തിരയുക

ദൈവസ്നേഹം നമ്മെ സ്വതന്ത്രരാക്കുന്നു:ഫ്രാൻസിസ് പാപ്പാ

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്നു മുതൽ പതിനാലു വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ഒക്ടോബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച്ച വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം.വിവാഹവിരുന്നൊരുക്കി എല്ലാവരെയും ക്ഷണിക്കുന്ന രാജാവിനെയും, അവന്റെ ക്ഷണം നിരസിച്ചുകൊണ്ട് സ്വാർത്ഥതയിൽ കഴിയുന്ന ആളുകളെയുമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ വിചിന്തനത്തിനായി നൽകുന്നത്
തിരുവചനസന്ദേശം-ശബ്ദരേഖ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരങ്ങളെ സുപ്രഭാതം എന്ന തന്റെ പതിവ് അഭിവാദ്യം നടത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.തുടർന്ന് സുവിശേഷത്തിന്റെ ഇതിവൃത്തം ലളിതമായ ഭാഷയിൽ എടുത്തു പറഞ്ഞു.

സുവിശേഷത്തിൽ നാം വായിച്ചു കേട്ട ആ രാജാവിനെപ്പോലെയാണ് ദൈവം.തന്റെ മകന്റെ വിവാഹവിരുന്നൊരുക്കി, സന്തോഷം പങ്കുവയ്ക്കുവാൻ എല്ലാവരേയും അദ്ദേഹം ക്ഷണിക്കുന്നു.പരസ്പരം കണ്ടുമുട്ടുവാനും, ആഘോഷിക്കുവാനും, ആരെയും നിർബന്ധിക്കാതെ, സൗജന്യ ക്ഷണം നൽകുന്ന രാജാവ്. തന്നെപോലും വെളിപ്പെടുത്താതെ വിരുന്നിനു ക്ഷണിക്കുവാൻ കാരണം, അത്രയും സ്വാതന്ത്ര്യം ക്ഷണിക്കപ്പെട്ടവർ അനുഭവിക്കുവാൻ വേണ്ടിയാണെന്നും പാപ്പാ എടുത്തു പറയുന്നു. ഇതാണ് പിതാവായ ദൈവവും നാമും തമ്മിലുള്ള ബന്ധം; സ്വാതന്ത്ര്യത്തിന്റെ ബന്ധം.

തന്നോടുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനു വേണ്ടിയാണ് ദൈവത്തിന്റെ അതിഥികളെന്ന നിലയിൽ അവൻ നമുക്കായി വിരുന്നൊരുക്കുന്നത്. നമ്മെ കൂടുതൽ സ്വതന്ത്രമാക്കുന്ന ദൈവത്തിന്റെ വിളിയുടെ വ്യതിരിക്തതയും പാപ്പാ അടിവരയിട്ടുപറയുന്നു.

ദൈവത്തിന്റെ ഈ വിളിയുടെ മറ്റൊരു പ്രത്യേകതയായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, ഇത് അവനോടൊപ്പം ആയിരിക്കുവാനുള്ള വിളിയാണ്. എന്നാൽ തന്റെ ഈ ക്ഷണം സ്വീകരിക്കുവാനോ, തള്ളിക്കളയുവാനോ ഉള്ള അവകാശം മനുഷ്യർക്ക്‌ വിട്ടുനൽകുന്ന ഒരു പിതാവിനെയാണ് ദൈവത്തിൽ നമുക്ക് കാണാൻ സാധിക്കുക. നിർബന്ധപൂർവമുള്ള ഒരു വിധേയത്വം ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിൽ പിതാവിന്റെ ഹിതത്തിന് സ്വതന്ത്രമായ സമ്മതം അനിവാര്യമാണെന്ന് വചനത്തിന്റെ വെളിച്ചത്തിൽ പാപ്പാ വിശദീകരിക്കുന്നു. അതിനാൽ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഒരു ദൈവത്തെയാണ് വചനം ഇന്ന് പരിചയപ്പെടുത്തുന്നത്.

തുടർന്ന് പാപ്പാ വിശുദ്ധ ആഗസ്‌തീനോസ് പുണ്യവാന്റെ വാക്കുകളും ഉദ്ധരിച്ചു "നിങ്ങളെ കൂടാതെ നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് നിങ്ങളെ കൂടാതെ നിങ്ങളെ രക്ഷിക്കാൻ കഴിയില്ല"

ദൈവസ്നേഹത്തിന്റെ ഒരു ഭാവമാണ് ഇപ്രകാരം സ്വാതന്ത്ര്യത്തെ പൂർണ്ണമായി മാനിക്കുക എന്നതെന്നും പാപ്പാ അടിവരയിട്ടു പറയുന്നു.മനുഷ്യനന്മയ്ക്കുവേണ്ടി ദൈവം പല നിർദേശങ്ങളും നമുക്ക് നൽകുന്നുവെങ്കിലും അവയിലൊന്നുപോലും അടിച്ചേൽപ്പിക്കുവാൻ അവൻ താൽപ്പര്യപെടുന്നില്ല.

മറിച്ച് ദൈവത്തിന്റെ സമയം എന്നത് നമ്മെ സ്വതന്ത്രമാക്കുന്ന സമയമാണ്. ദൈവത്തിന് വേണ്ടി സമയം കണ്ടെത്തുന്നതു സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണെന്നും പാപ്പാ പറഞ്ഞുവയ്ക്കുന്നു.

എന്നാൽ ചരിത്രത്തിൽ ദൈവത്തിന്റെ ക്ഷണം നിരസിക്കുന്ന ധാരാളം മനുഷ്യരെ നമുക്ക് കാണുവാൻ സാധിക്കും. സ്വന്തം കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് ദൈവത്തിന്റെ ക്ഷണം ശ്രദ്ധിക്കാതെ പോകുന്ന ദൗർഭാഗ്യകരമായ അവസ്ഥയും പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

ഇപ്രകാരം ദൈവത്തിന്റെ ക്ഷണം സ്വീകരിക്കാത്ത മനുഷ്യർക്ക്‌ മുൻപിലും ദയാനിധിയായ ദൈവം മടുപ്പു കാണിക്കുന്നില്ല. മറിച്ച് വീണ്ടും വീണ്ടും തന്റെ ക്ഷണം തുടരുന്നു. മാത്രമല്ല ആ ക്ഷണത്തിന്റെ മാധുര്യം കൂട്ടുകയും ചെയ്യുന്നു.

അതിനാൽ ദൈവത്തിന്റെ വിളി തിരിച്ചറിയണമെന്നും, നമ്മുടെ ജോലിതിരക്കുകൾക്കിടയിൽ ദൈവത്തിന്റെ ക്ഷണം നിരസിക്കരുതെന്നും പാപ്പാ ഓർമിപ്പിക്കുന്നു. എത്രയോ തവണ നമ്മുടെ സ്വന്തം കാര്യങ്ങൾ മാത്രം ചിന്തിക്കുന്നതിനിടയിൽ ദൈവത്തിന്റെ ക്ഷണം നിരസിച്ചിട്ടുണ്ടെന്ന് ആത്മശോധന ചെയ്യുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

ഒഴിവുസമയങ്ങൾ ലഭിക്കുവാൻ വേണ്ടി എത്രയോ ആഗ്രഹിക്കുകയും, പ്രയത്നിക്കുകയും ചെയ്യുമ്പോൾ ‘സ്വതന്ത്രമാക്കുന്ന സമയം’ കണ്ടെത്തുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. ഈ സ്വാതന്ത്ര്യം നാം കണ്ടെത്തേണ്ടത് ദൈവത്തിന് നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ടാവണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ആകുലതകൾ നിറഞ്ഞ നമ്മുടെ ഹൃദയഭാരം ലഘൂകരിക്കുവാനും, നമ്മെ തന്നെ സുഖപ്പെടുത്തുവാനും, ഈ സമർപ്പണം നമ്മെ സഹായിക്കുന്നു.

അത് നമ്മുടെ ഉള്ളിൽ സമാധാനവും വിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കുന്നു, തിന്മയിൽ നിന്നും ഏകാന്തതയിൽ നിന്നും അർത്ഥനഷ്ടത്തിൽ നിന്നും അത് നമ്മെ രക്ഷിക്കുന്നു.കർത്താവിനോടൊപ്പം ആയിരിക്കുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ യഥാർത്ഥ സന്തോഷം പ്രദാനം ചെയ്യുന്നത്. അതിനാൽ അവനുവേണ്ടി ഇടം നൽകുവാൻ വിസമ്മതിക്കരുതെന്നും പാപ്പാ ഓർമിപ്പിക്കുന്നു.

എവിടെയാണ് ദൈവത്തിന് വേണ്ടി ഇടം നൽകേണ്ടതെന്നും പാപ്പാ എടുത്തുപറഞ്ഞു. ദൈവത്തോട് ചേർന്നിരിക്കുവാനും, അവനു ഇടം നൽകാനുമുള്ള രണ്ടു വേദികളാണ് : വിശുദ്ധ കുർബാനയുടെ നിമിഷങ്ങളും, വചനം ശ്രവിക്കുന്ന അവസരങ്ങളും. എന്നാൽ ഇതോടൊപ്പം പ്രാർത്ഥനയുടെ സമയങ്ങളും, ജീവകാരുണ്യപ്രവർത്തനങ്ങളും, ദുർബലർക്കും,ദരിദ്രർക്കും നൽകുന്ന സഹായങ്ങളും, ഒറ്റയ്ക്കായിപോയവർക്ക് നൽകുന്ന കൂട്ടിരുപ്പും, മറ്റുള്ളവർക്ക് നൽകുന്ന ശ്രദ്ധയും, ശ്രവണവും, കഷ്ടപ്പെടുന്നവർക്കുള്ള കൈത്താങ്ങുമെല്ലാം ഇപ്രകാരം ദൈവത്തിന് ഇടം നൽകുന്നുവെന്നതിന്റെ സാക്ഷ്യങ്ങളാണ്.കാരണം നമ്മുടെ സഹായം ആവശ്യമുള്ള സഹോദരങ്ങളിൽ ദൈവം വസിക്കുന്നു, പാപ്പാ പറഞ്ഞു.

എന്നാൽ ഈ ചെയ്യുന്ന നന്മപ്രവൃത്തികളെല്ലാം വൃഥാവാണെന്നു പറഞ്ഞുകൊണ്ട് സ്വകാര്യലോകത്ത് മാത്രം ഒതുങ്ങികൂടുവാൻ ആഗ്രഹിക്കുന്ന ആളുകളും വിരളമല്ലെന്ന  സൂചനയും പാപ്പാ നൽകുന്നു. ഇത് തന്റെ ഉള്ളിൽ ദുഃഖം ജനിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിനു എത്രമാത്രം  സ്ഥാനം നൽകുന്നുവെന്നും?ദൈവത്തിന്റെ ക്ഷണത്തിനു എപ്രകാരം മറുപടി  നൽകുന്നുവെന്നും? എന്റെ തന്നെ ജീവിതക്രയവിക്രയങ്ങളിൽ തളച്ചിടപ്പെടുന്നുവോ? അതോ ദൈവത്തിനും മറ്റുള്ളവർക്കും, പ്രത്യേകമായി ആവശ്യമുള്ളവർക്കും സ്നേഹമസൃണമായ സഹായം നൽകുന്നുണ്ടോ? എന്ന് ചോദിക്കുവാനും പാപ്പാ ഉപസംഹാരമായി എല്ലാവരെയും ക്ഷണിച്ചു.

തന്റെ 'അതെ' എന്ന മറുപടി കൊണ്ട് ദൈവത്തിന്  ജീവിതത്തിൽ സ്ഥലം ഒരുക്കിയ പരിശുദ്ധ കന്യകാമറിയം, ദൈവത്തിന്റെ ക്ഷണത്തിനു മറുപടി നകുവാൻ നമ്മെ സഹായിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് കർത്താവിന്റെ മാലാഖയെന്നു തുടങ്ങുന്ന ത്രികാലജപത്തിനു പാപ്പാ നേതൃത്വം നൽകി. പ്രാർത്ഥനയ്ക്കും, ആശീർവാദത്തിനും ശേഷം, ദിവസത്തിന്റെ പ്രത്യേകമായ നിയോഗങ്ങളും,അപേക്ഷകളും പാപ്പാ എടുത്തു പറഞ്ഞു.

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ പറ്റിയുള്ള തന്റെ ആകുലതകളും, ഉത്കണ്ഠകളും പാപ്പാ ആമുഖമായി എടുത്തുപറഞ്ഞു.ഒരിക്കൽക്കൂടി ബന്ദികളാക്കിവച്ചിരിക്കുന്ന ആളുകളെ മോചിപ്പിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.വിശുദ്ധനാട്ടിലും, ഉക്രൈനിലും, മറ്റു സ്ഥലങ്ങളിലും മാനുഷികമായ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും,നിഷ്കളങ്കരുടെ രക്തം ഇനി ചിന്തരുതെന്നും പാപ്പാ അഭ്യർത്ഥിച്ചു.യുദ്ധങ്ങൾ അതിൽ തന്നെ ഒരു പരാജയമാണെന്ന തന്റെ വാക്കുകളും പാപ്പാ ആവർത്തിച്ചു.യുദ്ധങ്ങളുടെ അവസാനത്തിനും, ലോക സമാധാനത്തിനു വേണ്ടിയും ഒക്ടോബർ മാസം പതിനേഴാം തീയതി  ഉപവാസപ്രാർത്ഥനാദിനമായും പാപ്പാ പ്രഖ്യാപിച്ചു. നാഗോർണോ-കറാബാക്കിലെ പ്രതിസന്ധിയെയും പാപ്പാ എടുത്തു പറഞ്ഞു.പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ അപ്പസ്തോലിക പ്രബോധനമായ C'est la confiance ('ഇതാണ് വിശ്വാസം) കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. ദൈവീക കരുണയിൽ വിശ്വാസമർപ്പിച്ച കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതസാക്ഷ്യവും പാപ്പാ അടിവരയിട്ടു.

തുടർന്ന് നാസികളുടെ ക്രൂരത നിറഞ്ഞ നാളുകളുടെ എൺപതാം വാർഷികം ആഘോഷിക്കുന്ന റോമിലെ ജൂതസമൂഹത്തിനു തന്റെ പ്രാർത്ഥനകൾ നേർന്നു.അതോടൊപ്പം സമൂഹത്തിൽ തിന്മകളിൽ പെട്ട് പോയ യുവജനങ്ങൾക്ക് കൈത്താങ്ങാകുന്ന യുവജനങ്ങളുടെ കൂട്ടായ്മയായ നോവി ഒറിസോന്തി (Nuovi Orizzonti)യിലെ തീർത്ഥാടകർക്കും പാപ്പാ ആശംസകൾ നേർന്നു.

എല്ലാവര്ക്കും നല്ല ഒരു ഞായറാഴ്ചയും ഉച്ചഭക്ഷണവും ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കണമേയെന്ന അഭ്യർത്ഥന ഒരിക്കൽക്കൂടി നടത്തി ജാലകത്തിനുള്ളിലേക്ക് കടന്നു. തദവസരം വിശ്വാസികൾ കരഘോഷത്തോടെ പാപ്പായ്ക്ക് നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2023, 13:40