊക്കെ ഒരു ലോകത്ത് ഒരുമിച്ചു നടക്കുവാനും, കൂട്ടായ്മയിൽ വളരുവാനും സഭയിൽ ക്രിസ്തുവിന്റെ ആഹ്വാനം ഊട്ടിയുറപ്പിക്കുവാനും ചേരുന്ന ഈ സിനഡ് സമ്മേളനത്തിനായി ചെറിയ ഗ്രൂപ്പുകൾ ഒന്നിക്കുന്ന അവസരത്തിൽ തന്നെയാണ് പാപ്പാ പൊതുകൂടിക്കാഴ്ചയ്ക്കായി തുറന്ന വാഹനത്തിൽ വത്തിക്കാൻ ചത്വരത്തിലേക്ക് കടന്നെത്തിയത്.

രാവിലെ കൃത്യം എട്ടു നാല്പത്തിയഞ്ചായപ്പോഴേക്കും വാഹനത്തിൽ കുട്ടികളുടെ അകമ്പടിയോടെ പാപ്പാ ചത്വരത്തിൽ ഉണ്ടായിരുന്ന ആളുകളെ അഭിവാദ്യം ചെയ്യുവാനും,ആശീർവാദം നൽകുവാനുമായി എത്തി. കുട്ടികളോട് കുശലം പറഞ്ഞുകൊണ്ടാണ് പാപ്പാ ചത്വരത്തിനുള്ളിലേക്ക് പ്രവേശിച്ചത്. യാത്രയിൽ ഇരുവശങ്ങളിലുമായി നിന്നിരുന്ന ആളുകളെ പാപ്പാ കൈനീട്ടി ആശീർവദിക്കുകയും, ശിശുക്കളെ കൈയിലെടുത്തു അവർക്ക് മുത്തം നൽകുകയും ചെയ്തു. തദവസരത്തിൽ പാപ്പായെ സ്വീകരിച്ചുകൊണ്ട് സംഗീതോപകരണ സംഗീതവും മുഴക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ പതാകകൾ വീശിക്കൊണ്ട് പാപ്പായോടുള്ള സ്നേഹം പ്രകടിപ്പിച്ചതും ഏറെ ഹൃദ്യമായിരുന്നു.തുടർന്ന് പ്രധാന വേദിയിലെത്തിയ പാപ്പാ ത്രിത്വസ്തുതികളോടെ പ്രാർത്ഥനാസമ്മേളനം ആരംഭിച്ചു. തദവസരത്തിൽ എല്ലാവരും എഴുന്നേറ്റുനിന്നുകൊണ്ട് പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുകൊണ്ടു.തുടർന്ന് വിശുദ്ധഗ്രന്ഥം വായിക്കപ്പെട്ടു. വിശുദ്ധ ലൂക്കയുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം 32 മുതൽ മുപ്പത്തിനാലു വരെയുള്ള തിരുവചനങ്ങളാണ് വിവിധ ഭാഷകളിൽ വായിക്കപ്പെട്ടത്.കുരിശിൽ നിന്നും, "പിതാവേ അവരോടു ക്ഷമിക്കണമേ;അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല" എന്ന യേശുവിന്റെ വാക്കുകളാണ് ഈ വിശുദ്ധഗ്രന്ഥഭാഗത്ത് ഉൾക്കൊള്ളുന്നത്.

വായനകൾക്കു ശേഷം പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.

സുഡാൻ വംശജയായ വിശുദ്ധ ജൂസെപ്പിന ബക്കിത്തയുടെ ത്യാഗോജ്വലമായ ക്രിസ്തു സാക്ഷ്യമാണ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞത്. ഇന്നും സുഡാനിൽ നടമാടുന്ന കലാപങ്ങളുടെയും, തീവ്രവാദങ്ങളുടെയും, അക്രമണങ്ങളുടെയും വാർത്തകളും പാപ്പാ സൂചിപ്പിച്ചു.എന്നാൽ ഈ പാവപ്പെട്ടവരും ദുർബലരുമായ മനുഷ്യരുടെ വാർത്തകൾ പുറത്തുവരാത്തത് ദൗർഭാഗ്യകരമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ സുഡാനിലെ ജനതയ്ക്ക് സമാധാനം കൈവരുവാൻ എല്ലാവരോടും പ്രാർത്ഥിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.അതിരുകൾക്കുമപ്പുറം വിശുദ്ധയുടെ പ്രശസ്തി എല്ലാ നാടുകളിലും എത്തിയിരിക്കുന്നു.

1869 ൽ  ഡാർഫറിലെ ഓൾഗോസയിൽ ജനിച്ച വിശുദ്ധ ജുസേപ്പിനയെ  തന്റെ ഏഴാം വയസിൽ അവളുടെ കുടുംബത്തിൽ നിന്നും തട്ടിക്കൊണ്ടുപോവുകയും അടിമയായി വിൽക്കുകയും ചെയ്തു.അവളെ തട്ടിക്കൊണ്ടുപോയവർ അവൾക്കു നൽകിയ പേരായിരുന്നു ഭാഗ്യശാലി എന്നർത്ഥം വരുന്ന ബക്കീത്ത എന്ന പേര്.  യാതനാപൂർണമായ അടിമജീവിതത്തിൽ എട്ടോളം യജമാനന്മാരിലൂടെ അവൾ കടന്നുപോയി. തന്റെ ശരീരത്തിൽ ഏകദേശം നൂറോളം മുറിപ്പാടുകൾ ഏറ്റുവാങ്ങിയ ജൂസെപ്പിന  നിരന്തരം പറയുമായിരുന്നു,"ഒരു അടിമയെന്ന നിലയിൽ എനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ല കാരണം എന്റെ ഉള്ളിൽ എന്നെ പിന്തുണയ്ക്കുന്ന ഒരു നിഗൂഢ ശക്തി ഞാൻ എപ്പോഴും അനുഭവിച്ചിരുന്നു.

എന്താണ് വിശുദ്ധ ബാക്കിത്തയുടെ രഹസ്യം? പാപ്പാ എടുത്തു ചോദിച്ചു. മുറിവേറ്റവൻ മറ്റുള്ളവരെ മുറിവേൽപ്പിക്കുവാനും, അടിച്ചമർത്തപ്പെട്ടവർ മറ്റുള്ളവരെ അടിച്ചമർത്തുവാനും നോക്കുമ്പോൾ അതിനു പകരം മനുഷ്യത്വത്തെ പുനഃസ്ഥാപിക്കുന്നവരായി മാറിക്കൊണ്ട് തങ്ങളെയും അടിച്ചമർത്തുന്നവരെയും മോചിപ്പിക്കുക എന്നതാണ് അടിച്ചമർത്തപ്പെട്ടവരുടെ വിളിയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.ഇരു കൂട്ടരെയും മോചിപ്പിക്കുന്ന ഈ ദൈവസ്നേഹത്തിന്റെ ശക്തിയാണ് വിശുദ്ധ ബക്കീത്ത തിരിച്ചറിഞ്ഞതും,പ്രകടിപ്പിച്ചതും. ഒരിക്കലും ഒന്നും സ്വന്തമാക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലാത്ത ബക്കീത്തയ്ക്കു ഒരു കുരിശ് സമ്മാനമായി ലഭിച്ചപ്പോൾ അത് അവളൊരു നിധി പോലെ കാത്തുസൂക്ഷിക്കുന്നു.അതിലൂടെ ആന്തരികമായ ഒരു വിമോചനം അവൾ അനുഭവിക്കുന്നു. തന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ശക്തി അവൾ അതിൽ കണ്ടെത്തുന്നു.

ബക്കീത്തായുടെ വാക്കുകൾ പാപ്പാ തുടർന്ന് ഉദ്ധരിച്ചു,""ദൈവത്തിന്റെ സ്നേഹം എപ്പോഴും ഒരു നിഗൂഢമായ വഴിയിൽ എന്നെ അനുഗമിച്ചു ... കർത്താവ് എന്നെ വളരെയധികം സ്നേഹിച്ചു: നമ്മൾ എല്ലാവരേയും സ്നേഹിക്കണം ... നമുക്ക് അനുകമ്പ ഉണ്ടായിരിക്കണം!". യഥാർത്ഥത്തിൽ, അനുകമ്പ  എന്നാൽ ലോകത്ത് നിലനിൽക്കുന്ന മനുഷ്യത്വമില്ലായ്മയുടെ ഇരകളോടൊത്ത് ആയിരിക്കുന്നതും , തെറ്റുകളും അനീതികളും ചെയ്യുന്നവരെ ന്യായീകരിക്കാതെ അവരെയും ക്ഷമയുടെ പാതയിലൂടെ മാനുഷിക നിലയിലേക്ക് എത്തിക്കുക എന്നതാണ്.ഇപ്രകാരം പ്രത്യാശയുടെ വഴികൾ തുറക്കുവാൻ നമുക്ക് സാധിക്കുന്നു."

വിശുദ്ധ ബക്കീത്ത, ക്രിസ്ത്യാനിയായതിനു ശേഷം ഏറ്റവുമധികം തവണ ധ്യാനിച്ചിട്ടുള്ള തിരുവചന ഭാഗം , യേശുവിന്റെ ക്ഷമയുടെ വാക്കുകൾ ആയിരുന്നു."പിതാവേ അവരോടു ക്ഷമിക്കണമേ;അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല." യൂദാസ് യേശുവിനോട് ക്ഷമ ചോദിച്ചിരുന്നെങ്കിൽ അവനും കരുണ കണ്ടെത്തുമായിരുന്നുവെന്നും" ബക്കീത്താ ആവർത്തിച്ചു പറയുന്നത്.വിശുദ്ധ ബക്കീത്തായുടെ ജീവിതം ക്ഷമയുടെ അസ്തിത്വപരമായ ഉപമയായി മാറിയെന്ന്, പാപ്പാ അടിവരയിട്ടു പറഞ്ഞു.ക്ഷമയാണ് അവളെ സ്വന്തന്ത്രമാക്കിയ രഹസ്യം.

ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിലൂടെ ആദ്യം തനിക്കു  ലഭിച്ച ക്ഷമ അവൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു. ഇതാണ് അവളെ സ്വതന്ത്രയും, സന്തോഷവതിയും, സ്നേഹിക്കാൻ കഴിവുമുള്ള സ്ത്രീയാക്കി മാറ്റിയത്. ലളിതമായ ജീവിത ചര്യകളിലൂടെ മറ്റുള്ളവരെ പരിഗണിക്കുന്നതിലും,എളിമയോടെ സേവനം ചെയ്യുന്നതിലും,ആത്മാർത്ഥമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും സന്തോഷം കണ്ടെത്തുവാൻ അവൾക്കു സാധിച്ചുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

തന്റെ പ്രിയപെട്ടവരിൽ നിന്നും അകലെയായിരിക്കുവാൻ വിധിക്കപ്പെട്ടുവെങ്കിലും പുതിയ സഹോദരങ്ങളോടൊപ്പം പുനർജനിക്കുവാൻ ക്ഷമയുടെ കൃപ അവളെ അനുവദിച്ചു.പുഞ്ചിരിയുടെയും ലാളനയുടെയും ദാനധർമ്മത്തിന്റെയും ലളിതമായ ജീവിത മാതൃകയുടെ എല്ലാവരോടും ക്ഷമിക്കുവാനും, അവരെയും മനുഷ്യരാക്കുവാനും വിശുദ്ധ ജസീപ്പീനയ്ക്കു സാധിച്ചു, പാപ്പാ പറഞ്ഞു. അങ്ങനെ സേവനം അടിമത്തമായിട്ടല്ല, സ്വതന്ത്രമായ സ്വയം ദാനത്തിന്റെ പ്രകടനമായി അനുഭവിക്കാൻ ബക്കീത്തായ്ക്ക് സാധിച്ചു.

ക്ഷമ നമ്മിൽനിന്നും ഒന്നും എടുത്തുകളയുന്നില്ല, മറിച്ച് നമ്മുടെ വ്യക്തിത്വത്തിന്  മാന്യത പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.എല്ലാവരെയും സഹോദരീസഹോദരന്മാരായി കാണുവാൻ ഈ കൃപ നമ്മെ സഹായിക്കുന്നു. ക്ഷമയാണ് കാരുണ്യത്തിന്റെ ഉറവിടമെന്നും,വിശുദ്ധ ബക്കീത്തായെ പോലെ എളിമയും സന്തോഷവും നിറഞ്ഞ വിശുദ്ധിയിലേക്ക് എല്ലാവരെയും പാപ്പാ ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2023, 16:11