തിരയുക

പോളണ്ടിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയ ഉൽമാ കുടുംബത്തിലെ ഒമ്പത് പേർ. പോളണ്ടിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയ ഉൽമാ കുടുംബത്തിലെ ഒമ്പത് പേർ.   (ANSA)

പാപ്പാ : ആയുധത്തിന്റെ ശക്തിയെ സ്നേഹം കൊണ്ടും നേരിട്ട ഉൽമാ കുടുംബം

പോളണ്ടിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയ ഉൽമാ കുടുംബത്തിലെ ഒമ്പത് പേരെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ രണ്ടാം ലോകമഹായുദ്ധത്തിൽ യഹൂദരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിച്ച അവരുടെ വീരഭാവത്തെ പ്രശംസിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഉൽമാ കുടുംബം വധിക്കപ്പെട്ട മർക്കോവയിൽ ഞായറാഴ്ചയാണ് കുടുംബത്തിലെ ഒമ്പത് പേരെയും ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. യഹൂദരെ സംരക്ഷിച്ചതിന് നാസി പടയാളികളാൽ വധിക്കപ്പെടുകയായിരുന്നു ഉൽമാ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും. ഈ കുടുംബത്തിന്റെ പ്രവൃത്തികൾ ക്രൈസ്തവ ജീവിത്തിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃകയാണെന്ന് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം നടത്തിയ പ്രഭാഷണത്തിൽ അറിയിച്ചു. ഇന്നത്തെ കാലത്തെ വെറുപ്പിനും അക്രമത്തിനും മറുപടിയായി  സുവിശേഷ സ്നേഹം പുണർന്ന ഉൽമാ കുടുംബം മറ്റുള്ളവർക്ക് നന്മ ചെയ്യാനും പാവപ്പെട്ടവർക്ക് സഹായം ചെയ്യാനുമുള്ള ഒരു മാതൃകയാണ് എന്ന് പാപ്പാ വിശദീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുളിലെ പ്രകാശകിരണമാണ് ആ കുടുംബമെന്ന് കൂട്ടിച്ചേർത്ത പാപ്പാ ആയുധത്തിന്റെ ശക്തിയെ സ്നേഹം കൊണ്ടും അക്രമ വാചാടോപത്തെ (rhetoric) ശക്തമായ പ്രാർത്ഥന കൊണ്ടും നേരിടാനും  ഉൽമാ കുടുംബത്തിന്റെ മാതൃക അനുകരിക്കാനും എല്ലാ ക്രൈസ്തവരേയും ആഹ്വാനം ചെയ്തു.

വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർചെല്ലോ സൊമരാറൊയാണ് മർക്കോവയിൽ നടന്ന നാമകരണ നടപടിയുടെ ദിവ്യബലിയിൽ മുഖ്യകാർമ്മികനായിരുന്നത്. ഏഴ് കർദ്ദിനാൾമാരും ആയിരം വൈദീകരും ഒരുമിച്ചർപ്പിച്ച സമൂഹബലിയിൽ 32000 വിശ്വാസികളും സന്നിഹിതരായിരുന്നു. യോസേഫും വിക്റ്റോറിയ ഉൽമയും അവരുടെ മക്കളായ സ്റ്റാനിസ്ലാവ, ബാർബര, വ്ളാഡിസ്ലാവ്, ഫ്രാൻസിസെക്, അന്തോണി, മരിയ എന്നിവരും ഗർഭിണിയായിരുന്ന വിക്റ്റോറിയയുടെ രക്തസാക്ഷിത്വത്തിന്റെ നേരത്ത് പിറന്ന പേരിടാത്ത കുഞ്ഞുമാണ് വാഴ്ത്തപ്പെട്ടവരായി ഉയർത്തപ്പെട്ട കുടുംബാംഗങ്ങൾ. ഉൽമായുടെ ഭവനം തഴയപ്പെട്ടവരെയും ശപിക്കപ്പെട്ടവരെയും മരണം വിധിക്കപ്പെട്ടവരെയും സ്വാഗതം ചെയ്തു സംരക്ഷിക്കുന്ന ഒരു സത്രമായി മാറി എന്ന് കർദ്ദിനാൾ സുവിശേഷ പ്രഘോഷണത്തിൽ പറഞ്ഞു.

പുതിയ വാഴ്ത്തപ്പെട്ട പേരില്ലാത്ത കുഞ്ഞിന്റെ ക്രൈസ്തവ സാക്ഷ്യത്തെക്കുറിച്ച് സംസാരിക്കവെ "അരക്ഷിതരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായവരെ, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ സ്വാഗതം ചെയ്യാനും, സ്നേഹിക്കാനും ജീവൻ സംരക്ഷിക്കാനുമാണ് ഒരൊറ്റ വാക്കു പോലും ഉച്ചരിക്കാത്ത ആ കുഞ്ഞ് ഇന്നത്തെ ആധുനിക ലോകത്തോടു വിളിച്ചു പറയുന്നത്," കർദ്ദിനാൾ സെമെരാറോ ഓർമ്മിപ്പിച്ചു.

ഗർഭഛിദ്രവും, ദയാവധവും, ജീവനെ അവഹേളിച്ച് അതിനെ ഒരു സമ്മാനമായല്ല മറിച്ച് ഭാരമായി കാണുന്ന ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്ന നിഷ്കളങ്കമായ സ്വരമാണ് ആ കുഞ്ഞിന്റെതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പാ അപലപിക്കുന്ന വലിച്ചെറിയൽ സംസ്ക്കാരത്തോടു പ്രതികരിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുകയാണ് ഉൽമാ കുടുംബം എന്നും കർദ്ദിനാൾ സെമെരാറോ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2023, 13:58