പാപ്പാ: ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
യുദ്ധത്തിന്റെ ഭ്രാന്ത്
കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പാപ്പയെ സന്ദർശിക്കാനെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടാരംഭിച്ച് നൽകിയ സന്ദേശത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായക വർഷമായിരുന്നു 1943 എന്ന് പറഞ്ഞു. ആ സന്ദർഭത്തിലാണ് തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടന അതിന്റെ ആദ്യ ചുവടുകൾ വെച്ചതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഓരോ സായുധ സംഘട്ടനവും വികൃതമാക്കപ്പെട്ട നിരവധി വ്യക്തികളെ ഇന്നും സൃഷ്ടിക്കുന്നുണ്ടെന്നും സിവിലിയൻ ജനത യുദ്ധത്തിന്റെ ഭ്രാന്തിന്റെ നാടകീയ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടികാണിച്ചു.
സംഘർഷം അവസാനിച്ചാലും അതിന്റെ അവശിഷ്ടങ്ങൾ ശരീരത്തിലും ഹൃദയത്തിലും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച പാപ്പാ ഏറ്റവും ദുർബലരും പിന്നാക്കക്കാരുമായവരിൽ നിന്ന് തുടങ്ങി ജീവന്റെയും അതിന്റെ അന്തസ്സിന്റെയും സംരക്ഷണത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും അനുദിനം സമാധാനം പുനർനിർമ്മിക്കേണ്ടതുണ്ടെതുന്ന വസ്തുതയും സന്ദേശത്തിൽ ഊന്നി പറഞ്ഞു.
തൊഴിലിടത്തെ സുരക്ഷയുടെ പ്രാധാന്യം
ഇന്ന്, അവർക്കെല്ലാവർക്കും തന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ജോലിസ്ഥലത്തെ അപകടങ്ങളുടെ ഇരകൾ, വിധവകൾ, പ്രിയപ്പെട്ടവരുടെ മരണത്താൽ അനാഥത്വത്തിലേക്ക് വീണുപോയവർ എന്നിവരെ സംരക്ഷിക്കുന്നതിനും പ്രതിനിധീകരിക്കുന്നതിനും സംഘടന തുടർന്നും ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി അർപ്പിച്ചു. വളരെയധികം മരണങ്ങളും ദുരന്തങ്ങളും ഇപ്പോഴും നടക്കുന്ന തൊഴിലിടത്തെ സുരക്ഷയുടെ കാര്യത്തിൽ ഉന്നത തലത്തിൽ ശ്രദ്ധ നിലനിർത്തിയതിനും പാപ്പാ നന്ദി രേഖപ്പെടുത്തി. ജോലിസ്ഥലത്തെ അപകടങ്ങളെക്കുറിച്ചുള്ള സിവിൽ നിയമനിർമ്മാണം മെച്ചപ്പെടുത്തുന്നതിനും വൈകല്യമുള്ള ആളുകളുടെ പ്രൊഫഷണൽ പുനഃസംയോജനത്തിനും അവർ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു.
ഇത് വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് ശരിയായ സഹായവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനെക്കുറിച്ച് മാത്രമല്ല, സമൂഹത്തിലേക്ക് അവരെ വീണ്ടും സംയോജിപ്പിക്കാൻ കഴിയുന്നതും അന്തസ്സിന് പൂർണ്ണ അംഗീകാരം ആവശ്യപ്പെടുന്നതുമായ വ്യക്തികൾക്ക് പുതിയ അവസരങ്ങൾ നൽകുന്നതിനെക്കുറിച്ചും കൂടിയാണിതെന്ന് പാപ്പാ പങ്കുവച്ചു. അവസാനമായി, അപകട പ്രതിരോധ, സുരക്ഷാ നയങ്ങളെക്കുറിച്ച് പൊതു അവബോധം വളർത്തുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അനുസ്മരിച്ച പാപ്പാ പ്രത്യേകിച്ച് സ്ത്രീകൾക്കും ചെറുപ്പക്കാർക്കും തന്റെ നന്ദി അർപ്പിക്കുകയും ചെയ്തു.
നിർഭാഗ്യവശാൽ, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമായിട്ടും തൊഴിലിടങ്ങളിൽ ദുരന്തങ്ങളും നാടകങ്ങളും തുടരുന്നു. ചിലപ്പോൾ നമുക്ക് ഒരു യുദ്ധത്തിന്റെ വാർത്താ കേൾക്കുന്നതുപോലെ തോന്നുന്നു എന്ന് പാപ്പാ വ്യക്തമാക്കി. ജോലി സ്വയം മനുഷ്യത്വരഹിതമാകുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് കൂട്ടിചേർത്ത പാപ്പാ ഒരു മനുഷ്യൻ സമൂഹത്തിന് ചെയ്യുന്ന സംഭാവനയിലൂടെ സ്വയം തിരിച്ചറിയുന്നതിനുള്ള മാർഗ്ഗമാകുന്നതിനുപകരം, അത് ലാഭത്തിനായുള്ള അതിശയോക്തി നിറഞ്ഞ ഓട്ടമായി മാറുന്നുവെന്നും വിശദീകരിച്ചു.
ലക്ഷ്യം വ്യക്തിയല്ല, ഉൽപാദനക്ഷമതയാകുമ്പോഴാണ് ദുരന്തങ്ങൾ ആരംഭിക്കുന്നത് എന്ന് ഓർമ്മിപ്പിച്ച പാപ്പാ അവരെ കാത്തിരിക്കുന്ന വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ ചുമതലകൾ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സമൂഹത്തിനു മുഴുവൻ ഇപ്പോഴും അടിസ്ഥാനപരമാണെന്നും പറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ്: അത് ദാരുണമായി അപ്രത്യക്ഷമാകുമ്പോൾ മാത്രമാണ് നാം അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്, അത് എല്ലായ്പ്പോഴും വളരെ വൈകിപ്പോകുന്നു! പാപ്പാ വിശദീകരിച്ചു.
നല്ല സമരിയാക്കാരന്റെ ഉപമയെ സൂചിപ്പിച്ച് കൊണ്ട് പുരോഹിതനും ലേവ്യനും ഭ്രഷ്ട് ഒഴിവാക്കാൻ മുറിവേറ്റവന്റെടുത്ത് ചെല്ലാതെ നിസ്സംഗതയോടെ യാത്ര തുടർന്നുവെന്ന് പറഞ്ഞ പാപ്പാ തൊഴിലിൽ ലോകത്ത്, ചിലപ്പോൾ അങ്ങനെയാണ് സംഭവിക്കുന്നതെന്നും ഒന്നും സംഭവിക്കാത്തതുപോലെ നാം നമുന്നോട്ട് പോകുന്നതും കമ്പോളത്തിന്റെ വിഗ്രഹാരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്നതു കൊണ്ടാണെന്ന് പാപ്പാ സൂചിപ്പിച്ചു. എന്നാൽ ജോലിസ്ഥലത്തെ അപകടങ്ങളുമായി നമുക്ക് പൊരുത്തപ്പെടാനും പരിക്കുകളോടുള്ള നിസ്സംഗതയ്ക്ക് സ്വയം കീഴടങ്ങാനും കഴിയില്ലയെന്നും വ്യക്തമാക്കി.
മനുഷ്യ ജീവന്റെ നഷ്ടം നമുക്ക് അംഗീകരിക്കാനാവില്ല. മരണങ്ങളും പരിക്കുകളും ഒരു ദാരുണമായ സാമൂഹിക ദാരിദ്ര്യമാണ്, ഇത് ഉൾപ്പെട്ട കമ്പനികളെയോ കുടുംബങ്ങളെയോ മാത്രമല്ല എല്ലാവരേയും ബാധിക്കുന്നു. നമ്മുടെ പൊതു മാനവികതയുടെ പേരിൽ കരുതലിന്റെ കല പഠിക്കാനും പുനരവലോകനം ചെയ്യാനും നാം തളരരുത്. വാസ്തവത്തിൽ, സുരക്ഷിതത്വം ഉറപ്പുനൽകുന്നത് നല്ല നിയമനിർമ്മാണത്തിലൂടെ മാത്രമല്ല, അത് നടപ്പിലാക്കുന്നതിലും, ജോലിസ്ഥലത്ത് സഹോദരീസഹോദരന്മാരായി ജീവിക്കാനുള്ള കഴിവിലുമാണെന്ന് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി.
ജീവനെ ഒരു കാരണവശാലും വ്യാപാരം ചെയ്യരുത്
ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെങ്കിൽ, അതിന്റെ ദുർബലതകൾ പരിപാലിക്കുന്നതിലൂടെ നാം ദൈവത്തിന് മഹത്വം നൽകുന്നു എന്നാണ് ഇതിനർത്ഥം. അതുകൊണ്ട് , മനുഷ്യവർഗം ഒരു "ആരാധനാലയം" ആണ് , സ്രഷ്ടാവിന്റെ വേലയിൽ നാം സഹകരിക്കുന്ന മനോഭാവമാണ് പരിചരണം. പാപ്പാ അടിവരയിട്ടു.
ജോലിസ്ഥലത്തെ സുരക്ഷ വ്യക്തിയെ പരിപാലിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. മാത്രമല്ല, ഒരു തൊഴിലുടമയെ സംബന്ധിച്ചിടത്തോളം, അത് പ്രാഥമിക കടമയും നന്മയുടെ ആദ്യ രൂപവുമാണ്. എന്നിരുന്നാലും, വിപരീത ദിശയിലേക്ക് പോകുന്ന വ്യാപകമായ സമ്പ്രദായങ്ങളുണ്ട്, ഇതിനെ ഒറ്റവാക്കിൽ "കെയർവാഷിംഗ്" എന്ന് വിളിക്കാം. തൊഴിലാളികളോടുള്ള ഉത്തരവാദിത്തം പരമപ്രധാനമാണ്: ജീവനെ ഒരു കാരണവശാലും വ്യാപാരം ചെയ്യരുത്, പ്രത്യേകിച്ചും അത് ദരിദ്രവും അപകടകരവും ദുർബലവുമാണെങ്കിൽ ഒരിക്കലും ചെയ്യരുതെന്ന് പാപ്പാ നിർദ്ദേശിച്ചു. നമ്മൾ മനുഷ്യരാണ്, യന്ത്രങ്ങളല്ല, അതുല്യരായ വ്യക്തികളാണ്, സ്പെയർ പാർട്സുകളല്ല. പാപ്പാ ശക്തമായ ഭാഷയിൽ പറഞ്ഞു.
സമൂഹത്തെ സാംസ്കാരികമായി പുരോഗമിക്കാൻ സഹായിക്കാൻ, സാമ്പത്തിക താൽപ്പര്യങ്ങൾക്ക് മുന്നിലാണ് മനുഷ്യൻ വരുന്നതെന്നും ഓരോ വ്യക്തിയും സമൂഹത്തിന് ഒരു സമ്മാനമാണെന്നും ഒരാളെ വികൃതമാക്കുന്നത് അല്ലെങ്കിൽ അസാധുവാക്കുന്നത് മുഴുവൻ സാമൂഹിക ഘടനയെയും മുറിവേൽപ്പിക്കുന്നുവെന്നും മനസ്സിലാക്കാൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. എല്ലാ തൊഴിലാളികളുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ സംരക്ഷണത്തിൽ അവരെ ഭരമേൽപ്പിച്ച പാപ്പാ ദൈവം അവരെ അനുഗ്രഹിക്കുകയും, പരിശുദ്ധ കന്യാമറിയം അവർക്ക് കാവലായിരിക്കുകയും ചെയ്യട്ടെ എന്നാശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അപേക്ഷയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: