തിരയുക

മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു  മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു   (ANSA)

നന്ദിയില്ലായ്മയും,അത്യാഗ്രഹവും നമ്മെ കൊലപാതകികളാക്കുന്നു: പാപ്പാ

ഒക്ടോബർ മാസം എട്ടാം തീയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
മധ്യാഹ്നപ്രാർത്ഥനാ സന്ദേശം-ശബ്ദരേഖ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആഗോളതലത്തിൽ 351 അംഗങ്ങൾ പങ്കെടുക്കുന്ന പതിനാറാമത് സാധാരണ സിനഡ് സമ്മേളനം വത്തിക്കാനിൽ ഒക്ടോബർ മാസം നാലാം തീയതി മുതൽ ഇരുപത്തിയൊൻപതാം തീയതി വരെ സമ്മേളിക്കുന്ന അവസരത്തിൽ, പ്രാർത്ഥനകൾ കൊണ്ടും, ജിജ്ഞാസ  കൊണ്ടും  ലോകത്തിലെ സകല വിശ്വാസികളും കത്തോലിക്കാ സഭയുടെ ഭരണ സിരാകേന്ദ്രമായ വത്തിക്കാനിലേക്കും, പത്രോസിന്റെ പിൻഗാമിയായ പാപ്പായിലേക്കും ശ്രദ്ധ തിരിക്കുമ്പോൾ വത്തിക്കാൻ ചത്വരത്തിൽ നടക്കുന്ന ഓരോ കർമ്മങ്ങൾക്കും പ്രാധാന്യമേറുന്നു.

 വാർത്തകൾ അറിയുവാനുള്ള ആകാംക്ഷകൾക്കുപരി വിശ്വാസികൾ തങ്ങളുടെ നിശബ്ദമായ പ്രാർത്ഥനകൾ കൊണ്ട് സിനഡിൽ പങ്കെടുക്കുന്ന അനുഗ്രഹപ്രദമായ സാക്ഷ്യങ്ങളാണ് ലോകമെമ്പാടും നിന്ന് ഓരോ ദിവസവും എത്തുന്നത്. വത്തിക്കാൻ ചത്വരത്തിലെ മഹനീയമായ നിമിഷങ്ങളിൽ ഒന്നാണ് ഒക്ടോബർ  മാസം എട്ടാം തീയതി ഞായറാഴ്ച മധ്യാഹ്‌നം പന്ത്രണ്ടു മണിക്ക് ഫ്രാൻസിസ് പാപ്പാ നയിച്ച ത്രികാല ജപം.

കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഏകദേശം 25000 നും മേൽ ആളുകളാണ് പാപ്പായ്‌ക്കൊപ്പം മധ്യാഹ്നപ്രാര്ഥനയിൽ പങ്കുകൊള്ളുവാൻ ഏറെ മണിക്കൂറുകൾക്കു മുൻപേ തന്നെ വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ സ്ഥാനം പിടിച്ചിരുന്നത്. പാപ്പായെ വരവേൽക്കുന്നതിന് തങ്ങളെ തന്നെ ആത്മീയമായി ഒരുക്കുന്നതിന് ഗാനങ്ങൾ ആലപിച്ചുകൊണ്ടും,ജപമാലകൾ ചൊല്ലിയും വിശ്വാസികൾ കൂട്ടം കൂട്ടമായി ചത്വരത്തിനുളിൽ നിൽക്കുന്ന കാഴ്ച്ച ഇന്നും, ജീവിക്കുന്ന ക്രിസ്തുവിന്റെ സഭയോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതായിരുന്നു.

പന്ത്രണ്ടു മണിയോടടുക്കുമ്പോഴേക്കും വീവ പാപ്പാ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് കൂടിനിന്നവരുടെ കരഘോഷം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെ, ക്രിസ്തുവിന്റെ വികാരിയും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ പാപ്പായെ വരവേൽക്കുന്നതിൽ, ആഹ്ളാദവും, ചാരിതാർഥ്യവും നിറഞ്ഞ ആനന്ദമായി പ്രകമ്പനം കൊള്ളിച്ചു. നാനാത്വത്തിൽ വിരിഞ്ഞ ഏകത്വത്തിന്റെ മനോഹാരിത വിശുദ്ധ പത്രോസിന്റെ ദേവാലയ ചത്വരത്തിൽ ദർശനീയമായിരുന്നു.പല ദേശക്കാരും,ഭാഷക്കാരും,സംസ്കാരം ഉൾക്കൊള്ളുന്നവരും ഒരേ സ്വരത്തിൽ പാപ്പയുടെ വരവിനെ സ്നേഹത്തിന്റെ ഒരേ വികാരത്തിൽ ഏറ്റുകൊണ്ടപ്പോൾ ക്രിസ്തുവിന്റെ മാനവിക സ്നേഹത്തിന്റെ പ്രതിഫലനമാണ് വത്തിക്കാനിൽ പ്രതിധ്വനിച്ചത് .

പ്രിയ സഹോദരീ സഹോദന്മാരെ,സുപ്രഭാതം  എന്ന തന്റെ പതിവ് അഭിവാദ്യത്തിനു ശേഷം ലത്തീൻ ആരാധനാക്രമത്തിൽ ഒക്ടോബർ മാസം എട്ടാം തീയതി ഞായറാഴ്ച്ച  വായിച്ചുകേട്ട സുവിശേഷഭാഗത്തെ അധികരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം  അധ്യായം 33  മുതൽ 43 വരെയുള്ള തിരുവചനങ്ങളിൽ പ്രതിപാദിക്കുന്ന മുന്തിരി തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമയാണ് പാപ്പാ വിശദീകരിച്ചത്.

തന്റെ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട് അതിനെ നന്നായി പരിപാലിച്ചതിനുശേഷം കർഷകരെ ഏൽപ്പിക്കുന്ന ഉടമസ്ഥനെയും, വിളവെടുക്കുവാൻ തന്റെ ദാസരെയും പുത്രനെയും അയയ്ക്കുമ്പോൾ, അവരോട് കർഷകർ മോശമായി പെരുമാറുന്നതും, കൊല്ലുന്നതുമായ സംഭവമാണ് ഉപമയുടെ ഇതിവൃത്തം. ഇത്തരത്തിൽ നാടകീയവും, ദുഃഖപൂരിതവുമായ അവസ്ഥയിലേക്ക് നയിച്ച കാരണമെന്തെന്ന് ചോദിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

സ്നേഹത്തോടെയും, കരുതലോടെയും കഠിനാധ്വാനം ചെയ്യുന്ന ഉടമസ്ഥനെയാണ് പാപ്പാ ആദ്യം എടുത്തു കാണിക്കുന്നത്.മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുക മാത്രമല്ല അതിനെ സംരക്ഷിക്കുവാൻ വേലി കെട്ടി, കാവൽ ഗോപുരം കൂടി സ്ഥാപിച്ചിട്ടാണ് ഉടമസ്ഥൻ അതിനെ കൃഷിക്കാർക്ക് ഭരമേല്പിക്കുന്നത്.തന്റെ വിലയേറിയ സ്വത്തിനെ വിശ്വാസപൂർവം നീതിയുക്തമായി കൃഷിക്കാരെ ഏല്പിച്ചതുകൊണ്ട് അവർ നന്നായി കൃഷി ചെയ്യുകയും, ഫലം കായ്ക്കുവാൻ പരുവമാം വിധം കാത്തിരിക്കുന്നു.എന്നാൽ ഉത്സവാന്തരീക്ഷത്തിൽ, സന്തോഷപൂർണ്ണമായി പര്യവസാനിക്കേണ്ട വിളവെടുപ്പുകാലമായപ്പോൾ നന്ദിഹീനവും,അത്യാഗ്രഹപൂർണ്ണവുമായ ചിന്തകൾ അവരുടെ ഉള്ളിലേക്ക് കടന്നുവരുന്നു.

സംഘർഷങ്ങളുടെയെല്ലാം പിന്നിൽ ഇത്തരം അത്യാഗ്രഹങ്ങളുടെയും, നന്ദിയില്ലായ്മയുടെയും ചിന്തകളുണ്ടെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. നമ്മുടെ അധ്വാനത്തിന്റെ ഫലം നമുക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, യജമാനന് ഒന്നും നൽകേണ്ടതില്ലെന്നും, ആർക്കും ഉത്തരം നൽകി കണക്കു ബോധിപ്പിക്കേണ്ടതില്ലയെന്നുമുള്ള ചിന്തയാണ്, കൃഷിക്കാരെ ക്രൂരതയിലേക്ക് നയിച്ച കാരണങ്ങൾ. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. മറിച്ച് തങ്ങളെ ഭൂമി ഏൽപ്പിച്ചതിനെയോർത്തും, തുടർന്ന് നീതിപൂർവമായ പെരുമാറ്റത്തെയോർത്തും ഉടമസ്ഥനോട് നന്ദിയുള്ളവരായിരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. ഈ നന്ദികേടാണ് നമ്മിൽ അത്യാഗ്രഹത്തിന്റെ ചിന്തകൾ ഉണർത്തുന്നതും കലാപത്തിനുള്ള മുറവിളി കൂട്ടുന്നതും.യാഥാർഥ്യത്തെ വികലമായ രീതിയിൽ മാത്രം കണ്ടുകൊണ്ട് ഉടമസ്ഥനോടുള്ള തങ്ങളുടെ കടമകൾ മനഃപൂർവം അവർ വിസ്മരിക്കുന്നു.

ഈ ചിന്തയാണ് "ഇതാണ് അവകാശി,വരൂ നമുക്ക് അവനെ കൊല്ലാം, അങ്ങനെ അവന്റെ അവകാശം നമുക്ക് ലഭിക്കുമെന്ന " (മത്തായി 21 :38 )വികല്പമായ കർഷകരുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്. കർഷകരിൽ നിന്നും കൊലപാതകികളിലേക്കുള്ള അവരുടെ മാറ്റം ഈ ചിന്തയിൽ നിന്നുമാണ് ഉണ്ടാകുന്നത്.ഈ പ്രക്രിയ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കാവുന്ന ഒന്നാണ്. നന്ദിയില്ലായ്മയും, ജീവിതത്തിൽ തന്നിൽ മാത്രമുള്ള അമിതാവേശവും, ജീവന്റെ അടിസ്ഥാനഘടകങ്ങളെ തമസ്കരിക്കുന്നതിലൂടെയും നമ്മിൽ സൃഷ്ടിക്കപ്പെടുന്ന തിന്മയെ  ഈ ഉപമയിലൂടെ യേശു ചൂണ്ടിക്കാണിക്കുന്ന വലിയ പാഠവും, പാപ്പാ അടിവരയിട്ടു പറഞ്ഞു.

നന്മ ദൈവത്തിന്റെ സൗജന്യദാനമായ കൃപയിൽ നിന്നുമാണെന്ന വലിയ സത്യം പാപ്പാ ചൂണ്ടിക്കാണിക്കുന്നു.എന്നാൽ ഇത് വിസ്മരിക്കുമ്പോൾ  നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും,നമ്മുടെ പരിമിതികൾക്കു നടുവിലും അവൻ നമ്മെ സംരക്ഷിക്കുന്നുവെന്ന സത്യം തിരിച്ചറിയുവാൻ നമുക്ക് സാധിക്കാതെപോകുന്നു.ഇപ്രകാരം മറ്റുള്ളവന്റേതുകൂടി സ്വന്തമാക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അന്യായത്തിന്റെ തടവറക്കുള്ളിൽ നാം തളച്ചിടപ്പെടുന്നു.

ഈ ഒരു അവസ്ഥയെ പറ്റി ഗൗരവമായി ചിന്തിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.അതൃപ്തിയും,തെറ്റിദ്ധാരണയും,അസൂയയും നിറഞ്ഞ ചിന്തകൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന വഴി നന്ദിയില്ലാത്തവരായി നാം മാറുമ്പോഴാണ് സൃഷ്ടിക്കപ്പെടുന്നതെന്ന  സത്യവും പാപ്പാ എടുത്തു പറഞ്ഞു.

അക്രമം സൃഷ്ടിക്കുകയും,സമാധാനം ഇല്ലാതാക്കുകയും ചെയുന്ന നന്ദിയില്ലായ്മയ്ക്കു പകരമായി ലളിതമായ 'നന്ദി' സമാധാനം സംസ്ഥാപിക്കും, പാപ്പാ പറഞ്ഞു. അതിനാൽ നമ്മുടെ ജീവനും, വിശ്വാസവും, ഞാൻ തന്നെയും ദൈവത്തിന്റ സമ്മാനമാണെന്ന് തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? എല്ലാം കർത്താവിന്റെ കൃപയിൽ അധിഷ്ഠിതമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? അർഹതയില്ലാതിരുന്നിട്ടും  ദൈവം എന്നെ സ്നേഹിക്കുകയും, രക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസിലാക്കുന്നുണ്ടോ? നന്ദി എങ്ങനെ പറയണമെന്ന് എനിക്ക് ബോധ്യമുണ്ടോ? ഇപ്രകാരം ചില ചോദ്യങ്ങളും പാപ്പാ ചോദിച്ചു.അതിനാൽ  നന്ദി, അനുവാദം, ക്ഷമ എന്നീ മൂന്നു വാക്കുകൾ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാകണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

തുടർന്ന് പാപ്പാ കർത്താവിന്റെ മാലാഖ എന്ന ത്രികാലജപം നയിച്ചു. മധ്യാഹ്നപ്രാർത്ഥനക്കും ആശീർവാദത്തിനും നിറഞ്ഞ കരഘോഷങ്ങളോടെയും, വീവാ പാപ്പാ എന്ന ആർപ്പുവിളികളോടെയും സമ്മേളിച്ചിരുന്നവർ പ്രതിനന്ദി പ്രകടിപ്പിച്ചു.

ഏതാനും നിമിഷങ്ങളിലേക്ക് നീണ്ട ആഹ്ലാദ പ്രകടങ്ങളെ തുടർന്ന്പ്രാർത്ഥനയ്ക്കും,അപ്പസ്തോലിക ആശീർവാദത്തിനും ശേഷം പതിവു പോലെ ദിവസത്തിന്റെ പ്രത്യേകമായ കാര്യങ്ങളെയും പാപ്പാ അനുസ്മരിച്ചു.

ഇസ്രായേലിൽ നടന്ന അക്രമത്തിന്റെ വേദന പാപ്പാ പങ്കുവച്ചു.ഇരകളായ ആളുകളുടെ കുടുംബാംഗങ്ങളോട്  തന്റെ സാമീപ്യം വാഗ്ദാനം ചെയ്ത പാപ്പാ. ആക്രമങ്ങളും, ഭീകരതയും നിർത്തുവാൻ ആഹ്വാനം ചെയ്തു. തീവ്രവാദവും യുദ്ധവും ഒരു പരിഹാരത്തിലേക്കും നയിക്കുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന ക്രൂരത മാത്രമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ ഇസ്രയേലിലും പലസ്തീനയിലും സമാധാനത്തിനുവേണ്ടി പാപ്പാ ആഹ്വാനം ചെയ്തു.പരിശുദ്ധ അമ്മയുടെ ജപമാലമാസത്തിൽ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപെടുവാൻ നാം പ്രാർത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.

യുദ്ധത്തിന്റെ ഭീകരതയിൽ ദുരിതമനുഭവിക്കുന്ന ഉക്രൈനു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. തുടർന്ന് സിനഡിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രാർത്ഥനകളാൽ അനുഗമിക്കുന്ന എ എല്ലാവര്ക്കും പാപ്പാ നന്ദി പറയുകയും. സിനഡ് കൂട്ടായ്മയെ പരിശുദ്ധാത്മാവിനു ഭരമേല്പിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

അവസാനം പതിവുപോലെ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നടത്തിയ പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ച ഭക്ഷണം ആശംസിക്കുകയും, വീണ്ടും കാണാമെന്ന ഉറപ്പു നൽകി ജാലകത്തിനു മറവിലേക്ക് മടങ്ങുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2023, 11:47