തിരയുക

ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്തവർ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്തവർ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു.   (Vatican Media)

പാപ്പാ : "ഓരോ യുദ്ധവും ഒരു തോൽവി "

അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ പാലസ്തീനയ്ക്കും ഇസ്രായേലിലും സമാധാനം നൽകാൻ വേണ്ടി പ്രാർത്ഥിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം നടത്തിയ പ്രഭാഷണത്തിൽ ആയുധങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ പാപ്പാ അപേക്ഷിച്ചു. ഭീകരപ്രവർത്തനവും യുദ്ധവും ഒന്നിനും ഒരു പരിഹാരമാവില്ല എന്നും മറിച്ച് നിഷ്കളങ്കരായ അനേകം മനുഷ്യരുടെ മരണത്തിനും സഹനങ്ങൾക്കും മാത്രമേ കാരണമാവൂ എന്നും ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പു നൽകി. " യുദ്ധം എല്ലായ്പ്പോഴും ഒരു തോൽവിയാണ്! ഓരോ യുദ്ധവും ഒരു തോൽവിയാണ്!"പാപ്പാ വിളിച്ചു പറഞ്ഞു.

കൂടുതൽ ക്രൂരമായ അക്രമം പൊട്ടിപ്പുറപ്പെടുകയും നൂറുകണക്കിന് ആളുകൾ മരിക്കുകയും ചെയ്ത ഇസ്രായേലിൽ നിന്നുള്ള വാർത്തകൾ ഭയത്തോടും സങ്കടത്തോടും കൂടിയാണ് പിൻതുടരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആക്രമത്തിലെ ഇരകളുടെ കുടുംബത്തിന് വേണ്ടിയും ഭീതിയുടേയും ആകുലതയുടെയും സമയത്തിലൂടെ കടന്നു പോകുന്ന എല്ലാവർക്കു വേണ്ടിയും താൻ പ്രാർത്ഥിക്കുകയാണെന്ന് പാപ്പാ അറിയിച്ചു.

അപ്രതീക്ഷിതമായി ശനിയാഴ്ചയാണ് ഇസ്രായേലിൽ പലസ്തീനയിൽ നിന്നുള്ള ഹമാസ് തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്. നൂറു കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചു കൊണ്ട് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയായിരുന്നു അക്രമം. ഉടൻ ആകാശമാർഗ്ഗം പാലസ്തീനയിൽ തിരിച്ചടിച്ചു കൊണ്ട് ഇസ്രായേലിന്റെ പ്രധാനമന്ത്രി രാജ്യം യുദ്ധത്തിലാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിന്റെ അക്രമത്തിൽ 400 ഓളം പാലസ്തീനക്കാർ തെക്കൻ ഇസ്രായേലിലും ഗാസ മുനമ്പിലുമായി കൊല്ലപ്പെട്ടതായും 12 പേരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിൽ 300 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിനാളുകളെ ഹമാസ് തട്ടിക്കൊണ്ട് പോയതും ഇസ്രായേലും റിപ്പോർട്ടു ചെയ്തു.

പലസ്തീനയിലേയും ഇസ്രായേലിലേയും കുടുംബങ്ങൾ നേരിടേണ്ടി വന്ന ഇത്ര വലിയ ഒരു ദുരന്തം കൂടുതൽ വെറുപ്പും വിഘടനവുമേ ഉണ്ടാക്കൂ എന്നും സ്ഥിരതയുടെ എല്ലാ വീക്ഷണങ്ങളും തകർക്കപ്പെടും എന്നുമാണ്  ജെറൂസലേമിലെ ലത്തീൻ പാത്രിയാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തിയത്.   പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനും അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാനും അന്തർദേശിയ സമൂഹത്തോടും മതനേതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു.

വിശുദ്ധ സ്ഥലങ്ങളിലും നാടുകളിലും തൽസ്ഥിതി തുടരേണ്ടതിന്റെ പ്രധാന്യം എടുത്തു കാട്ടിയ പാത്രിയാർക്ക് പലസ്തീൻ - ഇസ്രയേൽ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ട അടിയന്തിര ആവശ്യവും അടിവരയിട്ടു. സമാധാനവും ഐക്യവും നടപ്പിലാക്കുന്നതിനായുള്ള ഇടയപെടലുകളിൽ ജെറുസലേം എല്ലാ ജനതയ്ക്കും ഒരു പ്രാർത്ഥനാ ഭവനമായി മാറ്റാനുള്ള പ്രചോദനം ലോകനേതാക്കൾക്കുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെയാണ് പത്രിയാർക്കിന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2023, 13:35