തിരയുക

ഫ്രാ൯സിസ് പാപ്പായുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഫ്രാ൯സിസ് പാപ്പായുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.   (VATICAN MEDIA Divisione Foto)

പാപ്പാ: ക്രിസ്തീയ കൂട്ടായ്മയുടെ പൊതുലക്ഷ്യത്തിലേക്കുള്ള പരസ്പരപൂരകമായ പാതകളാണ് സിനഡാലിറ്റിയും എക്യുമെനിസവും

സെപ്റ്റംബർ 11ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്ക ബാവയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയനും പാപ്പയുമായി വത്തിക്കാനിൽ കൂടികാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ, എക്യുമെനിക്കൽ ചർച്ചകളിലെ പുരോഗതി, ക്രിസ്തീയ ഐക്യത്തോടുള്ള പങ്കാളിത്ത പ്രതിബദ്ധത എന്നിവയെ കുറിച്ച് പാപ്പാ തന്റെ സന്ദേശത്തിൽ പങ്കുവച്ചു.

1964-ൽ വിശുദ്ധ പോൾ ആറാമൻ കാതോലിക്കാ ബസേലിയോസ് ഔഗേൻ ഒന്നാമനെ കണ്ടുമുട്ടിയ രണ്ടാം വത്തിക്കാൻ കൗൺസിൽ കാലഘട്ടം തുടങ്ങി സമീപകാല ദശകങ്ങളിൽ വരെ നീണ്ട സഭകൾ തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ  ബന്ധത്തിന് തങ്ങൾ നന്ദിയുള്ളവരാണെന്ന് പാപ്പാ പറഞ്ഞു. 1983-ൽ മലങ്കര സഭയിലെ ഒരു കാതോലിക്കാ ബാവയുടെ റോമിലേക്കുള്ള ആദ്യ സന്ദർശനത്തിന്റെ നാൽപതാം വാർഷികം ഉൾപ്പെടെ, പരസ്പര ബന്ധത്തിന്റെ സുപ്രധാന വാർഷികങ്ങൾ പാപ്പാ അനുസ്മരിക്കുകയും ചെയ്തു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായുള്ള സാഹോദര്യ സന്ദർശനത്തിന്റെ പത്താം വാർഷികത്തെക്കുറിച്ചും ഫ്രാൻസിസ്  പാപ്പാ സൂചിപ്പിച്ചു.

അപ്പോസ്തലനായ വിശുദ്ധ തോമസിന്റെ "എന്റെ കർത്താവും എന്റെ ദൈവവും" എന്ന ക്രിസ്തുവിനോടുള്ള വിശ്വാസ പ്രഖ്യാപനത്തിൽ വേരൂന്നി  സഭകൾ പങ്കിടുന്ന പൊതു വിശ്വാസത്തിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. ചരിത്രത്തിലുടനീളമുള്ള ക്രൈസ്തവ സഭയിലെ മുറിവുകളെയും വിഭജനങ്ങളെയും കുറിച്ച് പരാമർശിച്ച പാപ്പാ  പെസഹാ രഹസ്യം ഒരുമിച്ച് ആഘോഷിക്കാമെന്ന പ്രതീക്ഷയോടെ ഐക്യത്തെയും അനുരഞ്ജനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ക്രിസ്തു ശരീരത്തിലെ മുറിവുകളുമായുള്ള കൂടിക്കാഴ്ചയുമായി വിശുദ്ധ തോമസിന്റെ വിശ്വാസം വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.  ഇത് നമ്മുടെ പങ്കിട്ട ക്രിസ്തീയ അനുഭവത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞ പാപ്പാ ക്രൈസ്തവർക്കിടയിലെ ചരിത്രപരമായ വിഭജനങ്ങൾ സഭയിൽ വേദനാജനകമായ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് ഇന്നും നമ്മെ ബാധിക്കുന്നുവെന്നും എടുത്തു പറഞ്ഞു.  ഈ മുറിവുകൾ ഒരുമിച്ച് അംഗീകരിക്കുന്നതിലൂടെയും യേശുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിലൂടെയും  വിനയപൂർവ്വം അവിടുത്തെ കൃപ തേടുന്നതിലൂടെയും നമുക്കെല്ലാവർക്കും ഒരു പൊതു ബലിപീഠത്തിൽ  പെസഹാ രഹസ്യം ആഘോഷിക്കാൻ കഴിയുന്ന ദിവസത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

1990-ൽ ചരിത്രപരമായ ക്രിസ്റ്റോളജിക്കൽ ഉടമ്പടിയിലൂടെ സ്ഥാപിതമായ അവരുടെ സഭകൾ തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷനെ ഫ്രാൻസിസ്  പാപ്പാ പരാമർശിച്ചു. ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും പൊതുവായ ഉപയോഗം പോലുള്ള അജപാലന സഹകരണത്തിന്റെ വർഷങ്ങളായി കൈവരിച്ച കരാറുകളുടെയും പ്രാധാന്യത്തെ  പാപ്പാ അടിവരയിട്ടു.

ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിക്കുന്നു; നമ്മുടെ കർത്താവിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ പങ്കിടൽ എക്യുമെനിക്കൽ യാത്രയെ തന്നെ സുവിശേഷവൽക്കരിക്കുന്നു. എക്യുമെനിക്കൽ യാത്രയിൽ സിനഡാലിറ്റിയുടെ പങ്ക് ഉയർത്തിക്കാട്ടുകയും ഇക്കാര്യത്തിൽ പരസ്പര പഠനത്തിനും സഹകരണത്തിനുമുള്ള ആഗ്രഹം പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു. ക്രിസ്തീയ കൂട്ടായ്മയുടെ പൊതുലക്ഷ്യത്തിലേക്കുള്ള പരസ്പരപൂരകമായ പാതകളായാണ്  പാപ്പാ സിനഡാലിറ്റിയെയും എക്യുമെനിസത്തെയും കാണുന്നത്.

സംയുക്ത പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കമ്മീഷൻ കേരളത്തിൽ തുടർച്ചയായി യോഗം ചേർന്നതും  അജപാലന സഹകരണത്തിനും വിശ്വാസികളുടെ ആത്മീയ നേട്ടത്തിനും നല്ല ഫലങ്ങൾ നൽകുന്നതും പാപ്പാ അനുസ്മരിച്ചു. ആരാധനാലയങ്ങളും, ശ്മശാനങ്ങളും, പങ്കിടുന്നതും ചില സന്ദർഭങ്ങളിൽ രോഗീലേപനം മറ്റു സഭകളിൽ നിന്ന് സ്വീകരിക്കുന്നതും  2010-ലെ കരാറുകളിൽ വന്ന  പ്രധാനപ്പെട്ടവ കാര്യങ്ങളിൽ  ഉൾപ്പെടുന്നു.

ഐക്യത്തിലേക്കുള്ള സ്വാഭാവിക പാതയായി കാണുന്ന എക്യുമെനിസത്തിന്റെ ഇടയ സ്വഭാവം ഊന്നിപ്പറഞ്ഞിട്ടുള്ള, സുവിശേഷം പ്രസംഗിക്കുന്നതിലും വിശ്വാസികളെ പരിപാലിക്കുന്നതിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ പാപ്പാ അടിവരയിട്ടു. കൂടാതെ, യുവ വൈദീകർക്കും സന്യാസിമാർക്കും വേണ്ടിയുള്ള പഠന സന്ദർശനങ്ങൾ പോലുള്ള സംരംഭങ്ങളിൽ അവരുടെ സഭയുടെ പങ്കാളിത്തം വൈദികർക്കിടയിൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഐക്യത്തിലേക്കും സാക്ഷീകരണത്തിലേക്കുമുള്ള യാത്രയ്ക്ക് വിശുദ്ധ തോമാശ്ലീഹായുടെ മധ്യസ്ഥതയെ അപേക്ഷിച്ച്കൊണ്ടാണ് ഫ്രാൻസിസ്  പാപ്പാ പ്രസംഗം അവസാനിപ്പിച്ചത്. ക്രൂശിതനും, ഉത്ഥിതനുമായ കർത്താവിനെക്കുറിച്ചുള്ള കൂട്ടായ വിചിന്തനം ഭൂതകാല മുറിവുകളെ പൂർണ്ണമായും സുഖപ്പെടുത്തുന്നതിനും ഒരൊറ്റ ദിവ്യകാരുണ്യ ബലിപീഠത്തിൽ ക്രിസ്തുവിനെ അംഗീകരിക്കുന്നതിനും ഇടയാക്കുമെന്ന്  പാപ്പാ  പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2023, 15:22