തിരയുക

കൊളോസിയത്തിൽ കുരിശിന്റെ വഴിയുടെ അവസരത്തിൽ അഭയാർത്ഥികളായവരെ ഫ്രാൻസിസ് പാപ്പാ ആശീർവദിക്കുന്നു കൊളോസിയത്തിൽ കുരിശിന്റെ വഴിയുടെ അവസരത്തിൽ അഭയാർത്ഥികളായവരെ ഫ്രാൻസിസ് പാപ്പാ ആശീർവദിക്കുന്നു   (AFP or licensors)

പലായനം ചെയ്യുന്നവരെ ചേർത്തുനിർത്തണം:ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ വിവിധ ഇടങ്ങളിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷങ്ങളിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ മോദനയിലും, മറ്റു എമിലിയൻ നഗരങ്ങളിലും ഇറ്റലിയിലെ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷം ഒക്ടോബർ 25 മുതൽ 28 വരെയാണ് നടത്തപ്പെടുന്നത്.തദവസരത്തിൽ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി.

ഈ വർഷത്തെ ലോക കുടിയേറ്റ, അഭയാർത്ഥി ദിനത്തിനായുള്ള ആപ്തവാക്യമായ, 'കുടിയേറണോ?,മാതൃരാജ്യത്ത് തുടരണോ? എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം' എന്നതാണ് പാപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കം.ബഹുമുഖവും, സങ്കീർണ്ണവും, ആഗോളവും, ദീർഘകാലവുമായ കുടിയേറ്റപ്രശ്‍നങ്ങളെയും വെല്ലുവിളികളെയും പരിഗണനകളിലൂന്നിയ ആശയങ്ങളോടുകൂടി സമീപിക്കുവാൻ പാപ്പാ ആവശ്യപ്പെടുന്നു.

സമൂഹത്തിലെ ദുർബലവിഭാഗത്തിൽ പെട്ട സ്ത്രീകളും,പ്രായപൂർത്തിയാകാത്തവരുമുൾപ്പെടെയുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകികൊണ്ട്, നയങ്ങളുടെ രൂപകൽപ്പനയിൽ മനുഷ്യവ്യക്തികളിന്മേലുള്ള പ്രാധാന്യവും, മനുഷ്യന്റെ അന്തസിനുള്ള പരിഗണനയും നൽകണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നു.

വ്യക്തിപരമായ നേട്ടങ്ങൾക്കായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന ലോകത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾ ശിരസ്സാവഹിക്കണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

കുടിയേറ്റക്കാരുടെ സ്വപ്നങ്ങളെ ഹനിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമായ  അന്യായമായ  പ്രവർത്തനങ്ങൾക്കെതിരെ  പോരാടാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറയുന്നു.അതിനാൽ നിയമാനുസൃതമായ കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.

ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ്  കുടിയേറ്റക്കാർ. എന്നാൽ  സ്വന്തം ദേശത്ത്  ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കാരണവശാലും ആർക്കും നിഷേധിക്കപ്പെടരുതെന്നും, നിർബന്ധിത കുടിയേറ്റം അവസാനിപ്പിക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ച് പ്രതിബദ്ധതയോടെ പെരുമാറണമെന്നും, സന്ദേശത്തിൽ പാപ്പാ ഊന്നി പറയുന്നു.

ആയുധമത്സരം, സാമ്പത്തിക കൊളോണിയലിസം, മറ്റുള്ളവരുടെ വിഭവങ്ങൾ കൊള്ളയടിക്കൽ, നമ്മുടെ പൊതുഭവനത്തിന്റെ നാശം എന്നിവ തടയാനുള്ള  നമ്മുടെ പരിശ്രമങ്ങളെയും പാപ്പാ സ്വാഗതം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഒക്‌ടോബർ 2023, 13:25