തിരയുക

പ്രകൃതി. പ്രകൃതി.  (Copyright (c) 2020 Andrey_Popov/Shutterstock. No use without permission.)

പാപ്പാ: ഭൂമിയോടു മോശമായി പെരുമാറരുത്

ഒക്ടോബർ 13 മുതൽ 15 വരെ റോമിലെ ചിർക്കോ മാസ്സിമോയിൽ നടന്ന "Villaggio Coldiretti" എന്ന സംരംഭത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ ഒക്ടോബർ പതിനഞ്ചാം തിയതി സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കാർഷിക മേഖലയിലെ അവരുടെ ജോലിയുടെ മൂല്യത്തെ ഉയർത്തിപ്പിടിച്ച പാപ്പാ ലാഭത്തിനായുള്ള നിരന്തരമായ പരിശ്രമവും, പുതിയ സാങ്കേതികവിദ്യകളുടെ ആഗമനവും, പ്രകൃതിക്കും മാനവികതയ്ക്കും ഹാനികരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അപകടസാധ്യതകളും സന്ദേശത്തിൽ എടുത്തു പറഞ്ഞു.

"വെള്ളവും, അപ്പവും എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു ലോകം സ്വപ്നം കാണാം " എന്ന ശീർഷകത്തിൽ റോമിലെ ചിർക്കോ മാസ്സിമോയിൽ ഒരുക്കിയ "Coldiretti ഗ്രാമത്തിൽ " ഒരുമിച്ചുകൂടിയ  കർഷകരെയും കാർഷിക വ്യവസായികളെയും പാപ്പാ അഭിസംബോധന ചെയ്യുകയും  ഇറ്റാലിയൻ കാർഷിക ഭക്ഷ്യ ഉൽപാദനത്തിന്റെ സവിശേഷതയെയും ഗുണനിലവാരത്തെയും കുറിച്ച് ചിന്തിക്കാൻ അവരോടു അഭ്യർത്ഥിക്കുകയും ചെയ്തു.

വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രവികസനത്തിന് കാർഷിക പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ചാക്രീകലേഖനമായ Mater et Magistra ൽ നിന്ന് പ്രചോദനമുൾകൊണ്ട് മാനവരാശിക്കും ഭൂമിക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ പങ്കെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമായി കാർഷിക മേഖലയിലെ അധ്വാനത്തെ വിശദീകരിച്ചു.

ഭൂമിയെ പരിപോഷിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും മനുഷ്യരാശിയുടെ പങ്ക് ദൈവത്തിന്റെ പ്രാരംഭ രൂപകൽപ്പന സാക്ഷാത്കരിക്കുന്നതിനുള്ള സഹകരണ ശ്രമമാണെന്ന് അഭിപ്രായപ്പെട്ട പാപ്പാ ഉൽപത്തി പുസ്തകത്തിലേക്ക് വിരൽ ചൂണ്ടികൊണ്ട്, അവിടെ കൃഷിപ്പണിയിലൂടെ ദൈവം തങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി തിരിച്ചറിയാൻ മനുഷ്യർക്ക് കഴിയുമെന്ന് വ്യക്തമാണെന്നും ഭൗതികമായും ധാർമ്മികമായും ദൈവം തന്റെ "അത്ഭുതകരമായ പൂന്തോട്ട"ത്തിന്റെ പരിപാലനം മനുഷ്യരെ ഏൽപ്പിക്കുന്നുവെന്നും പങ്കുവച്ചു.

കൃഷിയുടെ പാരിസ്ഥിതിക നിയമങ്ങൾ മനസിലാക്കേണ്ടതിന്റെയും ഭൂമിയെ കൂടുതൽ മനോഹരവും ഫലപ്രദവും ജീവനേയും അതിലെ നിവാസികളെയും കൂടുതൽ സ്വാഗതം ചെയ്യുവാൻ ഇടയാക്കുന്നതുമായി രൂപപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. ഭൂമിയെ മനോഹരവും ഫലഭൂയിഷ്ടവുമാക്കുന്നത് ലോകത്തെ മാത്രമല്ല, തങ്ങളെത്തന്നെയും രൂപാന്തരപ്പെടുത്തുകയും, കൂടുതൽ ഉത്തരവാദിത്തമുള്ളവരും ഉദാരമതികളും ആക്കി മാറ്റുമെന്നും ഓർമ്മപ്പെടുത്തി. എന്നിരുന്നാലും, അമിതമായ ചൂഷണത്തിലൂടെയും പുതിയ സാങ്കേതികവിദ്യകളുടെ നിർബന്ധിത ഉപയോഗത്തിലൂടെയും ഭൂമിയോടു മോശമായി പെരുമാറുന്നതിനെതിരെ ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകുകയും, ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തു.

ഉൽപാദനത്തിനായുള്ള അമിതമായ ആവർത്തനങ്ങൾ കൃഷിയെ പ്രതികൂലമായി ബാധിക്കുകയും പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമാവുകയും ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ബാധിക്കുകയും ചെയ്തു എന്ന് പാപ്പാ വ്യക്തമാക്കി. 'ഭൂമിയുടെ മേൽ ആധിപത്യം' എന്ന ഉൽപത്തിയിലെ കൽപനയെ ക്രൂശിതനും ഉത്ഥിതനുമായ കർത്താവിന്റെ മാതൃകയിലൂടെ സ്നേഹത്തിന്റെയും സേവനത്തിന്റെയും യുക്തിയിൽ നിന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കണമെന്ന് ഫ്രാ൯സിസ് പാപ്പാ നിർദ്ദേശിച്ചു.  അനുദിന അപ്പത്തിനായി പാടുപെടുന്ന ദരിദ്രർക്കുവേണ്ടി, പ്രത്യേകിച്ച്, ഭൂമിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.

ലാഭത്തിനും, ഉപഭോഗത്തിനും, സൗകര്യത്തിനും മാത്രമല്ല നീതിക്കും മുൻഗണന നൽകുന്ന പ്രാദേശികവും അന്തരദേശീയവുമായ നയങ്ങളിലൂടെ ഈ അനീതികൾ പരിഹരിക്കാൻ ശക്തമായ നടപടികളും നല്ല നടപടികളും ആവശ്യപ്പെട്ട പാപ്പാ അവസാനമായി, ദരിദ്രരെ മറക്കരുതെന്നും വെള്ളം, അപ്പം, ജോലി, മരുന്ന്, ഭൂമി, പാർപ്പിടം തുടങ്ങിയ അവശ്യ വിഭവങ്ങൾ എല്ലാ വ്യക്തികൾക്കും ലഭ്യമാകുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കണമെന്നും ഫ്രാൻസിസ് പാപ്പാ  റോമിൽ നടന്ന "കോൾഡിറെറ്റി വില്ലേജ്" പരിപാടിയിൽ പങ്കെടുത്തവരോടു അഭ്യർത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഒക്‌ടോബർ 2023, 13:52